നവാഗതനായ ശരൺ വേണുഗോപാ സംവിധാനം ചെയ്ത നാരായണീന്റെ മൂന്നാൺമക്കൾ എന്ന ചിത്രം തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് നേടിയത്. അലൻസിയർ, ജോജു, സുരാജ് വെഞ്ഞാറമൂച്, ഷെല്ലി കിഷോർ, ഗാർഗി അനന്തൻ, തോമസ് മാത്യു തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തിയത്.

കഴിഞ്ഞ ദിവസം ചിത്രം ഒ.ടി.ടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ സിനിമയിൽ സഹോദരങ്ങൾ തമ്മിലുള്ള ലൈംഗിക ബന്ധത്തെ ചൊല്ലി വിവാദവും ഉടലെടുത്തു. ഇപ്പോഴിതാ ഈ വിവാദം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് അവതാരകനും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനുമായ ഫിറോസ് ഖാൻ, ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സഹോദരങ്ങൾ തമ്മിലുള്ള ലൈംഗിക ബന്ധം കാണിക്കുന്ന സിനിമ മലയാളത്തിൽ അടുത്തിടെയായി ഇറങ്ങിയിട്ടുണ്ടെന്ന് പറയുന്നത് കേട്ടു. എന്തുകൊണ്ടാണ് സമൂഹത്തിന് പറ്റാത്ത ഇത്തരം സിനിമകൾ ബാൻ ചെയ്യാത്തതെന്ന് ഫിറോസ് ഖാൻ ചോദിച്ചു. അങ്ങനെയൊരു സിനിമ സമൂഹത്തിന് ആവശ്യമില്ല, സെൻസർ ബോർഡ് എന്തിനാണ്, സെൻസർ ചെയ്യാനാണ്. അപ്പോൾ അത് ബാൻ ചെയ്യുക. അത്രയേ ഉള്ളു അതിലൊക്കെയുള്ള വിഷയങ്ങളെന്നുംഅദ്ദേഹം പറഞ്ഞു.
മാർക്കോ ഉൾപ്പെടെയുള്ള ചിത്രങ്ങൾ വലിയ രീതിയിൽ വിമർശന വിധേയമാവുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്. മാർക്കോ സിനിമ കൃത്യമായി സെൻസർ ചെയ്തിരുന്നെങ്കിൽ ഒരു സീൻ പോലും ബാക്കി ഉണ്ടാവില്ലെന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാർക്കോ കൃത്യമായി സെൻസർ ചെയ്‌തെങ്കിൽ ഒരു സീൻ പോലും ബാക്കി ഉണ്ടാവുമായിരുന്നില്ല. അത്രയും ക്രൂരമായിട്ടുള്ള സാധനമാണ് അതിലുള്ളത്. എല്ലാ സാഹചര്യങ്ങളും ഒരു മനുഷ്യനെ ബാധിക്കും. വിഷ്വലി കാണുന്ന സംഭവങ്ങൾ വളരെയേറെ ബാധിക്കുന്നതാണ്. ഇങ്ങനെയുള്ള സംഭവങ്ങൾ ഗ്ലോറിഫൈ ചെയ്ത് കാണിക്കുമ്പോൾ നമ്മൾ ചിന്തിക്കണം. സിനിമ സ്വാധീനിക്കില്ലെന്ന് ഒരിക്കലും പറയാൻ കഴിയില്ല, അത് സ്വാധീനിക്കുക തന്നെ ചെയ്യും. നല്ല വിദ്യാഭ്യാസമുള്ള ഒരു നടനാണ്, എന്തുകൊണ്ട് നന്മകളെ എടുക്കുന്നില്ലെന്ന് അദ്ദേഹം ചോദിക്കുന്നു. എന്ത് വിഡ്ഢിത്തമായിട്ടുള്ള ചോദ്യമാണ് അത്. പല കാര്യങ്ങളെയും പോസിറ്റീവ് ആയിട്ടാണ് കാണിക്കുന്നത് എന്നതാണ് പ്രധാന പ്രശ്നം. അതിനകത്ത് ഒരു കുറ്റവും ഇല്ലെന്ന് കുട്ടികൾ തെറ്റിദ്ധരിക്കും
പണ്ടൊക്കെ ഒരു ഏജ് കഴിഞ്ഞ് ഒരു പയ്യൻ സിഗരറ്റ് വലിച്ചാൽ ഒരു വിഷയവുമില്ല. എന്നാൽ ഇപ്പോൾ അത് എന്തോ വലിയ സംഭവമാണ്. അന്നൊക്കെ ഡിഗ്രി കഴിഞ്ഞ പിള്ളേർ പോലും ഒളിച്ചിരുന്നാണ് വലിക്കുന്നത്. ഇന്ന് പെൺകുട്ടികൾ പോലും പരസ്യമായി ഇരുന്ന് വലിക്കുകയാണ്. അത് മറ്റുള്ളവരെ കാണിക്കാനായിട്ടാണ് വലിക്കുന്നത്. അവരെ മാസ് രീതിയിൽ കാണിക്കണം എന്നൊക്കെയുള്ള തെറ്റിദ്ധാരണയിലാണ് അവർ അങ്ങനെ ചെയ്യുന്നതെന്നും ഫിറോസ് ഖാൻ പറഞ്ഞു.