തിരുവനന്തപുരം: സ്ത്രീ ശാക്തീകരണത്തില്‍ മുന്നിലാണ് കേരളം. വോട്ടര്‍മാരുടെ എണ്ണത്തിലും മുന്നില്‍ സ്ത്രീകള്‍ തന്നെയാണ്. എന്നാല്‍ സ്ഥാനാര്‍ഥികളുടെ എണ്ണ ത്തിലോ, തെരഞ്ഞെടുക്കപ്പെടുന്നവരുടെ എണ്ണത്തിലോ ഈ മുന്നേറ്റം പ്രകടമല്ലെന്ന് കണക്കുകള്‍ പറയുന്നു.

1952 മുതല്‍ 2019 വരെ നടന്ന 17 തെരഞ്ഞെടുപ്പുകളില്‍ കേരളത്തെ പ്രതിനീധികരിച്ച് ലോക്‌സഭയിലെത്തിയ വനിതകള്‍ പതിമൂന്ന് പേരാണ്. 1991ലെയും 2004ലെയും തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നിന്ന് രണ്ട് വീതം അംഗങ്ങള്‍ പാര്‍ലമെന്റില്‍ എത്തി. ഏറ്റവും കുടുതല്‍ വനിത അംഗങ്ങളെ പാര്‍ലമെന്റില്‍ എത്തിച്ചത് സിപിഎം ആണ്. എട്ടുതവണയായി അഞ്ചുപേരെ സിപിഎമ്മും കോണ്‍ഗ്രസ് രണ്ടുപേരെയും ഒരാളെ സിപിഐയും ലോക്‌സഭയില്‍ എത്തിച്ചു.
സ്വാതന്ത്ര്യസമരസേനാനിയും അഭിഭാഷകയുമായ ആനി മസ്‌ക്രീനാണ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ആദ്യമായി എത്തിയ വനിത. അക്കാലത്ത് കേരളം രൂപീകൃതമായി രുന്നില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവായ ടികെ നാരായണപിള്ളയെ പരാജയപ്പെടുത്തി തിരുവനന്തപുരത്ത് നിന്ന് സ്വതന്ത്രസ്ഥാനാര്‍ഥിയായിട്ടായിരുന്നു വിജയം. 1957, 1962 ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ കേരളത്തില്‍ നിന്ന് സത്രീ പ്രാതിനിധ്യം ഉണ്ടായി രുന്നില്ല. മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സരോജിനി പരാജയപ്പെട്ടു.
67ല്‍ മൂന്ന് വനിതകള്‍ മത്സരിച്ചെങ്കിലും അമ്പലപ്പുഴയില്‍ നിന്ന് സുശീല ഗോപാലന്‍ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. 71ല്‍ സുശീല ഗോപാലന്‍, ദാക്ഷായണി വേലായുധന്‍, ലീലാ ദാമേദരമേനോന്‍, ഭാര്‍ഗവി തങ്കപ്പന്‍ എന്നിവര്‍ മത്സരിച്ചെങ്കിലും ജയിച്ചത് ഭാര്‍ഗവി തങ്കപ്പന്‍ മാത്രം. 77ല്‍ 20 വനിതകള്‍ മത്സരിച്ചെങ്കിലും ആരും വിജയിച്ചില്ല. 1980ല്‍ ഓമനപിള്ളയെ പരാജയപ്പെടുത്തി സുശീല പാര്‍ലമെന്റില്‍ മടങ്ങിയെത്തി. 84 ലെ പൊതുതെരഞ്ഞെടുപ്പില്‍ ഏഴ് വനിതകള്‍ മത്സരിച്ചെങ്കിലും വിജയം പുരുഷന്‍ മാര്‍ക്കൊപ്പം നിന്നു. 1989ല്‍ എഴുത്തുകാരി മാധവിക്കുട്ടി ഉള്‍പ്പെടെ എട്ട് വനിതകള്‍ മത്സരിച്ചെങ്കിലും കോണ്‍ഗ്രസിലെ സാവിത്രി ലക്ഷ്മണ്‍ മാത്രമാണ് വിജയിച്ചത്.
1991ല്‍ മത്സരരംഗത്തുണ്ടായിരുന്നത് 10 വനിതാ സ്ഥാനാര്‍ത്ഥികള്‍. ഇവരില്‍ കോണ്‍ഗ്രസിലെ സാവിത്രി ലക്ഷ്മണും സിപിഎമ്മില്‍ നിന്ന് സുശീലയും തെരഞ്ഞെ ടുക്കപ്പെട്ടു. 1996-ലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മില്‍ നിന്നും സിപിഐയില്‍ നിന്നും വനിതാ സ്ഥാനാര്‍ത്ഥികളൊന്നും ഉണ്ടായിരുന്നില്ല, കോണ്‍ഗ്രസും ജനതാദളും ഓരോ സ്ത്രീയെ വീതം നിര്‍ത്തി. ആകെ 10 വനിതകള്‍ മത്സരരംഗത്തുണ്ടായിരുന്നെങ്കിലും ആരും വിജയിച്ചില്ല.
1998ല്‍ 12-ാം ലോക്സഭയിലേക്ക് 13 സ്ഥാനാര്‍ഥികള്‍ മത്സരിച്ചെങ്കിലും സിപിഎമ്മിന്റെ എകെ പേമജം മാത്രം വടകരയില്‍ നിന്നും തെരഞ്ഞടുക്കപ്പെട്ടു. 1999 ലെ തെരഞ്ഞെ ടുപ്പില്‍ 13 വനിതാ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നു, എന്നാല്‍ സിപിഎമ്മിന്റെ എകെ പ്രേമജം മാത്രമാണ് വടകരയില്‍ നിന്ന് രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടത്. 2004ല്‍ 15 വനിതകളാണ് കേരളത്തില്‍ നിന്ന് മത്സരിച്ചത്. വടകരയില്‍ സിപിഎമ്മിലെ പി സതീദേവി ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ചപ്പോള്‍ മാവേലിക്കരയില്‍ സിപിഎമ്മിലെ സിഎസ് സുജാത കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പരാജയപ്പെടുത്തി. 2009ല്‍ 15 വനിതകള്‍ മത്സരിച്ചെങ്കിലും ആരും വിജയിച്ചില്ല. 2014ലെ തെരഞ്ഞെടുപ്പില്‍ 27 വനിതകള്‍ മത്സരിച്ചെങ്കിലും സിപിഎമ്മിലെ പികെ ശ്രീമതി മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. കെ സുധാകരനെ പരാജയപ്പെടുത്തിയായിരുന്നു ശ്രീമതിയുടെ വിജയം. 2019 ലെ പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പില്‍ 23 വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്നു. കോണ്‍ഗ്രസിന്റെ രമ്യാ ഹരിദാസ് മാത്രമാണ് ആലത്തൂരില്‍ വിജയിച്ചത്.
ഈ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഒന്‍പതുപേര്‍മാത്രമാണ് വനിതകള്‍. എന്‍ഡിഎ അഞ്ച് വനിതകളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ എല്‍ഡിഎഫില്‍ മൂന്നുപേരും യുഡിഎഫില്‍ ഒരു വനിതയും മാത്രമാണ് ഇടംപിടിച്ചത്. വടകരയില്‍ കെകെ ശൈലജയും എറണാകുളത്ത് കെജെ ഷൈനുമാണ് സിപിഎം സ്ഥാനാര്‍ഥി. വയനാട്ടില്‍ ആനി രാജയാണ് സിപിഐ സ്ഥാനാര്‍ഥി. ആലപ്പുഴയില്‍ ശോഭ സുരേന്ദ്രനും കാസര്‍കോട് എംഎല്‍ അശ്വനിയും ആലത്തൂരില്‍ ടിഎന്‍ സരസുവും പൊന്നാനിയില്‍ നിവേദിത സുബ്രഹ്മണ്യനുമാണ് ബിജെപി സ്ഥാനാര്‍ഥി. ഇടുക്കിയില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയായി സംഗീത വിശ്വനാഥനും മത്സരിക്കുന്നു. ആലത്തൂരില്‍ രമ്യാഹരിദാസ് ആണ് യുഡിഎഫിന്റെ ഏകവനിതാ സ്ഥാനാര്‍ഥി.
ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതകള്‍
1952 ആനി മസ്‌ക്രീന്‍
1967 സുശീല ഗോപാലന്‍
1971 ഭാര്‍ഗവി തങ്കപ്പന്‍
1980 സുശീല ഗോപാലന്‍
1989 സാവിത്രി ലക്ഷ്മണന്‍
1991 സാവിത്രി ലക്ഷ്മണന്‍, സുശീല ഗോപാലന്‍
1998 എകെ പ്രേമജം
1999 എകെ പ്രേമജം
2004 പി സതീദേവി, സിഎസ് സുജാത
2014 പികെ ശ്രീമതി
2019 രമ്യ ഹരിദാസ്