കോഴിക്കോട്: പലസ്തീന്‍ വിഷയം സിപിഎം ഉയര്‍ത്തിപ്പിടിക്കുന്നത് സംസ്ഥാന സര്‍ക്കാരിനെതിരായ മറ്റു പ്രശ്‌നങ്ങള്‍ മറച്ചുപിടിക്കാനാണെന്ന് കെ മുരളീധരന്‍ എംപി. അല്ലാതെ പലസ്തീന്‍ ജനതയോടുള്ള സ്‌നേഹം കൊണ്ടല്ല. സംസ്ഥാനത്ത് ഇപ്പോള്‍ വൈദ്യുതിയുടെ സബ്‌സിഡി പോലും നിര്‍ത്തലാക്കാന്‍ പോകുകയാണ്. റേഷന്‍ കടയില്‍ ചെന്നാല്‍ റേഷനും കിട്ടാനില്ല, സപ്ലൈകോയിലും സാധനങ്ങളില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു.

കേരളീയം ജനങ്ങള്‍ ഏറ്റെടുത്തു എന്നാണ് സിപിഎം സംസ്ഥാന സമിതി പറഞ്ഞത്. യേശുദാസിന്റെ ഗാനമേള കേള്‍ക്കാന്‍ പോകുന്നവര്‍ പിണറായിക്ക് വോട്ടു ചെയ്യുമോ?. മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, യേശുദാസ് തുടങ്ങിയവരൊക്കെ വരുന്ന കേരളീയം കാണാന്‍ ജനങ്ങള്‍ പോകുന്നത് പിണറായിയോടുള്ള ഇഷ്ടം കൊണ്ടല്ല. മറിച്ച് തങ്ങളുടെ പ്രയാസം മറക്കാനാണ്. ലൈറ്റിട്ടാല്‍ കാശു കൂടുതല്‍. വെള്ളമെടുത്താല്‍ കാശു കൂടുതല്‍. ഇതെല്ലാം മറക്കാനാണ്. ഇതെല്ലാം മറക്കാന്‍ കേരളീയത്തില്‍ ചെന്നാല്‍ ഒരു ബിസ്‌കറ്റും ചായയും കിട്ടും.
രണ്ടു ദിവസം ഞാനും തിരുവനന്തപുരത്തുണ്ടായിരുന്നു. ഞാനും ഇതൊക്കെ കണ്ടതാണെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. കേരളീയത്തെക്കുറിച്ച് ഇപി ജയരാജന്‍ പറഞ്ഞത് ശരിയാണ്. ദുരിതങ്ങളൊക്കെ മറക്കാന്‍ ഒരു ഗാനമേള കേള്‍ക്കുക, ഒരു നൃത്തം കാണുക. ചിലപ്പോള്‍ അദ്ദേഹം സത്യം പറയും. അദ്ദേഹം പറഞ്ഞതിന്റെ പൊരുളെന്താണ്, അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ഭരണം കൊണ്ട് ജനം പൊറുതി മുട്ടി. പകരം ജനങ്ങളെ നാടകവും സിനിമയും കാണിച്ച് സന്തോഷിപ്പിക്കുകയാണെന്നാണ്. കെ മുരളീധരന്‍ പറഞ്ഞു.
മുസ്ലിം ലീഗുമായി കോണ്‍ഗ്രസിന് നല്ല ബന്ധമാണ്. ആ ബന്ധത്തില്‍ വിള്ളല്‍ ഏല്‍പ്പിക്കാന്‍ ആരു നോക്കിയാലും നടക്കില്ല. അത് ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായി ട്ടുണ്ട്. തന്റെ പ്രസ്താവനയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ മൃഗങ്ങളെയൊക്കെ വിടുന്നതാണ് നല്ലതെന്നും കെ മുരളീധരന്‍ പറഞ്ഞു.