ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
പറമ്പുകളെല്ലാം വെട്ടിത്തെളിക്കുമ്പോൾ മുളങ്കൂട്ടങ്ങളെ വെറുതേ വിടുക. മുളയ്ക്ക് വിപണന സാദ്ധ്യത കൂടുകയാണ്. കുറച്ചുവിശാലമായ പറമ്പുണ്ടെങ്കിൽ മുള വളർത്തി ലാഭമുണ്ടാക്കാം. മുളയെ ആസ്പദമാക്കിയുള്ള ദേശീയ സമ്മേളനത്തിനിടെ കേരള വന ഗവേഷണ കേന്ദ്രവും (കെ.എഫ്.ആർ.ഐ.) ഒഡീഷ ബാംബൂ വികസന ഏജൻസിയുമായി ധാരണാപത്രം കൈമാറിയതോടെ മുള ഉത്പാദനത്തിലൂടെ വരുമാനം വർദ്ധിപ്പിക്കാനുള്ള പദ്ധതികൾക്ക് സാദ്ധ്യതയേറുകയാണ്.

നട്ടു കഴിഞ്ഞാൽ തിരിഞ്ഞുനോക്കേണ്ട, പരിപാലനച്ചെലവ് തുച്ഛം, കീടബാധയില്ല… അങ്ങനെ നിരവധി സവിശേഷതകൾ മുളയ്ക്കുണ്ട്. മുള വളർത്തിയാൽ പണമുണ്ടാക്കാമെന്ന് മാത്രമല്ല പരിസ്ഥിതിക്കും ഗുണകരമാണ്. ശാസ്ത്രീയ അറിവുകൾ പരസ്പരം പങ്കിടാനാണ് ദീർഘകാല ധാരണാപത്രം. മുള ഉത്പാദനത്തിൽ ഏറെ മുന്നിലുളള ഒഡീഷയിലെ സാദ്ധ്യതകളും കെ.എഫ്.ആർ.ഐയുടെ ഗവേഷണ സാങ്കേതിക വൈദഗ്ദ്ധ്യവും ഇക്കാര്യത്തിൽ തുണയാകും.
മുള സംസ്‌കരണം, കരകൗശല ഫർണിച്ചർ ഉത്പാദനം, ഉത്പന്നങ്ങളുടെ രൂപകൽപ്പന, ആധുനിക സംസ്‌കരണ രീതികൾ എന്നിവയിൽ പരിശീലനം നൽകി വരുമാനമുറപ്പാക്കുകയാണ് ലക്ഷ്യം. ഒഡീഷയുടെ ഭൂപ്രകൃതിക്ക് അനുയോജ്യമായ ഉയർന്ന ഇനങ്ങൾക്കായുള്ള നഴ്‌സറി രീതികൾ, സൂക്ഷ്മ ഉത്പാദനരീതികൾ എന്നിവയിലെ അറിവ് പങ്കിടാനാകും. കരകൗശല വിദഗ്ദ്ധർ, സ്വയം സഹായ സംഘങ്ങൾ, ഗോത്ര സമൂഹങ്ങൾ, സാങ്കേതിക ജീവനക്കാർ എന്നിവർക്കായി പരിശീലന പരിപാടികൾ നടക്കും. ഒഡീഷയിലെ പരിസ്ഥിതി മന്ത്രി ഗണേഷ് റാം ഷിൻകുന്തിയുടെ സാന്നിദ്ധ്യത്തിൽ കെ.എഫ്.ആർ.ഐ ഡയറക്ടർ ഡോ. കണ്ണൻ സി.എസ്.വാര്യരും ഒഡീഷ ബാംബൂ വികസന ഏജൻസി മിഷൻ ഡയറക്ടർ വി.കാർത്തികുമാണ് ഈയിടെ ധാരണാപത്രം കൈമാറിയത്.
അരയേക്കറിൽ ലക്ഷം വരുമാനം
അരയേക്കറിൽ നൂറിലേറെ മുളകൾ നടാം. തൃശൂർ പീച്ചയിലുളള കെ.എഫ്.ആർ.ഐയിൽ നിന്നും മുളകൾ ലഭിക്കും. മൂന്ന് വർഷത്തിന് ശേഷം വിളവെടുക്കാം. ഒരു മുളയ്ക്ക് കുറഞ്ഞത് നൂറ് രൂപ ലഭിക്കും. ലക്ഷത്തോളം വരുമാനവും കിട്ടും. ഒന്നിൽനിന്ന് പൊട്ടിമുളച്ച് പത്തിലേറെ മുളകളുണ്ടാകും. വേഗത്തിൽ വളരും. 50 വർഷം വരെ വിളവെടുക്കാവുന്ന ഇനങ്ങളുണ്ട്. പേപ്പർ പൾപ്പിനും അലങ്കാരത്തിനും ഫർണിച്ചറിനും ഡിമാൻഡ് കൂടിയിട്ടുമുണ്ട്. കരാറുകാർ വഴി വിൽക്കാം. അഗർബത്തി നിർമ്മാണത്തിനും മുള ഉപയോഗിക്കുന്നുണ്ടെന്ന് കെ.എഫ്.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.വി.ബി.ശ്രീകുമാർ പറയുന്നു. ലാത്തിമുള, ആസ്പർ, ബിലാത്തിമുള, സ്റ്റോക്‌സി, ടൂൾഡ, ആനമുള തുടങ്ങിയവ കേരളത്തിന് അനുയോജ്യമാണ്.
വായുവിന്റെ കൂട്ടുകാരൻ, മണ്ണിന്റെയും
മുളകൾ അന്തരീക്ഷത്തിലെ ഓക്‌സിജൻ അളവ് കൂട്ടുമെന്നാണ് പറയുന്നത്. മഴവെള്ളത്തെ ഭൂമിയിലേക്ക് ഇറക്കിവിട്ട് മണ്ണിടിച്ചിലും പ്രളയവുമെല്ലാം ഒരു പരിധിവരെ തടയും. ഉരുൾപൊട്ടൽ സാദ്ധ്യത കുറയ്ക്കാനും നദീതീരം ഇടിയുന്നതിനെ തടയാനുമാകും. ഖരമാലിന്യങ്ങളും ഹാനികരമായ മൂലകങ്ങളുമുള്ള വെള്ളത്തെ ശുദ്ധീകരിക്കും. കേരളത്തിൽ സ്വാഭാവികമായുള്ള മുള്ള് മുളകൾ കാട്ടിനുള്ളിൽ നട്ടുപിടിപ്പിച്ചാൽ കാട്ടാന ശല്യം കുറയും. മുളകളുടെ കൂമ്പും അരിയും വന്യമൃഗങ്ങൾക്കും മനുഷ്യർക്കും ഒരു പോലെ ഗുണകരം. ഒഡീഷയുമായി സാങ്കേതിക വിദ്യ കൈമാറുന്നതോടെ വ്യത്യസ്ത മുള ഇനങ്ങളുടെ ഗുണ നിലവാരം, ഈട്, വിപണി, മത്സരക്ഷമത എന്നിവ മെച്ചപ്പെടുത്താനാകുമെന്നും കെ.എഫ്.ആർ.ഐ ഡയറക്ടർ ഡോ.കണ്ണൻ സി.എസ്.വാര്യർ പ്രതീക്ഷ പങ്കുവെയ്ക്കുന്നു.
