
കോഴിക്കോട്: മകൻ ചെയ്ത തെറ്റിന് മാപ്പുചോദിക്കുന്നതായി പന്തീരാങ്കാവ് സ്ത്രീധന പീഡന കേസിലെ പ്രതി രാഹുലിന്‍റെ അമ്മ. ‘നമ്മളിൽനിന്ന് ഒരു തെറ്റ് വന്നു പോയി. ചെയ്തത് തെറ്റാണ്. എന്‍റെ മകൻ ചെയ്ത തെറ്റിന് ഞാൻ മാപ്പ് ചോദിയ്ക്കുന്നു. സ്ത്രീധനം നേരിട്ട് ആവശ്യപ്പെടാതെ, മകന്‍റെ നിലയനുസരിച്ച് നിങ്ങൾ തരുമല്ലോ എന്ന് ഞങ്ങൾ പറഞ്ഞെന്നാണ് പെൺകുട്ടിയുടെ പിതാവ് പറയുന്നത്. നിലനിൽപ്പിനുവേണ്ടി അവർ എന്തും പറയും’, രാഹുലിന്‍റെ അമ്മ പറഞ്ഞു.
രാഹുലിനെ രക്ഷപ്പെടാൻ പന്തീരാങ്കാവ് പോലീസ് സഹായിച്ചുവെന്ന ആരോപണവും രാഹുലിന്‍റെ അമ്മ നിഷേധിച്ചു. പോലീസുകാരെ ഒരിയ്ക്കലും കുറ്റം പറയില്ല. സാറുമാർ അറിഞ്ഞിട്ടുമല്ല പറഞ്ഞിട്ടുമല്ല രാഹുൽ പോയത്. രാഹുൽ ഇവിടെ തന്നെയുണ്ടെന്നും അവൻ ഇപ്പോൾ മുൻപിലേക്ക് വരുന്നില്ലായെന്നേ ഉള്ളൂവെന്നും അമ്മ വ്യക്തമാക്കി. പെൺകുട്ടിയുടെ ഫോൺ പരിശോധിയ്ക്കണമെന്നും ആരെയൊക്കെ വിളിച്ചു എന്നതടക്കമുള്ള കാര്യങ്ങൾ ഇതിലൂടെ അറിയാമെന്നും അവർ പറഞ്ഞു.
മേയ് അഞ്ചിനാണ് പറവൂർ സ്വദേശിയായ യുവതിയും കോഴിക്കോട് പന്തീരാങ്കാവ് വള്ളിക്കുന്ന് ‘സ്നേഹതീര’ത്തിൽ രാഹുൽ പി. ഗോപാലും (29) ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹിതരായത്. രാഹുൽ ജർമനിയിൽ എൻജിനീയറും യുവതി തിരുവനന്തപുരത്തെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയുമാണ്. വിവാഹാനന്തരച്ചടങ്ങായ അടുക്കള കാണലിന് ഞായറാഴ്ച യുവതിയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് യുവതിയുടെ മുഖത്തും കഴുത്തിലുമായി മര്‍ദനമേറ്റ പാടുകൾ കണ്ടത്. അന്വേഷിച്ചപ്പോഴാണ് പീഡനവിവരം യുവതി ബന്ധുക്കളോട് പറഞ്ഞത്. ഞായറാഴ്ച തന്നെ യുവതിയെ ബന്ധുക്കൾ പറവൂരിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.
സംഭവം വിവാദമായതോടെ രാഹുലിനെതിരേ കഴിഞ്ഞദിവസമാണ് വധശ്രമം അടക്കമുള്ള വകുപ്പുകള്‍കൂടി ചുമത്തിയത്. പെൺകുട്ടിയുടെ പരാതി സ്വീകരിക്കുന്നതിൽ വീഴ്ചവരുത്തിയ പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്യുകയും ചെയ്തു. പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ എ.എസ്. സരിനെതിരെയാണ് നടപടി. കേസിലെ അന്വേഷണച്ചുമതല ഫറോക്ക് എ.സി.പി.ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.