കുവൈറ്റില്‍ നിന്ന് സൗദിയിലേക്ക് വിമാനത്തിന്റെ വേഗതയില്‍ യാത്ര ചെയ്ത് എത്താം; പുതിയ റെയില്‍വേ ലിങ്ക് പദ്ധതിക്ക് 2026ല്‍ തുടക്കമാവും


കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നിന്ന് സൗദിയിലേക്ക് വിമാനത്തിന്റെ വേഗതയില്‍ യാത്ര ചെയ്ത് എത്താവുന്ന റെയില്‍വേ ലിങ്ക് പദ്ധതി യാഥാര്‍ഥ്യമാവുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ യാത്രക്കാരെയും ചരക്കുകളുടെയും ഗതാഗതം സുഗമമാക്കുന്ന റെയില്‍വേ ലൈന്‍ പദ്ധതിയുടെ സാമ്പത്തിക, സാങ്കേതിക, സാമൂഹിക സാധ്യതാ പഠനത്തിന്റെ ഫലങ്ങള്‍ കുവൈറ്റും സൗദി അറേബ്യയും തമ്മിലുള്ള പ്രോജക്ട് മാനേജ്മെന്റ് കമ്മിറ്റി അംഗീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഉടന്‍ തന്നെ പദ്ധതി പ്രവൃത്തികള്‍ ആരംഭിക്കുമെന്നും റെയില്‍വേ നിര്‍മാണത്തിനായി അന്താരാഷ്ട്ര കമ്പനികളുടെ സേവനം ഉപയോഗപ്പെടുത്തുന്നതിന് ആഗോള ടെണ്ടര്‍ ക്ഷണിക്കു മെന്നും അധികൃതര്‍ അറിയിച്ചു. പദ്ധതിയുടെ യഥാര്‍ത്ഥ നിര്‍വഹണ പ്രവൃത്തികള്‍ 2026-ല്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ പരിഹരിക്കുന്നതിന് കുവൈത്തും സൗദി അറേബ്യയും തമ്മില്‍ ഉദ്യോഗസ്ഥതല, ഭരണതല യോഗങ്ങളും ചര്‍ച്ചകളും നടന്നുവരികയാണ്.

പ്രതിദിനം ആറ് റൗണ്ട് സര്‍വീസുകളിലൂടെ 3,300 യാത്രക്കാരെ കൊണ്ടുപോവാന്‍ റെയില്‍വേ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. ഒരു മണിക്കൂറും 40 മിനിറ്റും കൊണ്ട് 500 കിലോമീറ്റര്‍ വേഗം പിന്നിടാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ട്രെയിന്‍ യാത്രകള്‍ക്കുള്ള ടിക്കറ്റ് നിരക്ക് എല്ലാ തരം യാത്രക്കാര്‍ക്കും താങ്ങാനാവുന്നതായിരിക്കും. വേഗതയുടെയും ചെലവിന്റെയും കാര്യത്തില്‍ വിമാനസര്‍വീസുമായും റോഡ് ഗതാഗത സംവിധാനങ്ങളുമായും റെയില്‍വേ മത്സരിക്കും. റോഡ് യാത്രയെക്കാള്‍ കുറഞ്ഞ ചെലവിലും വിമാനയാത്രയേക്കാള്‍ കൂടിയ വേഗത്തിലും യാത്രക്കാരെ ലക്ഷ്യത്തിലെത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ അറിയിച്ചു.


Read Previous

മകൻ മരിച്ചത് വേക്ക് മൈൻഡ് വൈറസ് ബാധിച്ചെന്ന വെളിപ്പെടുത്തലുമായി ഇലോൺ മസ്‌ക്

Read Next

ഗതാഗതക്കുരുക്കിനെ പേടിക്കാതെ ബിസിനസ്സ് യാത്രക്കാര്‍ക്കും എക്‌സിബിഷനുകളിലും മറ്റും പങ്കെടുക്കുന്നവര്‍ക്കും എളുപ്പത്തിലും വേഗതയിലും ലക്ഷ്യസ്ഥാനത്ത് എത്താം; ആറു പേര്‍ക്ക് യാത്ര ചെയ്യാവുന്ന 100 ഇലക്ട്രിക് വിമാനങ്ങള്‍ സ്വന്തമാക്കാനൊരുങ്ങി സൗദി; ഹജ്ജ്, ഉംറ യാത്രകള്‍ ഇനി എളുപ്പമാവും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »