ദില്ലി: അമേരിക്കൻ വൈസ് പ്രസിഡൻറ് ജെഡി വാൻസ് മൂന്നു ദിവസത്തെ സന്ദർശനത്തിനായി ദില്ലിയിലെത്തി. ഇന്ന് രാവിലെ പത്തു മണിക്ക് ദില്ലിയിലെത്തിയ ജെഡി വാൻസിനെ സ്വീകരിച്ചു. ദില്ലി വിമാനത്താവളത്തിൽ വെച്ച് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവിന്‍റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. നൃത്തവും പരേഡും അടക്കം വിമാനത്തവാളത്തിൽ ഗംഭീര സ്വീകരണമാണ് നൽകിയത്.

വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ വംശജയായ ഭാര്യ ഉഷ വാൻ സ് മക്കളായ ഇവാൻ, വിവേക്, മിരാബൽ എന്നിവർക്കൊപ്പം എത്തിയ വാൻസിന് പ്രധാനമന്ത്രി അത്താഴ വിരുന്നും നൽകും. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിലെ വ്യാപാര കരാർ പ്രധാന ചർച്ചയാകാനാണ് സാധ്യത. അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ തീരുവ യുദ്ധത്തിനിടെയാണ് വൈസ് പ്രസിഡന്‍റിന്‍റെ നിര്‍ണായക സന്ദര്‍ശനം.
കരാറിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ധനമന്ത്രി നിർമ്മലാ സീതാരാമൻ അമേരിക്കയിലുണ്ട്. മന്ത്രി പിയൂഷ് ഗോയലും ഈയാഴ്ച യുഎസിലേക്ക് പോകും. രണ്ടു രാജ്യങ്ങൾക്കും സ്വീകാര്യമായ നിലപാട് വേണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെടും. ദില്ലിയിലെ അക്ഷർധാം ക്ഷേത്രവും ജെഡി വാൻസ് സന്ദർശിക്കും. ജയ്പൂ രും, ആഗ്രയും സന്ദർശിച്ചശേഷമാകും ജെഡി വാൻസ് മടങ്ങുക. ജയ്പൂരിൽ രാജസ്ഥാൻ അന്തരാഷ്ട്ര കേന്ദ്രം സംഘടിപ്പിക്കുന്ന പരിപാടിയിൽ ജെഡി വാൻസ് സംസാരിക്കും. ജെഡി വാൻസിന്‍റെ സന്ദർശന വേളയിൽ രാജ്യവ്യാപക പ്രതിഷേധത്തിന് കിസാൻ സഭ ആഹ്വാനം നല്കിയിട്ടുണ്ട്.