ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് യുഎസിന്‍റെ മുന്നറിയിപ്പ്, തീരുവ കനക്കും ഏപ്രില്‍ 2ഓര്‍ത്തു വെച്ചോളു എന്ന് ട്രംപ്


ന്യൂയോർക്ക്: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ അമേരിക്ക അടുത്ത മാസം രണ്ടുമുതൽ പരസ്പര തീരുവ ചുമത്തുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കടുത്ത നടപടികൾ എടുത്തത് കൊണ്ട് അനധികൃത കുടിയേറ്റം തടയാനായെന്നും ട്രംപ് അവകാശപ്പെട്ടു. ചൈനയും ഇന്ത്യയുമടക്കമുള്ള രാജ്യങ്ങള്‍ അമേരിക്കയ്ക്ക് മേല്‍ കൂടുതല്‍ തീരുവ ചുമത്തുന്നുവെന്ന ആരോപണവുമായാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയത്.

വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യവേയായിരുന്നു ട്രംപിന്‍റെ ആരോപണവും പ്രഖ്യാപനവും. കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങള്‍ക്കെതിരെ ചുമത്തിയ തീരുവ അമേരിക്കയ്ക്ക് ഏറെ ഗുണം ചെയ്യുമെന്ന് പറഞ്ഞ ട്രംപ്, ഏപ്രില്‍ രണ്ട് മുതല്‍ മറ്റ് രാജ്യങ്ങള്‍ക്കെതിരെ പരസ്പര തീരുവ നടപടികള്‍ കൊണ്ടുവരുമെന്നും വ്യക്തമാക്കി.

യുദ്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കില്‍ അവസാനം വരെ പോരാടാന്‍ തങ്ങള്‍ തയ്യാറാണെന്നായിരുന്നു ചൈനയുടെ പ്രതികരണം. അമേരിക്കയുടെയും ട്രംപിന്‍റെയും വിരട്ടലും ഭീഷണിയും വിലപ്പോവില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു. സമ്മര്‍ദമോ ബലപ്രയോഗമോ ഭീഷണിയോ ചൈനയെ നേരിടാനുള്ള ശരിയായ മാര്‍ഗമല്ല. ചൈനയ്ക്ക് മേല്‍ പരമാവധി സമ്മര്‍ദം ചെലുത്തുന്നവര്‍ ആരായാലും അവരുടേത് തെറ്റായ കണക്കുകൂട്ടലാണ്. യുദ്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കില്‍, അത് തീരുവ യുദ്ധമോ, വ്യാപാര യുദ്ധമോ മറ്റെന്തുമാകട്ടെ അവസാനം വരെ പോരാടാന്‍ തങ്ങള്‍ തയ്യാറാണെന്നും ചൈന മുന്നറിയിപ്പ് നല്‍കി.

അമേരിക്കയില്‍ വലിയ പ്രശ്നമായി മാറിയിരിക്കുന്ന ഫെന്‍റനൈല്‍ എന്ന മരുന്നിന്‍റെ ഉത്പാദനത്തിനായി മെക്സിക്കന്‍ കാര്‍ട്ടലുകള്‍ ചൈനീസ് കമ്പനികളില്‍ നിന്ന് രാസവസ്തുക്കള്‍ വാങ്ങുന്നുണ്ടെന്ന ആരോപണവും അമേരിക്ക ഉയര്‍ത്തിയിരുന്നു. ഈ പ്രശ്നം പരിഹരിക്കാന്‍ അമേരിക്ക ശരിക്കും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പരസ്പരം തുല്യരായി പരിഗണിച്ച് കൂടിയാലോചിക്കണമെന്നാണ് ചൈനയുടെ മറുപടി. തീരുവ യുദ്ധത്തില്‍ അമേരിക്കയോട് ഏറ്റുമുട്ടാനുറച്ചാണ് ചൈന മുന്നോട്ടുനീങ്ങുന്നത്. മാര്‍ച്ച് 10 മുതല്‍ കോഴിയിറച്ചി, ചോളം, പരുത്തി എന്നിവയുള്‍പ്പെടെ അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതിക്ക് 10 മുതല്‍ 15 ശതമാനം വരെ തീരുവ ചൈന പ്രഖ്യാപിച്ചിരുന്നു.


Read Previous

വജ്ര കമ്മലുകൾ വിഴുങ്ങി 32കാരൻ, തൊണ്ടിമുതൽ തിരിച്ചെടുക്കാനാവാതെ പൊലീസ്,കമ്മലുകള്‍ കോടികള്‍ വിലമതിക്കുന്നത്

Read Next

പാളത്തിൽ ഇരുമ്പ് തൂൺ കയറ്റിവച്ചു, ചരക്ക് ട്രെയിൻ തട്ടിത്തെറിപ്പിച്ചു തൃശ്ശൂർ റെയിൽവെ സ്റ്റേഷനടുത്ത് പാളത്തിൽ ഇരുമ്പ് തൂൺ കയറ്റിവച്ച് അട്ടിമറിക്ക് ശ്രമം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »