ലോകകപ്പ് ടീം പ്രഖ്യാപിച്ചു; രാഹുൽ ഇടം നേടി, സഞ്ജു സാംസൺ പുറത്ത്


ഒക്ടോബർ 5ന് ആരംഭിക്കുന്ന 2023 ക്രിക്കറ്റ് ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരം ഓസ്‌ട്രേലിയ യ്‌ക്കെതിരെ ചെന്നൈയിലാണ് ഇന്ത്യ കളിക്കുക. ആദ്യ രണ്ട് ഏഷ്യാ കപ്പ് മത്സരങ്ങളും നഷ്‌ടമായ കെഎൽ രാഹുൽ ഇഷാൻ കിഷനൊപ്പം ടീമിൽ ഇടം നേടിയിട്ടുണ്ട്. എന്നാൽ മലയാളി താരം സഞ്ജു സാംസൺ ടീമിലില്ല.

സ്ക്വാഡുകളെ അന്തിമമാക്കുന്നതിനുള്ള സമയപരിധിയായ സെപ്റ്റംബർ 28 വരെ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും ആവശ്യമുള്ള മാറ്റങ്ങൾ വരുത്താം. മാസങ്ങളോളം അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന രാഹുലിനെയും ശ്രേയസ് അയ്യറിനെയും നിർണായക വേദിയായ ലോകകപ്പിൽ കളിപ്പിക്കാനാണ് ബിസിസിഐ തീരുമാനം. സൂര്യകുമാർ യാദവും ടീമിൽ ഇടം നേടിയിട്ടുണ്ട്.

2007ൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിന് ശേഷം ഇന്ത്യ ഏകദിന ലോകകപ്പുകളിൽ സാമാന്യം നല്ല പ്രകടനം തന്നെയാണ് കാഴ്‌ച വയ്ക്കുന്നത്. 2011 ലോകകപ്പിൽ കിരീടം നേടിയ ഇന്ത്യ, കഴിഞ്ഞ രണ്ട് തവണയും സെമിയിൽ എത്തുകയും ചെയ്‌തിരുന്നു. എന്നാൽ ഏതാണ്ട് പത്ത് വർഷത്തോളമായി ഐസിസി ട്രോഫി നേടാൻ കഴിയാത്ത ഇന്ത്യയ്ക്ക് ഇക്കുറി സ്വന്തം നാട്ടിൽ കനത്ത വെല്ലുവിളി നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്.

ലോകകപ്പിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് സിരാജ്, മുഹമ്മദ് ഷമി.


Read Previous

നേതാവാണെങ്കിൽ വീട് നന്നാക്കിയിട്ട് വേണം നാട് നന്നാക്കാൻ’; ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കരുതെന്ന് സഹോദരി ഉഷ

Read Next

കലക്ടര്‍ നടപ്പാക്കുന്നത് കോടതി നിര്‍ദേശം; പരസ്യപ്രസ്താവന വേണ്ട; സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയോട് ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »