ശ്രീനഗർ: ഭീകരർക്ക് സഹായവും ഭക്ഷണവും നൽകിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് പുഴയിൽ മുങ്ങിമരിച്ചു. ജമ്മു കാശ്‌മീരിലെ കുൽഗാമിലാണ് സംഭവം. ഇംതിയാസ് അഹമ്മദ് മഗ്രെ എന്ന 23കാരനാണ് സുരക്ഷാ സേനയ്‌ക്കൊപ്പം വരവെ രക്ഷപ്പെടാനായി പുഴയിലേക്ക് ചാടിയത്. എന്നാൽ ശക്തമായ കുത്തൊഴുക്കുള്ള പുഴയിൽ ഇയാൾ മുങ്ങിത്താഴുകയായിരുന്നു. സംഭവത്തിന്റെ ഡ്രോൺ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കുൽഗാമിലെ നംഗ്‌മാർഗിൽ വനത്തിൽ ഒളിച്ചിരിക്കുകയായിരുന്ന ഭീകരർക്ക് ഇംതിയാസ് ഭക്ഷണവും വേണ്ട സൗകര്യവും നൽകിയിരുന്നു. തുടർന്ന് ശനിയാഴ്‌ച ഈ വിവരമറിഞ്ഞെത്തിയ പൊലീസ് ഇംതിയാസിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ താൻ സഹായിച്ചവിവരം ഇംതിയാസ് അഹമ്മദ് സമ്മതിച്ചു. മാത്രമല്ല സുരക്ഷാസേനയെ തീവ്രവാദികൾ ഒളിച്ചിരിക്കുന്നയിടത്ത് കൊണ്ടുപോകാമെന്നും ഇയാൾ അറിയിച്ചു.
തുടർന്ന് ഞായറാഴ്‌ച വനത്തിൽ ഭീകരരെ കാണിച്ചുതരാനായി സുരക്ഷാസേനയ്‌ക്കൊപ്പം വരവെ പെട്ടെന്ന് ചുറ്റും നോക്കിയ ഇംതിയാസ് സുരക്ഷാസേനയെ വെട്ടിച്ച് രക്ഷപ്പെടാനായി വേഷാവ് നദിയിലേക്ക് ചാടുകയായിരുന്നു. എന്നാൽ ശക്തമായ ഒഴുക്കുണ്ടായിരുന്ന പുഴയിൽ നിന്നും നീന്തി രക്ഷപ്പെടാൻ യുവാവിന് സാധിച്ചില്ല.
അതേസമയം കസ്റ്റഡിയിലെടുത്ത യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു. പിഡിപി നേതാവും കാശ്‌മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്‌തി സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് എക്‌സിൽ കുറിച്ചു. എന്നാൽ ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരെ തള്ളി സുരക്ഷാസേനയും രംഗത്തെത്തി. ജനങ്ങൾക്ക് തെറ്റിദ്ധാരണ മാറ്റാൻ ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടു.