വന്ദേഭാരത് ടിക്കറ്റ് നിരക്ക് കുറയാന്‍ സാധ്യത; കേരളത്തിന്‌ പ്രതീക്ഷ വേണ്ട


തിരുവനന്തപുരം: വന്ദേഭാരത് ടിക്കറ്റ് നിരക്ക് കുറയാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട് വരുമ്പോള്‍ പക്ഷേ കേരളത്തിലെ യാത്രക്കാര്‍ക്ക് ആശ്വസിക്കാനുള്ള വകയില്ലെന്നാണ് സൂചന. യാത്രക്കാരുടെ എണ്ണം കുറവുള്ള പാതകളില്‍ സര്‍വ്വീസുകളെ കൂടുതല്‍ ജനകീയമാക്കാനുള്ള നീക്കത്തിലാണ് നിരക്ക് കുറയ്ക്കുന്നതിനുള്ള നീക്കം നടക്കുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്ത് തന്നെയുള്ള കേരളത്തിലെ വന്ദേഭാരത് സര്‍വ്വീസുകള്‍ക്ക് ഈ നിരക്കിളവ് ബാധകമായേക്കില്ല. 

കഴിഞ്ഞ ദിവസം റെയില്‍വേ പുറത്ത് വിട്ട കണക്കുകളുടെ അടിസ്ഥാനത്തില്‍ വന്ദേ ഭാരത് ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് കേരളമാണ് ഒന്നാമത് ഉള്ളത്. രാജ്യത്ത് ആകമാനം 23 ജോടി വന്ദേഭാരത് ട്രെയിനുകളാണ് സര്‍വ്വീസ് നടത്തുന്നത്. ഇവയില്‍ കാസര്‍ഗോഡ് തിരുവനന്തപുരം വന്ദേഭാരതിന്‍റെ  ഒക്യുപെന്‍സി 183 ശതമാനമാണ്. തിരുവനന്തപുരം കാസര്‍ഗോഡേയ്ക്കുള്ള വന്ദേഭാരതിലെ ശരാശരി ഒക്യുപെന്‍സി 176 ശതമാനവുമാണ്. നിരക്കിളവിന് സാധ്യതയുള്ള പാതകളിലെ ഒക്യുപെന്‍സി നിരക്ക് 55 മുതല്‍ താഴേയ്ക്കാണ്. തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡേയ്ക്കുള്ള യാത്രയില്‍ ചെയര്‍ കാറിന് 1590 രൂപയും എക്സിക്യുട്ടീവ് ക്ലാസ് യാത്രയ്ക്ക് 2880 രൂപയുമാണ് റെയില്‍വേ ഈടാക്കുന്നത്. 

യാത്രക്കാരുടെ എണ്ണത്തില്‍ തൊട്ട് പിന്നാലെയുള്ള ഗാന്ധി നഗര്‍ മുംബൈ വന്ദേഭാരതിന്റെ ഒക്യുപെന്സി 134 ശതമാനം മാത്രമാണ്. ഇടയ്ക്കുള്ള ദൂരങ്ങളില്‍ ഇറങ്ങുന്നതടക്കമുള്ള യാത്രക്കാരുടെ മൊത്തം കണക്കിനെ അടിസ്ഥാനമാക്കിയാണ് ഒക്യുപെന്‍സി വിലയിരുത്തുന്നത്. ദില്ലി വാരണാസി പാതയിലാണ് രാജ്യത്തെ ആദ്യ വന്ദേ ഭാരത് ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചത്. 2019 ഫെബ്രുവരി 15നായിരുന്നു ഇത്. ഇതിനോടകം 46 വന്ദേഭാരത് എക്സ്പ്രസ് സര്‍വ്വീസുകളാണ് രാജ്യത്തുള്ളത്. പരമാവധി വേഗമായി വന്ദേഭാരതിന് നിശ്ചയിച്ചിട്ടുള്ളത് മണിക്കൂറില്‍ 160 കിലോമീറ്ററാണ്. തൊട്ട് പിന്നാലെ ഒക്യുപെന്‍സിയിലുള്ള സര്‍വ്വീസുകളുമായി 50 ശതമാനത്തിലേറെ അന്തരമാണ് കേരളത്തിലെ വന്ദേഭാരതിനുള്ളത്.

മറ്റ് പാതകളിലെ ഒക്യുപെന്‍സി കണക്കുകള്‍ ഇപ്രകാരമാണ്

മുംബൈ സെന്‍ട്രല്‍ ഗാന്ധിനഗര്‍  – 129
വാരണാസി ന്യൂദില്ലി-  128
ന്യൂദില്ലി വാരണാസി- 124
ഡെറാഡൂണ്‍ അമൃത്സര്‍- 105
മുംബൈ ഷോളപൂര്‍ -111
ഷോളപൂര്‍- മുംബൈ – 104
ഹൌറ ജല്‍പൈഗുരി -108
ജല്‍പൈഗുരി ഹൌറ – 103
പാട്ന റാഞ്ചി – 125
റാഞ്ചി പാട്ന -127
അജ്മീര്‍ ദില്ലി – 60
ദില്ലി അജ്മീര്‍ -83

ഏപ്രില്‍ 1, 2022 മുതല്‍ ജൂണ്‍ 21, 2023 വരെ 2140 ട്രിപ്പുകളാണ് വന്ദേഭാരത് നടത്തിയത്. 2520370 യാത്രക്കാരാണ് വന്ദേഭാരതില്‍ സഞ്ചരിച്ചതെന്നാണ് ലഭ്യമായ കണക്കുകള്‍ വിശദമാക്കുന്നത്. നീണ്ട ചര്‍ച്ചകള്‍ക്കും പ്രതീക്ഷകള്‍ക്കും ആവേശത്തിനും നടുവിലൂടെയാണ് കേരളത്തിലേക്ക് വന്ദേഭാരത് എക്‌സ്പ്രസ് എത്തിയത്. 23 വന്ദേ ഭാരത് ട്രെയിനുകളുള്ള രാജ്യത്തെ മികച്ച പ്രകടനം കാഴ്ച വെച്ച ട്രെയിന്‍ എന്ന ബഹുമതിയാണ് കാസര്‍ഗോഡ്-തിരുവനന്തപുരം എക്‌സ്പ്രസ്സ് സ്വന്തമാക്കിയിട്ടുള്ളത്. 


Read Previous

സ്വത്ത് വിവരം സമർപ്പിയ്ക്കാത്തവര്‍ക്ക് പ്രമോഷനും സ്ഥലംമാറ്റവുമില്ല; ജീവനക്കാർക്ക് സർക്കാരിന്‍റെ മുന്നറിയിപ്പ്

Read Next

പകർച്ചപ്പനി; അഞ്ചു ദിവസത്തിനിടെ സംസ്ഥാനത്തെ പനി ബാധിതർ 50000 കടന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »