
ജനീവ: കൊറോണയുടെ ഇരട്ടവ്യതിയാനം സംഭവിച്ച ഇന്ത്യൻ വകഭേദത്തിന്റെ സാന്നിധ്യം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യസംഘടന. പതിനേഴോളം രാജ്യങ്ങളിലാണ് B.1.617 എന്നറിയപ്പെടുന്ന വൈറസിന്റെ ഇന്ത്യൻ വകഭേദം കണ്ടെത്തിയിട്ടുള്ളത്. ജനിതകവ്യതിയാനം സംഭവിച്ച വിവിധ വൈറസ് വകഭേദങ്ങളാണ് കൊറോണയുടെ രണ്ടാം തരംഗത്തിന് പിന്നിലെന്ന് വിദഗ്ധർ പറയുന്നു. കഴിഞ്ഞ ഒരാഴ്ചക്കാലത്ത് 5.7 ദശലക്ഷം പേർക്കാണ് ആഗോളതലത്തിൽ കൊറോണ സ്ഥിരീകരിച്ചത്.
SARS-CoV2 ന്റെ ഇന്ത്യൻ വകഭേദമാണ് ഇന്ത്യയിൽ അപ്രതീക്ഷിതമായുള്ള അതിതീവ്ര കൊറോണ വ്യാപനത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. വൈറസിന്റെ ഇന്ത്യൻ വകഭേദത്തെ വേരിയന്റ്‌സ് ഓഫ് ഇന്ററസ്റ്റ്(VOI) വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതായി ലോകാരോഗ്യസംഘടനയുടെ പ്രതിവാര റിപ്പോർട്ടിൽ പറയുന്നു. പുതിയതായി കണ്ടെത്തുന്ന വൈറസ് വകഭേദങ്ങളെയാണ് വിഒഐ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്.
ഏപ്രിൽ 27 വരെയുള്ള കണക്കനുസരിച്ച് വൈറസിന്റെ B.1.617 വകഭേദത്തിന്റെ 1200 ലധികം ശ്രേണികൾ പതിനേഴോളം രാജ്യങ്ങളിൽ നിന്നായി GISAIDയിൽ രേഖപ്പെടുത്തിയതായും ഇതിൽ ഭൂരി ഭാഗവും ഇന്ത്യ, യുകെ, യുഎസ്എ, സിംഗപ്പുർ എന്നിവടങ്ങളിൽ നിന്നാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.