റിയാദ്: സൗദിയിൽ സംരംഭകരംഗത്ത് സ്ത്രീകൾക്കുള്ള വൻസാധ്യതകളെയും നിയമവശങ്ങളെയും കുറിച്ച് സിജി വിമൻ കളെക്ടിവ് റിയാദ് ചാപ്റ്റർ വെബിനാർ സംഘടിപ്പിച്ചു. സൗദിയിലെ പ്രമുഖ ബിസിനസ് കൺസൾട്ടൻറ് നജീബ് മുസ്ല്യാരകത്ത് വിഷയാവതരണം നടത്തി . ആഭ്യസ്ത വിദ്യരായ സ്ത്രീകൾ വീടകങ്ങളിൽ ഒതുങ്ങിക്കൂടേണ്ടവരല്ലെന്നും സ്വയം പര്യാപ്തത കൈവരിക്കണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

വിദ്യാഭ്യാസ വൈദ്യശാസ്ത്ര മേഖല കളിൽ ചുരുങ്ങിയ അവസരങ്ങൾ മാത്രമേയുള്ളു എന്ന മിഥ്യധാരണ തിരുത്തപ്പെടേണ്ട കാലം അതിക്രമിച്ചു. എല്ലാ മേഖലകളിലും പുരുഷന്മാർക്കുള്ള അവസരം സ്ത്രീകൾക്കും സ്വായത്തമാക്കാം. തുടർന്ന് നടന്ന ചോദ്യോത്തരവേളയിൽ സ്ത്രീകൾ സംരംഭം തുടങ്ങുന്നതിന്റെ സാധ്യതയും നിയമ വശങ്ങളെ കുറിച്ചുള്ള സംശയനിവാരണവും നടന്നു. മുന്നിട്ടിറങ്ങുന്ന സ്ത്രീകൾക്ക് നിയമപരമായ ഉപദേശം അദ്ദേഹം വാഗ്ദാനം ചെയ്തു.

സിജി വിമൻ കളെക്ടിവ് റിയാദ് ചെയർപേഴ്സൺ സുബൈദ അസീസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ അലീന വാഹിദ് അവതാരികയായി, സാബിറ ലബീബ് സ്വാഗതം പറഞ്ഞു . തുടർന്ന് ഫെബിന നിസാർ നയിച്ച ചോദ്യോത്തരവേള ശ്രദ്ധേയമായി. ഷഫ്‌ന നിഷാൻ നന്ദി പറഞ്ഞു.ജാസ്മിൻ നയീം , അലീന വാഹിദ് , സെലിൻ ഫുആദ്, ലംഹ ലബീബ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി