അഞ്ചു പതിറ്റാണ്ടുകാലം രാഷ്ട്രീയം നിറഞ്ഞുനിന്ന 24 അക്ബർ റോഡ്, ചരിത്ര രഹസ്യങ്ങൾക്കു കാതോർത്ത ആ ‘രാജകീയ വസതി’ രാഷ്ട്രീയം വിടുന്നു; കോൺഗ്രസിന് ഇനി പുതിയ വിലാസം


ന്യൂഡല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ന് പുതിയ ആസ്ഥാന മന്ദിരത്തിലേക്കു മാറുന്നതോടെ ചരിത്രമാവുകയാണ്, അഞ്ചു പതിറ്റാണ്ടുകാലം രാഷ്ട്രീയം നിറഞ്ഞുനിന്ന അക്ബര്‍ റോഡിലെ ഈ ‘രാജകീയ വസതി’. ആ ചുവരുകള്‍ക്ക് സ്വയം സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ അത് കോണ്‍ഗ്രസിന്റെ ചരിത്രഗാഥകള്‍ വിളിച്ചുപറയുമായിരുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1978 ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍ന്ന് ഇന്ദിര ഗാന്ധി കോണ്‍ഗ്രസ് ഐ രൂപീകരിച്ചത് മുതല്‍ അക്ബര്‍ റോഡിലെ 24-ാം നമ്പര്‍ കെട്ടിടം ആയിരുന്നു പാര്‍ട്ടിയുടെ ഔദ്യോഗിക വസതി. കഴിഞ്ഞ 47 വര്‍ഷമായി പാര്‍ട്ടിയുടെ എല്ലാ ഉയര്‍ച്ചയ്ക്കും, താഴ്ചയ്ക്കും സാക്ഷിയായിരുന്നു അക്ബര്‍ റോഡിലെ ‘രാജകീയ വസതി’.

ഏഴ് കോണ്‍ഗ്രസ് പ്രസിഡന്റുമാരുടെ ഭരണകാലത്തിന് 24ാം നമ്പര്‍ കെട്ടിടം സാക്ഷ്യം വഹിച്ചു. 1978 ജനുവരിയിലാണ് ഇന്ദിരാഗാന്ധി അടക്കം ഇരുപത് നേതാക്കള്‍ പുതിയ ഓഫീസിലെത്തിയത്. ഇപ്പോള്‍ പാര്‍ട്ടി പുതിയ ഓഫീസിലേക്ക് മാറുന്നത് ജനുവരിയിലാണെന്നതും യാദൃച്ഛികം. അന്നും ഇന്നും കോണ്‍ഗ്രസ് പ്രതിപക്ഷത്താണെന്നത് മറ്റൊരു സമാനത.

ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായ, ആന്ധ്രാപ്രദേശില്‍ നിന്നുള്ള രാജ്യസഭാ എംപി ജി വെങ്കിട്ടസ്വാമിയുടെ ഔദ്യോഗിക വസതി ആയിരുന്നു 24, അക്ബര്‍ റോഡ്. കോണ്‍ഗ്രസ് പാര്‍ട്ടി എങ്ങനെയാണ്, ഏത് സാഹചര്യത്തിലാണ് ഇങ്ങോട്ട് ആസ്ഥാനം മാറിയതെന്നത് ഉള്‍പ്പടെ റഷീദ് കിദ്വായിയുടെ ’24 അക്ബര്‍ റോഡ്’ എന്ന പുസ്തകത്തില്‍ വിപുലമായി രേഖപ്പെടുത്തിയിട്ടുണ്ട്.

സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവും മ്യാന്‍മറിലെ മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും വേണ്ടി പോരാടിയ നേതാവുമായ ഓങ് സാന്‍ സൂ ചി കുട്ടിക്കാലത്ത് ഈ ബംഗ്ലാവില്‍ താമസിച്ചിരുന്നു. 1961ല്‍ അവരുടെ അമ്മ ബര്‍മന്‍ അംബാസിഡറായിരുന്നെന്നും കിദ്വായ് എഴുതുന്നു. ഡോ ഖിന്‍ കിയുടെ പ്രത്യേക പദവിയെ മാനിച്ച് ജവഹര്‍ലാല്‍ നെഹ്റു അന്ന്, അക്ബര്‍ റോഡിലെ 24 വസതിയെ ബര്‍മ്മ ഹൗസ് എന്നാണ് വിളിച്ചിരുന്നതെന്ന് കിദ്വായി പറയുന്നു. 1911നും 1925നും ഇടയില്‍ എഡ്വിന്‍ ല്യൂട്ടന്‍സ് നിര്‍മ്മിച്ച ഈ വീട്, ബ്രിട്ടീഷ് കൊളോണിയല്‍ വാസ്തുവിദ്യയുടെയും ആധുനിക ശൈലിയുടെയും മികച്ച ഉദാഹരണമാണ്.

പുതിയ കോണ്‍ഗ്രസ്‌ ആസ്ഥാന മന്ദിരം

അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള കാലഘട്ടം ഇന്ദിരാഗാന്ധി ഏറെ പരീക്ഷണങ്ങള്‍ നേരിട്ട കാലം കൂടിയായിരുന്നു. നെഹ്രു കുടുംബത്തിന്റെ വിശ്വസ്തനായ മുഹമ്മദ് യൂനുസ് തന്റെ വസതിയായ വില്ലിംഗ്ഡണ്‍ ക്രസന്റ് 12 ഗാന്ധി കുടുംബത്തിന് സ്വകാര്യ വസതിയായി നല്‍കി. ഇന്ദിര, രാജീവ്, ഭാര്യ സോണിയ, അവരുടെ കുട്ടികള്‍, രാഹുല്‍, പ്രിയങ്ക, സഞ്ജയ്, മേനക, കൂടാതെ അഞ്ച് നായ്ക്കളും ആ വസതിയില്‍ താമസിച്ചു. അവിടെ പാര്‍ട്ടി ഓഫിസ് കൂടി പ്രവര്‍ത്തിക്കുന്നതിനു സൗകര്യം ഇല്ലാത്തതിനാല്‍ അക്ബര്‍ റോഡ് 24 കോണ്‍ഗ്രസ് ആസ്ഥാനമായി തെരഞ്ഞെടുക്കുകയായിരുന്നു.

ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി പുതിയ ചരിത്രം രചിച്ചത് ഇവിടെ വച്ചാണ്. നിരവധി ചരിത്രപ്രധാനമായ തീരുമാനങ്ങളുടെ വേദിയായി മാറി ഇവിടം. 1980ല്‍ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ അധികാരം തിരിച്ചുപിടിച്ച് കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്, നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ സീതാറാം കേസരിയെ മാറ്റി പാര്‍ട്ടി നേതൃത്വത്തിലേക്കുള്ള സോണിയയുടെ വരവ്, 2004ലെയും 2009ലെയും തുടര്‍ച്ചയായ ലോക്സഭാ വിജയങ്ങള്‍, 2014ലെയും 2019ലെയും ഉണ്ടായ കനത്ത പരാജയങ്ങള്‍ ഇവ ആര്‍ക്കാണ് മറക്കാന്‍ കഴിയുക. മാസങ്ങള്‍ക്ക് മുമ്പ്, ലോക്സഭാ തെരഞ്ഞെടപ്പ് ഫലത്തിനുശേഷം ശേഷം കോണ്‍ഗ്രസിന്റെ തിരിച്ചുവരവില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുതിര്‍ന്ന നേതാവ് സോണിയയും രാഹുലും പ്രിയങ്കയും മധുരം പങ്കിട്ടതും ഇതേ ആസ്ഥാനത്തുവച്ചു തന്നെ.

10 ജന്‍പഥുമായി ബന്ധിപ്പിക്കുന്ന ഒരു ഗേറ്റ് ആ വസതിക്ക് ഉണ്ടായിരുന്നു. അന്ന് അത് യൂത്ത് കോണ്‍ഗ്രസിന്റെ ഓഫീസായിരുന്നു. പിന്നീട് അത് രാജീവ് ഗാന്ധിക്കും, സോണിയ ഗാന്ധിക്കും അനുവദിച്ചു. വര്‍ഷങ്ങളായി ഇരുകെട്ടിടങ്ങളും തമ്മിലുളള ബന്ധം അത്രമേല്‍ അഗാധവും ഊഷ്മളവുമായിരുന്നു, പാര്‍ട്ടിയുടെ അത്രയധികം സുപ്രധാനമായ യോഗങ്ങളും തീരുമാനങ്ങളുമാണ് ഇവിടെ നിന്നുണ്ടായത്.

സ്വാതന്ത്ര്യത്തിന് മുമ്പ്, അലഹബാദിലെ മോത്തിലാല്‍ നെഹ്റുവിന്റെ ആനന്ദ് ഭവനായിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആസ്ഥാനം. 1947 ന് ശേഷം, പാര്‍ട്ടിയുടെ ആസ്ഥാനം ന്യൂഡല്‍ഹിയിലേക്കു മാറി. 1969ലെ കോണ്‍ഗ്രസിലെ ആദ്യപിളര്‍പ്പോടെ ജന്തര്‍മന്ദിറിലെ പാര്‍ട്ടി ആസ്ഥാനത്തിന്റെ നിയന്ത്രണം ഇന്ദിരയ്ക്ക് നഷ്ടമായി. തുടര്‍ന്ന് എംവി കൃഷ്ണപ്പയുടെ വസതി ഇന്ദിരാഗാന്ധി താല്‍ക്കാലിക ഓഫീസാക്കി. 1971 ല്‍, കോണ്‍ഗ്രസ് ഓഫീസ് രാജേന്ദ്ര പ്രസാദ് റോഡിലേക്കും 1978 ല്‍ അവിടെ നിന്ന് 24 അക്ബര്‍ റോഡിലേക്കും മാറി.

ഇപ്പോള്‍ കോണ്‍ഗ്രസ് പുതിയ വിലാസത്തിലേക്ക്. കോട്‌ല മാര്‍ഗിലെ 9A യില്‍ പണിതിരിക്കുന്ന ഇന്ദിര ഭവനാണ് കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാനം. സോണിയാ ഗാന്ധിയാണ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത്. 6 നിലകളാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍, എഐസിസി ജനറല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, മറ്റ് ഭാരവാഹികള്‍ എന്നിവര്‍ക്ക് പ്രത്യേകം മുറികള്‍, പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനും, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിനും, പുതിയ ആസ്ഥാന മന്ദിരത്തില്‍ പ്രത്യേക മുറികള്‍, ഇതിന് പുറമെ പോഷക സംഘടനകള്‍ക്ക് പ്രത്യേക മുറികളും, കോണ്‍ഫറന്‍സ് ഹാളുകളും ഉണ്ട്.

പുതിയ ഓഫീസിലേക്ക് മാറുമ്പോള്‍ കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളികളും വലുതാണ്. പ്രത്യേകിച്ച് ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍. പുതിയ ആസ്ഥാനത്തേക്ക് മാറുന്നതോടെ പാര്‍ട്ടിക്ക് പുതിയ ഭാവി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം.


Read Previous

റിയാദ് തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷന് പുതിയ ഭാരവാഹികള്‍

Read Next

പീച്ചി ഡാം റിസർവോയറിൽ വീണ ഒരു പെൺകുട്ടി കൂടി മരിച്ചു, മരണം മൂന്നായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »