
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ പേരുമാറ്റാനുള്ള ചൈനയുടെ ശ്രമങ്ങളെ ഇന്ത്യ അപലപിച്ചു. ഇത്തരം കുതന്ത്രങ്ങള്‍ കൊണ്ടൊന്നും യാഥാര്‍ത്ഥ്യം മാറ്റാനാവില്ല. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്. ഇന്ത്യയുടെ ഭാഗമായി തുടര്‍ന്നും നിലനില്‍ക്കുക തന്നെ ചെയ്യുമെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
അരുണാചല്‍ പ്രദേശിലെ ചില സ്ഥലങ്ങളുടെ പേര് ചൈന മാറ്റിയതായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ജയ്‌സ്വാളിന്റെ പ്രതികരണം. ഇന്ത്യന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങള്‍ക്ക് പേരിടാനുള്ള വ്യര്‍ത്ഥവും അസംബന്ധമായതുമായ ശ്രമങ്ങള്‍ ചൈന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം ശ്രമങ്ങളെ ഇന്ത്യ പൂര്‍ണ്ണമായും തള്ളിക്കളയുന്നു. ജയ്‌സ്വാള്‍ പറഞ്ഞു.
ഇത്തരം നാമകരണം കൊണ്ട് അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന നിഷേധി ക്കാനാവാത്ത യാഥാര്‍ത്ഥ്യത്തെ മാറ്റാനാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിങ്ങളുടെ വീടിന്റെ പേര് ഞാന്‍ മാറ്റിയാല്‍, ആ വീട് എന്റേതാകുമോ എന്നായിരുന്നു ചൈനയുടെ നടപടിയില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നേരത്തെ പ്രതികരിച്ചത്. അരുണാചല്‍ പ്രദേശ് ഇന്നലെയും ഇന്നും നാളെയും ഇന്ത്യയുടെ സംസ്ഥാനമാണ്. പേരു മാറ്റിയാലൊന്നും അതില്‍ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ലെന്നും ജയ്ശങ്കര്‍ പറഞ്ഞു.