അടുത്തിടെയായി മലയോര ഗ്രാമങ്ങളിൽ നിന്നും കൃഷിയിടങ്ങളിൽ നിന്നുമൊക്കെ നിരവധി രാജവെമ്പാലകളെ പിടികൂടിയിരുന്നു. ഒറ്റക്കടിയിൽ ഒരു ആനയെ കൊല്ലാൻ പാകത്തിന് വീര്യമുള്ള വിഷമാണ് രാജവെമ്പാല പുറത്തുവിടുന്നതെന്നാണ് പറയപ്പെടുന്നത്. അതിനാൽത്തന്നെ ഇവ കാടിറങ്ങുന്നത് ജാഗ്രതയോടെ കാണേണ്ട കാര്യമാണ്. ഈ സാഹചര്യത്തിൽ രാജവെമ്പാലയുമായി ബന്ധപ്പെട്ട് അധികമാർക്കുമറിയാത്ത ചില കാര്യങ്ങൾ കേരള കൗമുദി ഓൺലൈനിനോട് വെളിപ്പെടുത്തിയിരിക്കുകയാണ് വാവ സുരേഷ്.

പിടികൂടിയത് 239 രാജവെമ്പാല
എന്റെ ജീവിതത്തിൽ ഞാൻ ഇതുവരെ 238 രാജവെമ്പാലകളെ പിടികൂടി. അതൊരു പാവം പാമ്പാ ണെന്നാണ് എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്. മനുഷ്യനെ അങ്ങോട്ട് ചെന്ന് അക്രമിക്കണമെന്ന സ്വഭാവമില്ലാത്തവയാണ്.
രാജവെമ്പാല കടിച്ചുകഴിഞ്ഞാൽ ഇവിടെ മരുന്ന് ഇല്ല. തായ്‌ലന്റിലൊക്കെയേ മരുന്ന് ഉള്ളൂ. കേരളത്തിൽ രാജവെമ്പാല കടിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. വനംവകുപ്പ് തുടങ്ങിയ ട്രെയിനിംഗ് എന്ന സംവിധാന ത്തിന് ശേഷം രണ്ടുപേർക്ക് കടി കിട്ടിയിട്ടുണ്ട്. അഞ്ചൽ റെയിഞ്ചിൽ ജോലി ചെയ്യുന്ന ഹേമന്ത് എന്ന യുവാവാണ് അതിലൊരാൾ. സഞ്ചിക്കുള്ളിൽ നിന്നാണ് പാമ്പ് കടിച്ചത്. നന്നായി വിഷം ശരീരത്തിൽ കയറാത്തതുകൊണ്ട് രക്ഷപ്പെട്ടു.
മൂന്നാല് മാസങ്ങൾക്ക് മുമ്പ് തിരുവനന്തപുരം ജില്ലയിലെ പാലോട് ജോലി ചെയ്യുന്ന ജയപ്രകാശ് എന്നയാ ൾക്ക് രാജവെമ്പാലയുടെ കടി കിട്ടി. അതും സഞ്ചിയിലൂടെയാണ് കിട്ടിയത്. പുള്ളി പത്ത് പതിനഞ്ച് ദിവസം കിടന്നു. സഞ്ചിയിലൂടെയായതിനാൽ മാത്രം രക്ഷപ്പെട്ടതാണ്.
കേരളത്തിൽ രാജവെമ്പാലയുടെ കടിയേറ്റ് മരണമുണ്ടായോ എന്ന് ചോദിച്ചാൽ യഥാർത്ഥത്തിൽ ഇല്ല. തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരൻ രാജവെമ്പാലയുടെ കടിയേറ്റാണ് മരിച്ചതെന്ന് എല്ലാ വരും പറയാറുണ്ട്. എന്നാൽ അത് യഥാർത്ഥത്തിൽ ആത്മഹത്യയായിരുന്നു. കാരണം മൃഗശാലയിൽ പന്ത്രണ്ടര മുതൽ രണ്ട് മണിവരെ ജീവനക്കാർക്ക് കൂട്ടിനകത്ത് കയറാൻ നിയമമില്ല. പന്ത്രണ്ടരയ്ക്കും ഒന്നരയ്ക്കുമിടയിലാണ് പുള്ളിയെ കടിച്ചത്. പിടിച്ചുവച്ച് കടിപ്പിച്ചതാണ്. അത് സ്വാഭാവികമായ കടിയല്ല.
കൂടുണ്ടാക്കുന്ന പാമ്പ്
കൂടുണ്ടാക്കി മുട്ടയിടുന്ന പാമ്പാണ് രാജവെമ്പാല. ഇപ്പോൾ കൂടുതൽ പാമ്പുകൾ കാടുവിട്ട് പുറത്തേക്ക് വരാൻ കാരണം ആവാസ വ്യവസ്ഥയ്ക്ക് വ്യത്യാസമുണ്ടായതുകൊണ്ടാണ്. വ്യക്തമായി പറഞ്ഞു കഴിഞ്ഞാൽ ഇതിന് ഭക്ഷണം കിട്ടുന്നില്ല. ട്രക്കിംഗും മറ്റുമായി ആളുകൾ കാട് കയറാൻ തുടങ്ങിയതോടെ ഇവയ്ക്ക് അവിടെ സ്വസ്ഥമായി ജീവിക്കാനാകുന്നില്ല.
