റിയാദ്: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഊഷ്മള സുഹൃദ്ബന്ധം സുഡാനിൽനിന്ന് ഇന്ത്യക്കാരെ വേഗത്തിൽ ഒഴിപ്പിക്കാൻ അവസരമൊരുക്കിയെന്ന് ഇന്ത്യൻ വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ അഭിപ്രായപ്പെട്ടു. 2500 ഓളം ഇന്ത്യക്കാരെ ഇതിനകം സുഡാനിൽനിന്ന് സൗദി അറേബ്യ വഴി ഒഴിപ്പിക്കാനായി.

അഞ്ച് വിമാനങ്ങളിലായി അവരെല്ലാം ഇന്ത്യയിലേക്ക് പോയി. ഇന്ത്യക്കാരെ സുരക്ഷി തമായി എത്തിക്കാൻ സൗദി ഭരണ നേതൃത്വം എല്ലാ സഹായ സഹകരണങ്ങളും നൽകിയെന്നും അതിന് അവരോട് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. റിയാദ് ഇന്ത്യൻ എംബസിയിൽ ഇന്ത്യൻ പ്രവാസി സമൂഹത്തോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ജിദ്ദയിലെത്തിയ സുഡാനിൽനിന്നുള്ള ഇന്ത്യക്കാർക്ക് സന്നദ്ധ പ്രവർത്തികരും എംബ സിയിലെയും കോൺസുലേറ്റിലെയും ഉദ്യോഗസ്ഥരും ആവശ്യമായ സൗകര്യങ്ങളൊ രുക്കി. അവരുടെ സേവനം പ്രശംസനീയമാണ്, അവരെ അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു.

ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം സുദൃഢമാകുന്നതിൽ അനുകൂല സാഹചര്യം ഒരുക്കുന്നതിന് ഇവിടെയുള്ള ഇന്ത്യൻ പ്രവാസികളുടെ പങ്ക് വലുതാണ്. 22 ലക്ഷം ഇന്ത്യക്കാരാണ് ഇപ്പോൾ സൗദിയിലുളളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ വലിയ മനുഷ്യ പാലം സൗദി അറേബ്യയുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക മേഖലക്ക് വലിയ സംഭാവനകൾ നൽകിവരുന്നു. ഇന്ത്യൻ പ്രവാസികൾക്ക് എല്ലാവിധ പിന്തുണയും സംരക്ഷണവും നൽകുന്ന സൗദി ഭരണകൂടത്തിന് നന്ദി പറയുന്നു.

നരേന്ദ്ര മോഡിയുടെ ഭരണത്തിൽ ഇന്ത്യ സാമൂഹികമായും സാമ്പത്തികമായും മാറി ക്കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര ബന്ധങ്ങളിൽ അഭൂതപൂർവമായ വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. കോവിഡ് മഹാമാരിയും റഷ്യ-ഉക്രൈൻ യുദ്ധവുമടക്കമുള്ള പ്രതിസന്ധികളുണ്ടായിട്ടും ഇന്ത്യക്ക് ആറു ശതമാനം സാമ്പത്തിക വളർച്ചയുണ്ടായി. ഇത് വലിയ വളർച്ചയാണ്. അന്താരാഷ്ട്ര തലത്തിൽ സാമ്പത്തിക വളർച്ചയിൽ അഞ്ചാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ.
റെയിൽവേ, വിമാനത്താവളം, റോഡുകൾ അടക്കം അടിസ്ഥാന സൗകര്യ വികസന മാണ് ഇന്ത്യയെ വളർച്ചയിലേക്ക് നയിച്ചത്. ലോകാടിസ്ഥാനത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് നൽകുന്നത് ഇന്ത്യയാണ്. കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ 25 ലക്ഷം പേർക്ക് ഇന്റർനെറ്റ് ബ്രോഡ് ബാന്റ് കണക്ഷൻ ലഭിച്ചു. സാങ്കേതിക വിദ്യയിലും ഡിജിറ്റൽ മേഖലയിലും ഇന്ത്യ പുരോഗതി നേടി. ലോകത്ത് നടക്കുന്ന ഡിജിറ്റൽ ഇടപാടിന്റെ 41 ശതമാനം നടക്കുന്നതും ഇന്ത്യയിലാണ്. ആറു ബില്യൺ ഡിജിറ്റൽ ഇടപാടുകളാണ് ഒരു മാസം നടക്കുന്നത്.

ഇന്ത്യയാണ് ഈ വർഷത്തെ ജി20 ക്ക് നേതൃത്വം നൽകുന്നത്. സാധാരണ ജി20 നടക്കാറു ളളത് പ്രധാന നഗരത്തിലാണ്. എന്നാൽ ഇന്ത്യയിൽ ലഡാക്ക് മുതൽ തിരുവനന്തപുരം വരെയും അരുണാചൽ പ്രദേശ് മുതൽ കച്ച് വരെയുമുള്ള പ്രദേശങ്ങളിൽ നടക്കുന്നു. അഥവാ ഇന്ത്യയുടെ എല്ലാ ഭാഗവും ജി20 ക്ക് ആതിഥ്യമരുളുന്നു. ഓരോ പ്രദേശത്തെയും സാധാരണക്കാരാണ് അതിഥികളെ സ്വീകരിക്കുന്നത്. ഇത് പുതിയൊരു തുടക്കമാണ് -അദ്ദേഹം പറഞ്ഞു. ഇന്ത്യൻ അംബാസഡർ സുഹൈൽ അജാസ് ഖാൻ അധ്യക്ഷത വഹിച്ചു.
തിങ്കളാഴ്ചയാണ് ജിദ്ദയിൽനിന്ന് മന്ത്രി മുരളീധരൻ റിയാദിലെത്തിയത്. സൗദി വിദേശ കാര്യ സഹമന്ത്രിമാരായ വലീദ് അൽഖറൈജി, തൊഴിൽ സഹമന്ത്രിമാരായ ഡോ. അദ്നാൻ അൽനഈം, ഡോ. അഹമ്മദ് അൽസഹ്റാനി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. മസ്മക് കൊട്ടാരം, ചരിത്ര നഗരമായ ദർഇയ എന്നിവിടങ്ങളിൽ മന്ത്രി സന്ദർ ശനം നടത്തി. ബുധനാഴ്ച രാവിലെ ദമാമിലേക്ക് പോയി. വ്യാഴം, വെള്ളി ദിവസങ്ങളിൽ ബഹ്റൈൻ സന്ദർശിക്കുന്ന അദ്ദേഹം അവിടെനിന്ന് ന്യൂദൽഹിയിലേക്ക് മടങ്ങും.