
ന്യൂഡൽഹി: ബി.ജെ.പി. സ്ഥാനാർത്ഥിക്ക് അനുകൂലമായി ഒന്നിലധികം വോട്ടുകൾ രേഖപ്പെടുത്തുന്ന വോട്ടറുടെ സെൽഫി വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ സംഭവത്തിൽ നടപടി. ഉത്തർപ്രദേശിൽ ഒരു വോട്ടറെ അറസ്റ്റ് ചെയ്തു. ഖിരൻ പംരാൻ ഗ്രാമത്തിലെ രജൻസിങ്ങാണ് പിടിയിലായത്.
ബന്ധപ്പെട്ട പോളിങ് സ്റ്റേഷനിൽ റീപോളിങ് നടത്താൻ ഉത്തർപ്രദേശ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നവദീപ് റിൻവ തിരഞ്ഞെടുപ്പ് കമ്മിഷനോട് ശുപാർശ ചെയ്തു. പോളിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനും അച്ചടക്ക നടപടികൾ സ്വീകരിക്കാനും നിർദേശം നൽകിയതായും റിൻവ വ്യക്തമാക്കി.
ഫറൂഖാബാദ് ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർഥി രജ്പുത്തിന് വോട്ടുചെയ്യുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും സമാജ്‌വാദി പാർട്ടിയും രംഗത്തെത്തിയിരുന്നു. കോൺഗ്രസും എസ്.പി. അധ്യക്ഷൻ അഖിലേഷ് യാദവും വീഡിയോ ‘എക്സി’ൽ പങ്കുവെച്ചിരുന്നു.
സർക്കാർ സംവിധാനത്തിൽ സമ്മർദം ചെലുത്തി ജനാധിപത്യം കൊള്ളയടിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. അധികാരത്തിൻ്റെ സമ്മർദത്തിന് വഴങ്ങി തിരഞ്ഞെടുപ്പ് ചുമതല നിർവഹിക്കുന്ന ഉദ്യോഗസ്ഥർ ഭരണഘടനാപരമായ ഉത്തരവാദിത്വം മറക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.