
തിളപ്പിക്കാത്ത വെള്ളത്തിൽ തയ്യാറാക്കുന്ന വെൽക്കം ഡ്രിങ്കുകൾ നൽകുന്നത് പ്രശ്നമാണ്. ഇതിനു പുറമേ ചൂടുവെള്ളത്തോടൊപ്പം പച്ചവെള്ളം ചേർത്ത് കുടിവെള്ളം നൽകുന്നതും രോഗം വ്യാപിക്കാൻ കാരണമാകുന്നു.
കൊച്ചി: ജില്ലയിൽ മാരകമാംവിധം മഞ്ഞപ്പിത്ത രോഗബാധ വ്യാപകമാകുന്നു. ഈ വർഷം ഇതുവരെ സംശയാസ്പദമായ 441 ഹെപ്പറ്റൈറ്റിസ് എ (മഞ്ഞപ്പിത്തം) കേസുകളും സ്ഥിരീകരിച്ച 138 കേസുകളും ഉൾപ്പെടെ ആകെ 579 കേസുകൾ റിപ്പോർട്ട് ചെയ്തു.മഞ്ഞപ്പിത്തം ബാധിച്ച് ഈ വർഷം ഇതുവരെ രണ്ടു മരണങ്ങൾ സ്ഥിരീകരിച്ചു.
രണ്ടുപേരുടെ മരണം മഞ്ഞപ്പിത്തബാധ മൂലമാണോയെന്ന് സംശയമുണ്ട്. പെരുമ്പാവൂരിലെ വേങ്ങൂരിനൊപ്പം, ശ്രീമൂലനഗരം, മലയാറ്റൂർ, പായിപ്ര, കിഴക്കമ്പലം, മട്ടാഞ്ചേരി, നെല്ലിക്കുഴി, കോതമംഗലം, നെടുമ്പാശ്ശേരി, കളമശ്ശേരി, ആവോലി എന്നിവിടങ്ങളിൽനിന്നു കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തു.
കല്യാണങ്ങൾക്കും മറ്റ് ചടങ്ങുകൾക്കും തിളപ്പിക്കാത്ത വെള്ളത്തിൽ തയ്യാറാക്കുന്ന വെൽക്കം ഡ്രിങ്കുകൾ നൽകുന്നത് പ്രശ്നമാണ്. ഇതിനു പുറമേ ചൂടുവെള്ളത്തോടൊപ്പം പച്ചവെള്ളം ചേർത്ത് കുടിവെള്ളം നൽകുന്നതും രോഗം വ്യാപിക്കാൻ കാരണമാകുന്നു. മഞ്ഞപ്പിത്തം പടർന്നു പിടിക്കാതിരിക്കാൻ വ്യക്തിശുചിത്വം, ആഹാര ശുചിത്വം, കുടിവെള്ള ശുചിത്വം, പരിസര ശുചിത്വം എന്നിവ ഉറപ്പാക്കാൻ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ജില്ലയിൽ രോഗബാധിതരുള്ള സ്ഥലങ്ങളിലെ വീടുകൾ സന്ദർശിക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും ചെയ്തു. രോഗബാധിത പ്രദേശങ്ങളിൽ കിണറുകളിലും ജലസംഭരണികളിലും സൂപ്പർ ക്ലോറിനേഷൻ നടത്തി.
ഹോട്ടലുകളിലും ഭക്ഷണശാലകളിലും പരിശോധന നടത്തി. ശാസ്ത്രീയമായി എങ്ങനെ ക്ലോറിനേഷൻ നടത്താം എന്ന വിഷയത്തിൽ പമ്പ് ഓപ്പറേറ്റർമാർക്ക് പരിശീലനം നൽകി.
മഞ്ഞപ്പിത്തം
ഹെപ്പറ്റെെറ്റിസ് എ വെെറസ് കരളിനെ ബാധിക്കുന്നതുമൂലമാണ് മഞ്ഞപ്പിത്തമുണ്ടാകുന്നത്. മഞ്ഞപ്പിത്തം(വൈറൽ ഹെപ്പറ്റൈറ്റിസ്-എ) പലപ്പോഴും മലിനമായ വെള്ളത്തിലൂടെയാണ് പകരുന്നത്. രോഗം ബാധിച്ച വ്യക്തിയുടെ മലത്തിലൂടെ പുറത്തുവരുന്ന വെെറസുകൾ വെള്ളത്തിലോ ഭക്ഷണത്തിലോ കലർന്നാണ് മറ്റുള്ളവരിലേക്കെത്തുന്നത്. പനി, ഛർദി, ക്ഷീണം, കണ്ണുകളിലും മൂത്രത്തിലും മഞ്ഞനിറം എന്നിവയാണ് ലക്ഷണങ്ങൾ. വയറിളക്കമാണെങ്കിലും ശുദ്ധമല്ലാത്ത ഭക്ഷണം-വെള്ളം എന്നിവയിലൂടെ പിടിപെടും. ചൂടുകൂടുന്നതിനനുസരിച്ച് കിണറുൾപ്പെടെയുള്ള ജലസ്രോതസ്സുകളിലെ വെള്ളം കുറയാൻതുടങ്ങും. പലയിടത്തും വെള്ളം മലിനമാകും. വലിയ ആഘോഷങ്ങളിലും പരിപാടികളിലും വിതരണം ചെയ്യുന്ന വെള്ളം എപ്പോഴും തിളപ്പിച്ചാറ്റിയതാവണമെന്നില്ല. അതിനാൽ തന്നെ പരമാവധി സുരക്ഷയുറപ്പാക്കിമാത്രമേ അത്തരത്തിലുള്ള സ്ഥലങ്ങളിൽനിന്ന് പാനീയങ്ങൾ കുടിക്കാവൂവെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ശരീരത്തിൽ രോഗാണു പ്രവേശിച്ചു കഴിഞ്ഞ് 2-7 ആഴ്ചയ്ക്കകം ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ലക്ഷണങ്ങൾ കണ്ടാൽ വെെകാതെ ചികിത്സിക്കണം.
ശ്രദ്ധിക്കേണ്ടവ
എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കഴിക്കാം. കൊഴുപ്പ്, എണ്ണ എന്നിവ കൂടുതലുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കണം. ഭക്ഷണത്തിൽ പഴങ്ങൾ, പച്ചക്കറികൾ എന്നിവ ധാരാളം ഉൾപ്പെടുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കണം. തിളപ്പിച്ച വെള്ളത്തിൽ തണുത്ത വെള്ളം ചേർത്ത് കുടിക്കരുത്. കിണർവെള്ളം ഇടയ്ക്ക് ക്ലോറിനേറ്റ് ചെയ്ത് ശുദ്ധീകരിക്കണം. കിണറും സെപ്റ്റിക് ടാങ്കും തമ്മിൽ നിശ്ചിത അകലം ഉണ്ടായിരിക്കണം. തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസർജനം ഒഴിവാക്കണം. അത്തരം പ്രശ്നങ്ങളുള്ള പ്രദേശങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും ഒഴിവാക്കുക. ഭക്ഷണം തയ്യാറാക്കുന്നതിന് മുൻപും ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുൻപും കെെകൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം 20 മിനിറ്റ് എങ്കിലും തിളപ്പിച്ചതായിരിക്കണം. തുറന്നുവെച്ച ഭക്ഷണങ്ങളും തണുത്ത ഭക്ഷണങ്ങളും ഒഴിവാക്കണം. മദ്യപാനവും പുകവലിയും ഒഴിവാക്കണം.