
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആര്‍ലേക്കര്‍ വെറുമൊരു ആര്‍എസ്എസ് നേതാവുമാത്രമല്ല, തികഞ്ഞ രാഷ്ട്രീയ നയതന്ത്ര വിദഗ്‌ധനാണെന്ന് തെളിയിച്ചെങ്കിലും പ്രതിപക്ഷം വിട്ടില്ല. അദ്ദേഹം മുന്‍കൈ എടുത്തതാണോ അതോ മറ്റാരെങ്കിലും അദ്ദേഹത്തെ കൊണ്ട് ചെയ്യിപ്പിച്ചതാണോ എന്നറിയില്ല. ഡല്‍ഹിയില്‍ അദ്ദേഹത്തിൻ്റെ സാന്നിധ്യത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും മുഖ്യമന്ത്രിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്‌ച കൊടുമ്പിരികൊണ്ട രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിക്കഴി ഞ്ഞു. ഇക്കഴിഞ്ഞ ബുധനാഴ്‌ച ന്യൂഡല്‍ഹി കേരള ഹൗസില്‍ നടന്ന കൂടിക്കാഴ്‌ചയുമായി ബന്ധപ്പെട്ട് സംസ്ഥാന പിആര്‍ഡി പുറത്തുവിട്ട ഔദ്യോഗിക പത്രക്കുറിപ്പില്‍ പിടിച്ചാരംഭിച്ച വിവാദമിപ്പോള്‍ കത്തിപ്പടരുകയാണ്.
അനൗദ്യോഗിക സന്ദര്‍ശനമായിരുന്നു കേന്ദ്രമന്ത്രിയുടേതെന്ന പത്രക്കുറിപ്പിലെ ഭാഗമാണ് ഇപ്പോള്‍ വിവാദങ്ങളുടെ കേന്ദ്ര ബിന്ദു. സര്‍ക്കാര്‍ ചെലവില്‍ നടന്ന കൂടിക്കാഴ്‌ച അനൗദ്യോഗികമെങ്കില്‍ അവിടെ രഹസ്യമായി ചര്‍ച്ച നടത്തിയ കാര്യങ്ങളെന്തെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നാണ് പ്രതിപക്ഷ ആവശ്യം. ഇക്കാര്യമാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും എന്‍ കെ പ്രേമചന്ദ്രന്‍ എംപി ഉള്‍പ്പെടെയുള്ള യുഡിഎഫ് ഘടകകക്ഷി നേതാക്കളും രംഗത്തെത്തി.
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരായ മാസപ്പടി ആരോപണത്തെക്കുറിച്ച് കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തിന് കീഴിലുള്ള എസ്എഫ്‌ഐഒ നടത്തുന്ന അന്വേഷണം അവസാന ഘട്ടത്തിലെത്തിയ പ്പോള്‍ ഈ അന്വേഷണ ഏജന്‍സിയുടെ ചുമതലയുള്ള കേന്ദ്ര മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചയുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന ആവശ്യം മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം നേതൃത്വ ത്തെയും വെട്ടിലാക്കി. മാത്രമല്ല, സംസ്ഥാന ചരിത്രത്തില്‍ ഗവര്‍ണര്‍ മധ്യസ്ഥത വഹിച്ചു കൊണ്ട് ഒരു കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തുന്നതും അപൂർവമാണ്.

2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ യുഡിഎഫിനെ പരാജയപ്പെടുത്താന്‍ എല്‍ഡി എഫിന് വോട്ടുമറിച്ച ബിജെപി 2026ലും അതിന് തയ്യാറെടുക്കുകയാണെന്നും അതിന് മുന്നോടിയായാണ് കൂടിക്കാഴ്‌ചയെന്നും കെപിസിസി പ്രസിഡൻ്റ് കെ സുധാകരനും രമേശ് ചെന്നിത്തലയും ആരോപിച്ചത് ബിജെപി സംസ്ഥാന ഘടകത്തെയും പ്രതിസന്ധിയിലാക്കി. ഡല്‍ഹിയില്‍ രാഷ്ട്രീയ നേതാക്കള്‍ ചായ കുടിക്കുന്നതിലൊന്നും വലിയ കാര്യമില്ലെന്ന് പറഞ്ഞ് പ്രശ്‌നത്തെ ലഘൂകരിക്കാന്‍ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രന്‍ നടത്തിയ ശ്രമം അതീവ ദുര്‍ബലമായിരുന്നു. സംസ്ഥാനത്തെ സാമ്പത്തിക മായി കേന്ദ്ര സര്‍ക്കാര്‍ വരിഞ്ഞു മുറുക്കയാണെന്ന് സിപിഎം രാഷ്ട്രീയമായി ഉന്നയിക്കുന്ന ആരോപ ണമാണെന്ന് മാത്രമല്ല, സംസ്ഥാന മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാര്‍ ചെലവില്‍ ഡല്‍ഹിയിലെത്തി കേന്ദ്രത്തിനെതിരെ കഴിഞ്ഞ വര്‍ഷം വന്‍ പ്രതിഷേധം സംഘടപ്പിച്ച സാഹചര്യം അതേപടി തുടരുകയാണ്.
മാത്രമല്ല, കേന്ദ്രം സംസ്ഥാനത്തിനുള്ള വിഹിതം അടിക്കടി വെട്ടിക്കുറയ്ക്കുന്നതിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയുമാണ്. വയനാട് പുനരധിവാസത്തോട് ഇത്രയും കാലം മുഖം തിരിഞ്ഞു നിന്ന സര്‍ക്കാര്‍ ഒടുവില്‍ കഴിഞ്ഞ ഫെബ്രുവരി അവസാനം 500 കോടി രൂപ അനുവദി ച്ചെങ്കിലും അത് ഒറ്റമാസം കൊണ്ട് ചെലവഴിച്ച് കണക്ക് കാണിക്കണമെന്ന വിചിത്ര നിബന്ധന മുന്നോട്ടു വയ്ക്കുകയും ചെയ്‌തു. ഇതിനെതിരെ കേരളം കേന്ദ്രത്തെ സമീപിച്ചിട്ടും അനുകൂല നിലപാട് ഉണ്ടായി ട്ടില്ല. കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തെ തഴഞ്ഞതായി കാണിച്ച് സംസ്ഥാനത്തുടനീളം കേന്ദ്ര സര്‍ക്കാരി നെതിരെ സിപിഎം പ്രക്ഷോഭത്തിലുമാണ്. ഈ സാഹചര്യങ്ങളെല്ലാം അതേപടി തുടരുകയുമാണ്. ഈ വിഷയങ്ങളില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം പരിഹരിക്കുന്നതിനാണ് ചര്‍ച്ചയെങ്കില്‍ അത് എങ്ങനെ അനൗദ്യോഗികമാകുമെന്ന ചോദ്യമാണുയരുന്നത്.
അത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണെങ്കില്‍ കേരളത്തിൻ്റെ ധനമന്ത്രി കൂടി ആ യോഗത്തിലുണ്ടാകേ ണ്ടതല്ലേ എന്നും പ്രതിപക്ഷം ചോദിക്കുന്നു. അപ്പോള്‍ ഇതുവരെ പുറത്തുവന്ന കാര്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത് ഇത്തരം വിഷയങ്ങള്‍ ഒന്നും ചര്‍ച്ചയായില്ലെന്നും മറ്റെന്തോ ആണ് ഗവര്‍ണര്‍ മധ്യസ്ഥത വഹിച്ച് നടത്തിയതെന്നുമാണെന്നാണ് പ്രതിപക്ഷ ആരോപണം. ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി ആദ്യം നല്‍കിയ പ്രതികരണത്തിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നതിന് പിന്നാലെ വീണ്ടും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നയം വ്യക്തമാക്കി. എന്നാല്‍ രണ്ടിനെയും പ്രതിപക്ഷം പുച്ഛിച്ചു തള്ളി. ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കുള്ള വിമാനത്തില്‍ വച്ചാണ് താന്‍ ഗവര്‍ണര്‍ ആര്‍ലേക്കറെ കണ്ടതെന്നും തൊട്ടടുത്ത സീറ്റുക ളിലായിരുന്നു ഇരുവരുമെന്നുമാണ് ഇക്കാര്യത്തിലുള്ള മുഖ്യമന്ത്രിയുടെ പുതിയ വിശദീകരണം.
ഈ സമയത്താണ് ഡല്‍ഹിയില്‍ എംപിമാര്‍ക്കായി ഗവര്‍ണര്‍ ഒരു വിരുന്നു സത്‌കാരം സംഘടിപ്പിച്ചിട്ടുള്ള കാര്യം തന്നോടു പറയുന്നത്. എന്നാല്‍ വിരുന്നു സത്‌കാരത്തില്‍ താനും പങ്കെടുക്കാമെന്ന് ഗവര്‍ണറെ അറിയിച്ചു. എങ്കില്‍ അതിൻ്റെ പിറ്റേദിവസം താനും ഒരു വിരുന്ന് സംഘടിപ്പിക്കാമെന്ന് താന്‍ ഗവര്‍ണ റോടു പറയുകയും ചെയ്‌തു. ഇതാണ് അനൗദ്യോഗിക കൂടിക്കാഴ്‌ചയിലേക്ക് നയിച്ചതെന്നാണ് മുഖ്യമന്ത്രി യുടെ വിശദീകരണം. തീര്‍ത്തും അപ്രതീക്ഷിതമായി സംഭവിച്ച ഒരു കാര്യമാക്കി പ്രശ്‌നത്തെ ലഘൂകരി ക്കാനാകുമോ എന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ നോക്കുന്നത്. എന്നാല്‍ ഇതൊക്കെ തൊള്ള തൊടാതെ വിഴു ങ്ങാന്‍ കേരളത്തിലെ ജനങ്ങള്‍ അത്ര മന്ദബുദ്ധികളാണോ എന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി ചോദിച്ചു. കഴിഞ്ഞ ലോക്‌സഭാ സമ്മേളനത്തിൻ്റെ അവസാന കാലത്ത് പ്രധാനമന്ത്രി തന്നെ ക്ഷണിച്ച ഒരു ഉച്ചഭക്ഷ ണത്തിന് പാര്‍ലമെൻ്റ് ക്യാൻ്റീനില്‍ പരസ്യമായി പങ്കെടുത്തതിന് തന്നെ ബിജെപിക്കാരനാക്കി ചിത്രീകരി ച്ചവരാണ് സിപിഎം എന്നും ഇപ്പോഴത്തെ അനൗദ്യോഗിക കൂടിക്കാഴ്‌ചയ്ക്ക് പിന്നിലെന്തെന്നും പ്രേമ ചന്ദ്രന്‍ ചോദിച്ചു.
അതേസമയം, കൂടിക്കാഴ്‌ച സംബന്ധിച്ച ദുരൂഹത ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചു വരികയാ ണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഇത് സംബന്ധിച്ച് ഒരു വെളിപ്പെടുത്തലിന് ഗവര്‍ണര്‍ ഇതുവരെ തയ്യാറായിട്ടില്ല. അഞ്ചുവര്‍ഷം ടീം കേരളയുടെ തലവനായി പ്രവര്‍ത്തിച്ച മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇക്കാര്യത്തിലുള്ള അഭിപ്രായം കൂടി അറിയാന്‍ താത്പര്യമുണ്ട്. തങ്ങളൊക്കെ സംസ്ഥാന മന്ത്രിമാരായിരുന്നപ്പോള്‍ ഡല്‍ഹിയിലെത്തി കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്. അതൊന്നും അനൗദ്യോഗികമായിരുന്നില്ല, എല്ലാം ഔദ്യോഗികമായിരുന്നു. സംസ്ഥാന മന്ത്രിമാര്‍ കേന്ദ്രമന്ത്രിമാരുമായി നടത്തുന്ന കൂടിക്കാഴ്‌ച ഒരിക്കലും അനൗദ്യോഗികമല്ല. കൂടിക്കാഴ്‌ചയില്‍ ദുരൂഹതയുണ്ടെന്ന കാര്യം വ്യക്തമാണ്. ഇത് വ്യക്തമാക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 69 സീറ്റുകളില്‍ ബിജെപി സിപി എമ്മിന് വോട്ടുമറിച്ചു. അതേ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടു പോകുന്നതിനാണോ ഇതെന്ന് സംശയമുണ്ടെന്നും എന്നാല്‍ കേരള ജനത ഇതനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, ഗവര്‍ണര്‍ മുന്‍കൈയെടുത്ത് നടത്തിയ ഈ കൂടിക്കാഴ്‌ചയില്‍ ബിജെപി കേരള ഘടക ത്തെ ഒന്നുമറിയിച്ചിരുന്നില്ലെന്നാണ് സൂചന. കേരള ഘടകത്തെ ഇരുട്ടില്‍ നിര്‍ത്തി ഗവര്‍ണറും ബിജെപി കേന്ദ്ര നേതൃത്വവും നേരിട്ടാണ് ഈ വിഷയം കൈകാര്യം ചെയ്‌തതെന്ന കാര്യം സുവ്യക്തമാണ്. മാത്രമല്ല, കേരളത്തിലെ ബിജെപി ഘടകത്തിന് മേല്‍ കേന്ദ്ര നേതൃത്വം സ്ഥാപിച്ച റഡാറായിട്ടാകും ഗവര്‍ണറുടെ ഇനിയങ്ങോട്ടുള്ള പ്രവര്‍ത്തനമെന്നും സൂചനയുണ്ട്.