ഭീകരതയ്‌ക്കെതിരായുള്ള പോരാട്ടത്തിൽ ഇന്ത്യയ്‌ക്കൊപ്പം; പിന്തുണ അറിയിച്ച് അമേരിക്ക


വാഷിങ്ടണ്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരതയ്‌ക്കെതിരായുള്ള പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പമെന്ന് ആവര്‍ത്തിച്ച് അമേരിക്ക. വ്യാഴാഴ്ച വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായുള്ള ആശയവിനിമയത്തിനിടെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ഭീകരതയ്ക്കെതിരെ ഇന്ത്യയുമായുള്ള സഹകരണത്തിനുള്ള അമേരിക്കയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയായിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിരവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖം പ്രകടിപ്പിച്ച റൂബിയോ, ദക്ഷിണേഷ്യയില്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിനും സംഘര്‍ഷം ലഘൂകരിക്കുന്ന തിനും പാകിസ്ഥാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇന്ത്യയെ പ്രോത്സാഹിപ്പിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ടാമി ബ്രൂസ് പ്രസ്താവനയില്‍ പറഞ്ഞു.

ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ തുടര്‍ച്ചയായി പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്. പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്ത ഭീകരരാണ് വിനോദസഞ്ചാരികള്‍ അടക്കം 26 പേരെ കൊലപ്പെടുത്തിയത് എന്നാണ് ഇന്ത്യയുടെ നിലപാട്.

സിന്ധു നദീജല ഉടമ്പടി നിര്‍ത്തിവയ്ക്കുകയും അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് അടച്ചു പൂട്ടുകയും ഉള്‍പ്പെടെ അതിര്‍ത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്ക്കുന്ന പാകിസ്ഥാനെതിരെ ഇന്ത്യ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തോടുള്ള പ്രതികരണം തീരു മാനിക്കാന്‍ സായുധ സേനയ്ക്ക് പൂര്‍ണ്ണ പ്രവര്‍ത്തന സ്വാതന്ത്ര്യം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. നിയന്ത്ര ണരേഖയില്‍ യാതൊരുവിധ പ്രകോപനവുമില്ലാതെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കൊണ്ട് പാകിസ്ഥാന്‍ സൈന്യം നടത്തിയ വെടിവയ്പിന് ഇന്ത്യന്‍ സൈന്യം ഫലപ്രദമായാണ് മറുപടി നല്‍കിയത്.


Read Previous

ഡ്രൈവിങ് ടെസ്റ്റ് പാസാക്കാൻ ആളൊന്നിന് 650 രൂപ; കൈക്കൂലി വാങ്ങിയ എംവിഡി ഉദ്യോഗസ്ഥരെ കയ്യോടെ പൊക്കി പൊലീസ്

Read Next

അവകാശ പോരാട്ടത്തിൽ ജീവത്യാഗത്തിന്റെ സ്മരണ; ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »