ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
ജിദ്ദ: കാലത്തിൻറെ സൗന്ദര്യബോധത്തെ ഉണർത്തി മലയാളി ജീവിതത്തെയും പ്രകൃതിയെയും സംസ്കാരത്തെയും പ്രകാശമാനമാക്കിയ എം.ടി കാലത്തോട് പ്രതികരിച്ച മഹാനായ സർഗ പ്രതിഭയായിരുന്നുവെന്ന് പ്രശസ്ത എഴുത്തുകാരൻ ഡോ.ജോർജ് ഓണക്കൂർ അനുസ്മരിച്ചു. മലയാളം മിഷൻ സൗദിഅറേബ്യ ചാപ്റ്റർ സംഘടിപ്പിച്ച “എം.ടി. സ്മൃതി – കാലത്തിനപ്പുറം” എന്ന വെർച്വൽ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിള പോലെ സ്വച്ഛ സുന്ദരമായി ഒഴുകുന്ന വേറിട്ട ഒരു സാഹിത്യ ഭാഷ മലയാളത്തിന് സംഭാവന ചെയ്ത എം.ടിയുടെ ലളിതവും സുന്ദരവും കാവ്യാത്മകവുമായ ഭാഷയിലുള്ള മഹത്തായ രചനകൾ മനുഷ്യ സ്നേഹവും മാനവികതയും നിറഞ്ഞൊഴുകുന്ന മഹാനദിയാണ്. എം.ടി. എന്നത് രണ്ടക്ഷരമല്ല; ഗുരുത്വം എന്ന മൂന്നക്ഷരമാണെന്നും താനടക്കമുള്ള എഴുത്തുകാരുടെ പല തലമുറകളെ വളർത്തിയെടുത്ത ഗുരുവും വഴികാട്ടിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സാഹിത്യകാരൻ, സാംസ്കാരിക നായകൻ, ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, പത്രാധിപർ എന്നീ നിലകളിളെല്ലാം ബഹുമുഖപ്രതിഭയായി സൂര്യനെപ്പോലെ ജ്വലിച്ചുനിന്ന എം.ടി നമ്മുടെ സർഗമണ്ഡലത്തിൽ എക്കാലവും പ്രകാശനക്ഷത്രമായി തെളിഞ്ഞു നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.