
ഓണം ആഘോഷമാക്കാൻ ഒരുങ്ങി കസവുടുത്ത് റെഡിയായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം. എയർലൈനിന്റെ ഏറ്റവും പുതിയ വിമാനമായ ബോയിങ് 737-8 -നെയാണ് ഓണം പ്രമാണിച്ച് ഒരുക്കിയെടുത്തത്. കേരള വസ്ത്ര ശൈലിയായ കസവ് മാതൃകയിൽ ടൈൽ ആർട്ട് ഉപയോഗിച്ചാണ് വിമാനം രൂപകൽപ്പന ചെയ്തിട്ടുള്ളത്. എയർ ഇന്ത്യ തന്നെയാണ് ട്വിറ്റർ വഴി വിമാനത്തിന്റെ ചിത്രം പങ്കുവെച്ചത്.
മലയാളി തനിമയിലാണ് കസവ് വിമാനം ബുധാനാഴ്ച കൊച്ചിയിൽ വന്നിറങ്ങിയത്. ക്യാബിൻ ക്രൂ ഒഴികെയുള്ള എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരെല്ലാം കസവ് വസ്ത്രങ്ങൾ അണിഞ്ഞാണ് വിമാനത്തെ വരവേൽക്കാൻ എത്തിയത്. അതോടൊപ്പം, ചെക്ക് ഇൻ കൗണ്ടറുകൾക്ക് മുന്നിലും വിമാനത്തിന് സമീപവും പൂക്കളവും ഒരുക്കി യിരുന്നു. കൂടാതെ ബെംഗളുരുവിലേക്ക് പോകുന്ന ഈ വിമാനത്തിലെ യാത്രക്കാരെ കസവ് ഷാൾ അണിയിച്ച് സ്വീകരിച്ചത് അവർക്കും ഒരു പുതു അനുഭവമായി. ഈ വിമാനത്തിൽ 180 പേർക്ക് വരെ യാത്ര ചെയ്യാൻ സാധിക്കും.
അതെ സമയം, 2023 ഒക്ടോബറിലാണ് എയർ ഇന്ത്യ പുതിയ ബ്രാൻഡ് അവതരിപ്പിച്ചത്. അതിനു പിന്നാലെ ഇവർ ഫ്‌ളീറ്റിലേക്ക് ഉൾപ്പെടുത്തിയത് 34 പുതിയ വിമാനങ്ങളാണ്. ഇതിലെ ഓരോ വിമാനങ്ങളിലും ഓരോ പ്രദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ടൈൽ ആർട്ടുകൾ ചെയ്തിട്ടുണ്ട്. കേരളത്തിന്റെ കസവ്, തമിഴ്‌നാടിന്റെ കാഞ്ചീപുരം, ആന്ധ്രാ പ്രദേശിന്റെ കലംകാരി, മധ്യപ്രദേശിലെ ചന്ദേരി, ഉത്തർപ്രദേശിലെ ബനാ റസി, തുടങ്ങിയ വിവിധ ടൈൽ ആർട്ടുകളാണ് വിമാനങ്ങൾക്ക് നൽകിയിട്ടുള്ളത്. ആകെ മൊത്തം 85 വിമാനങ്ങളാണ് എയർഇന്ത്യ എക്സ്പ്രസിനുള്ളത്.
കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നായി ആഴ്ച തോറും 300 വിമാന സർവീസുകളാണ് എയർ ഇന്ത്യക്കുള്ളത്. തിരുവനന്തപുരത്ത് നിന്നും 63, കൊച്ചിയിൽ നിന്നും 102, കോഴിക്കോട് നിന്നും 86, കണ്ണൂരിൽ നിന്നും 57 എന്നിങ്ങനെയാണ് വിമാന സർവീസുകളുടെ കണക്ക്.