
മോസ്‌കോ: ഉക്രെയ്‌നിനെതിരായ റഷ്യന്‍ ആക്രമണം ഇന്ന് 1000 ദിവസം തികയുമ്പോള്‍ ലോകത്തെ ഭീതിയുടെ മുള്‍മുനയിലാക്കുന്ന വിനാശകരമായ ഒരു ഉത്തരവില്‍ കൈയ്യൊപ്പ് ചാര്‍ത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍.
പാശ്ചാത്യ രാജ്യങ്ങള്‍ക്കും ഉക്രെയ്‌നുമെതിരെ ആവശ്യമുള്ളപ്പോള്‍ ആണവായുധങ്ങള്‍ ഉപയോഗിക്കാമെന്ന ഉത്തരവിലാണ് പുടിന്‍ ഇന്ന് ഒപ്പിട്ടത്. റഷ്യയ്ക്കുള്ളിലെ സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കുന്നതിന് അമേരിക്ക ഉക്രെയ്ന് അനുമതി നല്‍കിയതിന് പിന്നാലെയാണ് പുടിന്റെ അതി ഗുരുതരമായ നീക്കം.
ആണവ ശക്തികളുടെ പിന്തുണയുണ്ടെങ്കില്‍ ആണവ ഇതര രാഷ്ട്രത്തിനെതിരെയും ആണവായുധം പ്രയോഗിക്കുന്നത് റഷ്യ പരിഗണിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
ആണവ രാഷ്ട്രത്തിന്റെ പങ്കാളിത്തത്തോടെ ഒരു ആണവ ഇതര രാഷ്ട്രം നടത്തുന്ന ആക്രമണം സംയുക്ത ആക്രമണമായി കണക്കാക്കപ്പെടുമെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
റഷ്യ ആണവായുധങ്ങളെ പ്രതിരോധ മാര്‍ഗമായാണ് കാണുന്നത്. പ്രതികരിക്കാന്‍ റഷ്യ നിര്‍ബന്ധിതരായാല്‍ തോന്നിയാല്‍ ആണവായുധം പ്രയോഗിക്കുമെന്നും ദിമിത്രി പെസ്‌കോവ് പറഞ്ഞു. ഉക്രെയ്നെയും അവരെ പിന്തുണയ്ക്കുന്ന പാശ്ചാത്യ രാജ്യങ്ങളെയും ലക്ഷ്യമിട്ടാണ് റഷ്യയുടെ പുതിയ നീക്കം.
ഉക്രെയ്‌നിനെതിരെ ഏതാണ്ട് മൂന്ന് വര്‍ഷം നീണ്ട യുദ്ധത്തിനിടെ പുടിന്‍ പല തവണ ആണവ ഭീഷണി മുഴക്കിയിരുന്നു. പരമ്പരാഗത ആയുധങ്ങള്‍ ഉപയോഗിച്ചാണെങ്കിലും വലിയ വ്യോമാക്രമണമുണ്ടായാല്‍ ആണവ ആക്രമണത്തിന് റഷ്യ തയാറാകുമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.