പിടിക്കുന്ന പാമ്പുകളെ ഉൾക്കാട്ടിൽ വിടുന്നില്ലെന്നൊരു പരാതി കൂടി പൊതുജനങ്ങൾക്കുണ്ട്. വനാതിർ ത്തിയിൽ എവിടെയെങ്കിലും തുറന്നുവിട്ടിട്ട് വരുന്നു. തൃശൂർ ഉൾപ്പടെ പല ജില്ലകളിലും പിടികൂടി വിട്ട പാമ്പിനെ തന്നെ രണ്ടും മൂന്നും തവണ പിടികൂടുന്നതായി പല ആൾക്കാരും എന്നോട് പറഞ്ഞിട്ടുണ്ട്. അങ്ങനെയും പാമ്പുകൾ വരാം. പൊന്മുടിയിൽ പാമ്പുകളെ വിട്ടുകഴിഞ്ഞാൽ ഒരുമാസം കഴിഞ്ഞാൽ അത് ഇഴഞ്ഞു താഴെ വരും. അതിനൊരു സംശയവുമില്ല.
മരണം ഉറപ്പ്
രാജവെമ്പാലയുടെ നല്ലൊരു കടി കിട്ടിയാൽ മരണം ഉറപ്പാണ്. അതിലൊരു സംശയവുമില്ല. നേരത്തെ പറഞ്ഞ രണ്ടുപേരും രക്ഷപ്പെട്ടത് പാമ്പ് ചാക്കിന്റെ അകത്തുനിന്ന് കടിച്ചതുകൊണ്ട് മാത്രമാണ്. അല്ലെങ്കിൽ മരണം സംഭവിച്ചേനെ.
പാമ്പ് വീട്ടിൽ കയറാതിരിക്കാൻ
വീടും പരിസരവും വൃത്തിയാക്കിയിടുകയെന്നതാണ് ഒന്നാമത്തെ കാര്യം. എലിയുടെ മാളങ്ങളും മറ്റും അടയ്ക്കുക. വാതിലും ജനലും അടച്ചിടുക. വെളുത്തുള്ളിയും സർപ്പഗന്ധിയുമൊന്നുമായും ഇതിന് യാതൊരു ബന്ധവുമില്ല.
മണ്ണെണ്ണയോ ഡീസലോ സ്‌പ്രേ ചെയ്താൽ എലിയുടെയും മറ്റും മലമൂത്രത്തിന്റെ മണം മാറും. ഈ ജീവികളുടെ മണം പിടിച്ചാണ് പാമ്പ് വീട്ടിനകത്തേക്ക് വരുന്നത്. ഇടയ്ക്ക് മണ്ണെണ്ണയും ഡീസലും സ്‌പ്രേ ചെയ്തുകൊടുക്കുമ്പോൾ ഇവയ്ക്ക് ആ ജീവികളുടെ മണം കിട്ടാതെയാകും. അപ്പോൾ പാമ്പ് മടങ്ങിപ്പോകും. ദേഹത്ത് മണ്ണെണ്ണ വീണാൽ പാമ്പ് ചത്തുപോകും.
തണുപ്പ് തേടിയല്ല രാജവെമ്പാല വീടിനകത്തേക്ക് വരുന്നത്. മറ്റ് പാമ്പുകളെപ്പോലെയല്ല, ആവാസ വ്യവസ്ഥയ്ക്ക് വ്യത്യാസം വരുന്നതുകൊണ്ടാണ് അത് കാടിറങ്ങുന്നത്. പാമ്പ് വരുമ്പോൾ വാതിൽ തുറന്നിട്ടിരിക്കുകയോ മറ്റോ ആണെങ്കിൽ അകത്തുകയറുന്നു.
പാമ്പ് കടിയേറ്റാൽ ചെയ്യേണ്ടത്
പാമ്പ് കടിയേറ്റയാളെ പേടിപ്പിക്കാതിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അയാളെ ഒരു സ്ഥലത്ത് ഇരുത്തി പരമാവധി ധൈര്യം കൊടുക്കുക. കടിയേറ്റ ഭാഗം കയർ ഉപയോഗിച്ച് ടൈറ്റാക്കി കെട്ടരുത്. ബ്ലേഡോ പിച്ചാത്തിയോ ഉപയോഗിച്ച് മുറിവുണ്ടാക്കരുത്.
തുണി രണ്ടോ മൂന്നോ വിരൽ വീതിക്ക് നീളത്തിൽ കീറിയെടുക്കുക. കടിയേറ്റതിന്റെ പത്തോ പതിനഞ്ചോ ഇഞ്ച് മേലെ അത് വീതിക്ക് കെട്ടുക. ടൈറ്റാക്കി കെട്ടരുത്. രക്തയോട്ടം കുറയത്തക്ക രീതിയിൽ കെട്ടുക. വീണ്ടും ഒരു കഷ്ണം തുണിയെടുത്ത് കുറച്ചുകൂടി മുകളിൽ കെട്ടണം. നടക്കാനോ കിടക്കാനോ അനുവദിക്കരുത്. കാല് തൂക്കിയിടാതെ ഇരുത്തി വേഗം ആശുപത്രിയിലെത്തിക്കുക.
കൈയിലാണ് കടിയേറ്റതെങ്കിൽ കൈ തലയ്ക്ക് മുകളിലേക്ക് ഉയർത്തിവയ്ക്കരുത്. വയറ്റിനോട് ചേർത്ത് വയ്ക്കുക. മൂർഖൻ പാമ്പിന്റെ കടിയേറ്റാൽ ഛർദിക്കാൻ സാദ്ധ്യതയുണ്ട്. ഈ സമയത്ത് മലർന്നോ കമഴ്‌ന്നോ കിടക്കാൻ അനുവദിക്കരുത്. സൈഡ് ചരിച്ച് കിടക്കാൻ സമ്മതിക്കുക.