
ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് റോബര്‍ട്ട് വാധ്രയും പ്രിയങ്ക ഗാന്ധിയും ഇടപെട്ടെന്ന വാര്‍ത്ത അസംബന്ധമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണു ഗോപാല്‍. പാര്‍ട്ടിയുടെ കാര്യത്തില്‍ ഒരു ശതമാനം പോലും ഇടപെടാത്ത ആളുകളെ മാധ്യമങ്ങള്‍ വലിച്ചിഴച്ചുകൊണ്ടുവരികയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ഇന്നുവരെ കേരളത്തിലെ ഒരു സംഘടനാകാര്യത്തിലും പ്രിയങ്ക ഗാന്ധി ഇടപെട്ടില്ല. എവിടെനിന്നാണ് ഇത്തരം വാര്‍ത്ത കിട്ടുന്നതെന്നും വേണുഗോപാല്‍ ചോദിച്ചു.
‘ഇത്തരം വാര്‍ത്തകള്‍ എവിടെ നിന്നാണ് കിട്ടുന്നത്?. അതെങ്കിലും ഒന്ന് ഷെയര്‍ ചെയ്യൂ. പറയുന്നത് ആരാണെന്ന് പറഞ്ഞാല്‍ ഞങ്ങള്‍ക്ക് കൈകാര്യം ചെയ്യാലോ?. ഇത്തരം വാസ്തവ വിരുദ്ധമായ കാര്യം കൊടുക്കരുതെന്നാണ് മാധ്യമങ്ങളോട് പറയാനുള്ളത്. ഞങ്ങള്‍ മറ്റുപാര്‍ട്ടികളെ പോലെ നിങ്ങളെ അധിക്ഷേപിക്കുന്നവരല്ല. കടക്ക് പുറത്ത് എന്ന് പറഞ്ഞിട്ടില്ല. മാധ്യമങ്ങളോട് വളരെ ബഹുമാനമാണ്. ഇപ്പോള്‍ കോണ്‍ഗ്രസിനെതിരെ നടത്തുന്ന മാധ്യമ വിചാരണ ശരിയല്ല’- കെസി വേണുഗോപാല്‍ പറഞ്ഞു
കെപിസിസി പ്രസിഡന്റുമായി ബന്ധപ്പെട്ട മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്നും കെസി വേണു ഗോപാല്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റിനെ മാറ്റുന്നത് തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോടും പറഞ്ഞിട്ടില്ല. ഇതു സംബന്ധിച്ച് മാധ്യമങ്ങളാണ് വാര്‍ത്ത നല്‍കുന്നത്. കെപിസി സി അധ്യക്ഷ മാറ്റം ചര്‍ച്ച ചെയ്തിട്ടില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ദയവുചെയ്ത് കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശം പാര്‍ട്ടിക്ക് വിട്ടുതരിക. വളരെ ശക്തമായ ലീഡര്‍ഷിപ്പ് പാര്‍ട്ടിക്കുണ്ട്. തീരുമാനമെടുക്കേണ്ട സമയത്ത് എടുക്കേണ്ട തീരുമാനങ്ങള്‍ എടുക്കാന്‍ ഞങ്ങള്‍ക്ക് അറിയാം.
കെപിസിസി അധ്യക്ഷനുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ലഭിക്കുന്നത് ഒന്നും ശരിയായ സോഴ്സില്‍ നിന്നും ലഭിക്കുന്നതല്ലെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. മാറ്റം ഉണ്ടെങ്കില്‍ അത് അറിയിക്കും. ഞങ്ങള്‍ ആലോചിക്കാത്ത കാര്യങ്ങളാണ് പറയുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റും രാഹുല്‍ഗാന്ധിയും കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് എന്തെല്ലാം വാര്‍ത്തകളാണ് വന്നത്. നേതാക്കള്‍ തമ്മില്‍ കാണു മ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. നേതാക്കള്‍ തമ്മില്‍ കാണുന്നത് ഈ കാര്യത്തിന് മാത്രമാണോ എന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.
കോണ്‍ഗ്രസ് പ്രസിഡന്റിനെയും രാഹുല്‍ഗാന്ധിയെയും കെ സുധാകരന്‍ കണ്ടതിനു പിന്നാലെ അദ്ദേഹത്തെ മാറ്റാന്‍ പോകുകയാണെന്ന് വാര്‍ത്ത നല്‍കി. എന്നാല്‍ അവര്‍ തമ്മില്‍ നടന്ന ചര്‍ച്ച എന്താണെന്ന് നിങ്ങളറിഞ്ഞോ?. അതൊന്നും അറിയാതെയാണ് മാധ്യമങ്ങള്‍ ആശയക്കുഴപ്പമുണ്ടാ ക്കിയത്. ഞങ്ങള്‍ പാവങ്ങള്‍ മാധ്യമങ്ങളോട് ഒന്നും മോശമായി പറയില്ലല്ലോ. അതുകൊണ്ട് എന്തും പറയാമല്ലോ. കോണ്‍ഗ്രസിനെ സംബന്ധിച്ച് എപ്പോഴാണോ തീരുമാനമെടുക്കേണ്ടത്, ആ സമയത്ത് തീരുമാനമെടുക്കാന്‍ ലീഡര്‍ഷിപ്പിന് അറിയാം. പാര്‍ട്ടിയെ വെറുതെ വലിച്ചിഴക്കാനുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ നടത്തിവരികയാണ്. അത് നിര്‍ഭാഗ്യകരമാണ് എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
.