
ദുബായ്: ‘ദുബായിലെ യഥാർഥ മനുഷ്യരെ’ സന്ദർശിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എമിറാത്തി കവിയും വ്യവസായിയുമായ ഹമദ് ബിൻ സൂഖത്തിനെയും എമിറാത്തി വ്യവസായി ജുമാ അൽ മാജിദിനെയുമാണ് സന്ദർശിച്ചത്.
ഇരുവരെയും ‘ദുബായിലെ യഥാർഥ മനുഷ്യർ’ എന്നു വിശേഷിപ്പിച്ച്, സമൂഹത്തിലെ മാതൃകാ വ്യക്തികളാണെന്ന് ഷെയ്ഖ് മുഹമ്മദ് പ്രശംസിച്ചു. രണ്ടുപേരുടെയും ബഹുമാനവും അന്തസ്സും കാലത്തിനനുസരിച്ച് വർധിച്ചിട്ടേയുള്ളുവെന്ന് അദ്ദേഹം പിന്നീട് ട്വീറ്റ് ചെയ്തു.
സമൂഹത്തിൽ നിന്നും അവർക്ക് ലഭിയ്ക്കുന്ന സ്നേഹവും ബഹുമാനവും പ്രായമാകുന്തോറും കൂടുതൽ ശക്തമാകുമെന്നും അഭിപ്രായപ്പെട്ടു. രണ്ട് പേരുടെയും, യുഎഇയിലെ ജനങ്ങളുടെയും സംരക്ഷണത്തിനായി പ്രാർഥിച്ചുകൊണ്ടാണ് ഷെയ്ഖ് മുഹമ്മദ് തന്‍റെ ട്വീറ്റ് അവസാനിപ്പിച്ചത്.