ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം’, ഇന്ത്യയിലെ വോട്ടർമാരുടെ എണ്ണം 100 കോടിയിലേക്ക്: തെരഞ്ഞെടുപ്പ് കമ്മിഷൻ


ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ വോട്ടര്‍മാരുടെ എണ്ണം വര്‍ധിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പുതിയ കണക്കു പ്രകാരം രാജ്യത്തെ ആകെ വോട്ടര്‍മാരുടെ എണ്ണം 99 കോടി കടന്നു. കഴിഞ്ഞ വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നപ്പോൾ 96.88 കോടിയായിരുന്നു ഇന്ത്യയിലെ വോട്ടർമാരുടെ എണ്ണം.

രാജ്യത്തെ യുവ വോട്ടര്‍മാരുടെ എണ്ണം വര്‍ധിക്കുകയാണെന്നും ദേശീയ വോട്ടർ ദിനത്തിന് മുന്നോടിയായി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നു. 18-29 പ്രായപരിധിയിലുള്ള 21.7 കോടി വോട്ടർമാരാണ് വോട്ടർ പട്ടികയിലുള്ളത്. പുതിയ കണക്കുകള്‍ പ്രകാരം വോട്ടര്‍ പട്ടികയില്‍ സ്‌ത്രീ-പുരുഷ അനുപാതം വര്‍ധിച്ചിട്ടുണ്ട്. 2024-ൽ 948 ആയിരുന്ന അനുപാതത്തിൽ ആറ് പോയിന്‍റ് വർധനവ് രേഖപ്പെടുത്തി 2025-ൽ 954 ആയി ഉയർന്നു.

100 കോടിയിലധികം വോട്ടര്‍മാര്‍ എന്ന ഒരു പുതിയ ലോക റെക്കോഡ് ഇന്ത്യ ഉടൻ തന്നെ സൃഷ്‌ടിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ (സിഇസി) രാജീവ് കുമാർ പറഞ്ഞിരുന്നു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ബീഹാർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ലഭിക്കുന്ന പുതിയ വോട്ടര്‍മാരുടെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് 99 കോടി വോട്ടർമാര്‍ മറികടക്കും. സ്‌ത്രീ വോട്ടർമാരുടെ എണ്ണവും ഏകദേശം 48 കോടിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

1950 ൽ സ്ഥാപിതമായ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ സ്ഥാപക ദിനമായ ജനുവരി 25 ന് എല്ലാ വർഷവും ദേശീയ വോട്ടർ ദിനം ആഘോഷിക്കുന്നു. ഇതിനു മുന്നോടിയായാണ് തെരഞ്ഞെടുുപ്പ് കമ്മിഷൻ പുതിയ കണക്കുകള്‍ വ്യക്തമാക്കിയത്. യുഎൻ ജനസംഖ്യാ വിഭാഗത്തിൻ്റെ കണക്കുകള്‍ പ്രകാരം ഇന്ത്യ, അമേരിക്ക, ഇന്തോനേഷ്യ, ബ്രസീല്‍, ജപ്പാൻ എന്നീ രാജ്യങ്ങളാണ് ലോകത്തിലെ ഏറ്റവും വലിയ അഞ്ച് ജനാധിപത്യ രാജ്യങ്ങള്‍.


Read Previous

സന്ദീപ് വാര്യർക്ക് സബർമതിയിൽ ഭാരവാഹികൾ സ്വീകരണം നൽകി

Read Next

ഒയാസിസ് മാത്രം എങ്ങനെ അറിഞ്ഞു?; കമിഴ്ന്നു വീണാൽ കാൽപ്പണവുമായി പൊങ്ങുന്ന കൊള്ളക്കാരുടെ സർക്കാരായി മാറി’: വിഡി സതീശൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »