സഖാക്കൾക്ക് വിനയം വേണമെന്ന് ഓർമിപ്പിച്ച നേതാവ്; വി.എസിനെ ചേർത്തുനിർത്തിയ സീതാറാം യെച്ചൂരി


ന്യൂഡൽഹി: വി. എസ് അച്യുതാനന്ദന് വേണ്ടി പടനയിച്ചാണ് സീതാറാം യെച്ചൂരി കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിനും ജനങ്ങൾക്കും പ്രിയങ്കരനാകുന്നത്. വി.എസിന് സീറ്റ് വാങ്ങി നൽകി മുഖ്യമന്ത്രിയാക്കുന്നതിലും വിഎസിൽ നിന്ന് പിണറായി വിജയനിലേക്കുള്ള സിപിഎമ്മിന്റെ അധികാര കെെമാറ്റം സു​ഗമമായി സാധ്യമാക്കിയതും യെച്ചൂരിയുടെ നയതന്ത്ര വിജയമായിരുന്നു. വെള്ളത്തിലെ മീനുകളെ പോലെ കമ്യൂണിസ്റ്റുകാർ ജനങ്ങളുമായി ഇഴുകി ചേരണമെന്നായിരുന്നു യെച്ചൂരിയുടെ ശാസ്ത്രം.

2016-ൽ തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ച വി. എസിന് പകരം പിണറായി വിജയനെ മുഖ്യമന്ത്രിയാക്കി പ്രഖ്യാപിക്കുമ്പോൾ, വി.എസിനെ അടുത്തിരുത്തിയാണ് കേരളത്തിന്റെ ഫിഡൽ കാസ്ട്രോയെന്ന് യെച്ചൂരി വിശേഷിപ്പിച്ചത്. ഏറെ കലഹങ്ങളുണ്ടാകുമായിരുന്ന അധികാര കെെമാറ്റത്തെ ഇത്രയും സു​ഗമമാക്കിയത് യെച്ചൂരിയുടെ മിടുക്കാണ്. ഏറെ സങ്കീർണ്ണമാകുന്ന രാഷ്ട്രീയാന്തരീക്ഷത്തെ തന്റെ പ്രായോ​ഗിക രാഷ്ട്രീയം കൊണ്ട് ലഘൂകരിച്ചാണ് സീതാറാം യെച്ചൂരി കേരള രാഷ്ട്രീയത്തിൽ പ്രിയങ്കരനായത്.

2006-ൽ വിഎസ് അച്യുതാനന്ദനെ സ്ഥാനാർത്ഥിയാക്കാനും മുഖ്യമന്ത്രിയാക്കാനും എടുത്ത അതേ പ്രവർത്തനങ്ങൾ പിണറായിയിലേക്കുള്ള അധികാര കെെമാറ്റത്തിലും യെച്ചൂരി പുറത്തെടുത്തു. വി എസിനെ ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷൻ ആകിയതിലും യെച്ചൂരി വഹിച്ച പങ്ക് വലുതാണ്. വി.എസ് അച്യുതാനന്ദനോടുള്ള മലയാളികളുടെ സ്നേഹത്തിന്റെ പങ്ക് പറ്റിയ നേതാവായിരുന്നു സീതാറാം യെച്ചൂരി. സ്വന്തം നിലനിൽപ്പ് പോലും മറന്ന് വി എസിന് വേണ്ടി പടപൊരുതി.

വിഭാ​ഗീയത കൊടുംമ്പിരി കൊണ്ടിരുന്ന കാലത്ത് സംസ്ഥാനത്തെ ഔദ്യോ​ഗിക വിഭാ​ഗത്തിന്റെ എല്ലാ സമ്മർദ്ദങ്ങളെയും അതിജീവിച്ച് വിഎസിനെ ചേർത്തുനിർത്തി. 2006-ൽ വി എസിന് സീറ്റ് നിഷേധിച്ചപ്പോൾ ബം​ഗാൾ ഘടകത്തെ ഒപ്പം നിർത്തി ലക്ഷ്യത്തി ലെത്തി. വി എസ് പറയുന്ന മലയാളത്തെ മനസിലാക്കി പൊളിറ്റ് ബ്യൂറോയിൽ ശബ്ദമുയർത്തി. വിഎസിനെ പൊളിറ്റ് ബ്യൂറോയിൽ നിന്ന് പുറത്താക്കിയപ്പോഴും അതിനെ ഒറ്റയ്ക്ക് എതിർത്ത ഏകവ്യക്തിയും യെച്ചൂരിയായിരുന്നു. ലാവ്ലിൻ കേസിലും വിഎസിനൊപ്പം നിന്നു.

പിണറായി വിജയനോട് ആദർശപരമായി വിയോജിപ്പുകൾ ഉയർത്തിയെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ കരുത്തിനെ യെച്ചൂരി അവ​ഗണിച്ചില്ല. അതുകൊണ്ട് തന്നെ 2015 വിശാഖ പട്ടണം പാർട്ടി കോൺ​ഗ്രസിൽ മലയാളിയായ എസ് രാമചന്ദ്രൻ പിള്ളയെ മറികടന്ന് ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി എത്തിയതും പിണറായി ഉൾപ്പെടുന്ന കേരള ഘടകത്തിന്റെ പിന്തുണയോടെ ആയിരുന്നു. എന്നാൽ ബിജെപി വിരുദ്ധ പോരാട്ടത്തിന് കോൺ​ഗ്രസിനോട് മൃത്യു സമീപനം വേണമെന്ന യെച്ചൂരിയുടെ പ്രായോ​ഗിക വാദത്തെ കേരളത്തിലെ നേതാക്കൾ അം​ഗീകരിച്ചിരുന്നില്ല. കോടിയേരി ബാലകൃഷ്ണന്റെ ആരോ​ഗ്യ സഥിതി മോശമായപ്പോൾ എ വിജയരാഘവന് സെക്രട്ടറിയുടെ ചുമതലനൽകിയും പിബിയിലേക്ക് ഉയർത്തിയും കേരളത്തിന്റെ സിപിഎം രാഷ്ട്രീയത്തെ യെച്ചൂരി വരുതിയിലാക്കി.

സഖാക്കൾക്ക് വിനയം വേണമെന്ന് കേരളത്തിലെ നേതാക്കളെ എക്കാലവും യെച്ചൂരി ഓർമ്മിപ്പിച്ചിരുന്നു. കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തെ ഇത്രത്തോളം മനസിലാ ക്കിയ മറ്റൊരു മലയാളി അല്ലാത്ത നേതാവില്ല. തെരഞ്ഞെടുപ്പ് അവലോകനങ്ങൾക്കുള്ള മേഖലാ യോ​ഗങ്ങൾക്കാണ് സീതാറാം യെച്ചൂരി അവസാനമായി കേരളത്തിലെത്തിയത്.


Read Previous

രാഷ്ട്രീയ അയിത്തം കല്‍പ്പിക്കുന്നവര്‍ ക്രിമിനലുകള്‍; ചര്‍ച്ചകളോട് പുച്ഛം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

Read Next

സ്‌കൂളേ വിട പുസ്തകമേ വിട; സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും ഇന്ന് അടയ്ക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »