
കൊച്ചി: നഗരത്തിലെ കാനകളുടെ ശുചീകരണത്തിലെ വീഴ്ചയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. അവസാനനിമിഷമാണോ കാര്യങ്ങള്‍ ചെയ്യുന്നതെന്ന് ചോദിച്ച കോടതി, ഒരു മാസ്റ്റര്‍ പ്ലാന്‍ വേണ്ടേയെന്നും ആരാഞ്ഞു. കോടതി തുടര്‍ച്ചയായി ഇടപെട്ടിട്ടും നടപടികള്‍ കാര്യക്ഷമമാവുന്നില്ലെന്നും ഹൈക്കോടതി പരാമര്‍ശിച്ചു.
കഴിഞ്ഞദിവസങ്ങളിലെ മഴയില്‍ കൊച്ചി നഗരത്തിലേയും പരിസരപ്രദേശങ്ങളിലേയും വെള്ളക്കെട്ട് ജനജീവിതം ദുസ്സഹമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ മുന്നിലെത്തിയപ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.
കാനകളുടെ ശുചീകരണത്തില്‍ പലവട്ടം പലകാര്യങ്ങളും പറഞ്ഞുമടുത്തുവെന്ന് കോടതി പറഞ്ഞു. കുറച്ചുനേരം മഴപെയ്താല്‍ തന്നെ വലിയ ദുരിതമാണ്. കോടതി തുടര്‍ച്ചയായി ഇടപെട്ടിട്ടും മാറ്റമൊന്നും ഉണ്ടായിട്ടില്ല. വീഴ്ചകള്‍ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരു കാരണമായി പരിഗണിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മഴക്കാലത്തിന് മുമ്പുള്ള തയ്യാറെടുപ്പുകള്‍ ദുര്‍ബലമാണെന്നായിരുന്നു അമിക്കസ് ക്യൂറിയുടെ കണ്ടെത്തല്‍. കാനകളില്‍ മാലിന്യം തള്ളുന്നത് വലിയ പ്രശ്‌നമാണെന്നാണ് കൊച്ചി കോര്‍പ്പറേഷന്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതിനെതിരെ മിന്നല്‍ പരിശോധനയടക്കം നടത്തുന്നുണ്ടെന്നും കോടതിയെ ബോധിപ്പിച്ചു. അതേസമയം, ഹര്‍ജികള്‍ വെള്ളിയാഴ്ച പരിഗണിയ്ക്കാന്‍ മാറ്റി.