റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനെ വധിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ച് യുക്രൈന്‍. ക്രെംലിനില്‍ ഡ്രോണ്‍ ആക്രമണം നടത്തിയിട്ടില്ലെന്നും റഷ്യ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്നും യുക്രൈന്‍ പ്രസിഡന്റിന്റെ വക്താവ് മിഖൈലോ പൊഡോലിയാക് പറഞ്ഞു. ‘ക്രെംലിനിലെ ഡ്രോണ്‍ ആക്രമണവുമായി യുക്രൈന് ബന്ധമില്ല. യുക്രൈനെതിരെ വലിയ ആക്രമണം നടത്താന്‍ റഷ്യ തന്നെ നടത്തിയ പദ്ധതിയാണിത്. ഒരു വര്‍ഷത്തോളമായി നടക്കുന്ന റഷ്യന്‍ അധിനിവേശ ത്തിന് വന്‍തിരിച്ചടി നല്‍കാന്‍ രാജ്യം തയാറാണ്.’- പൊഡോലിയാക് പറഞ്ഞു.

പ്രസിഡന്റിന്റെ കൊട്ടാരം ലക്ഷ്യമാക്കി വന്ന രണ്ട് യുക്രൈന്‍ ഡ്രോണുകള്‍ വെടി വെച്ചിട്ടെന്നാണ് റഷ്യ അവകാശപ്പെട്ടത്. ക്രെംലിനിലെ പുട്ടിന്റെ കൊട്ടാരത്തിന് പുറകില്‍നിന്ന് പുക ഉയരുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ക്രെംലിനെ ലക്ഷ്യമാക്കിയാണ് രണ്ട് ഡ്രോണുകളും എത്തിയതെന്ന് റഷ്യന്‍ സുരക്ഷാ അധികൃതര്‍ അറിയിച്ചു. പ്രസിഡന്റിനെ വധിക്കാനുള്ള ഭീകരാക്രമണമായിരുന്നു ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ ക്രെംലിനില്‍ യാതൊരു നാശനഷ്ടവുമുണ്ടായില്ലെന്നും പുട്ടിന്‍ സുരക്ഷിതനാണെന്നും അറിയിച്ചു. സംഭവത്തിന് പിന്നാലെ, അനുമതിയില്ലാതെ ഡ്രോണുകള്‍ പറത്തരുതെന്ന് മോസ്‌കോ മേയര്‍ ഉത്തരവിറക്കി.