ന്യൂഡല്‍ഹി: ഗൾഫ് ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് 3,570 ഇന്ത്യക്കാർ മരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. എന്നാൽ ഇവരിൽ 3,280 പേരും ഗൾഫിലാണ് മരിച്ചത്. ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് സൗദി അറേബ്യയിലാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
അതിനിടെ വിദേശത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സാമ്പത്തിക സഹായം നൽകിയെന്ന് മന്ത്രി വി. മുരളീധരൻ വെക്തമാക്കി. വിദേശ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നില്ലെന്നിരിക്കെയാണ് ഇത്തരത്തിൽ മന്ത്രിയുടെ വിചിത്ര മറുപടി പുറത്ത് വരുന്നത്.
പി.വി അബ്ദുൽ വഹാബ് എം.പിയുടെ ചോദ്യത്തിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രേഖാമൂലം നൽകിയ മറുപടിയിലാണ് വിദേശത്തു മരിച്ച ഇന്ത്യക്കാരുടെ എണ്ണം വ്യക്തമാക്കിയിരിക്കുന്നത്. ഗൾഫ് ഉൾപ്പെടെ പുറംരാജ്യങ്ങളിൽ എത്ര ഇന്ത്യക്കാർ മരിച്ചുവെന്ന് ചോദ്യത്തിന് കൃത്യമായ ഉത്തരം ഇതുവരെയും ലഭിച്ചിരുന്നില്ല. പിന്നാലെ വിദേശ രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങൾ മുഖേന ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എണ്ണം തിട്ടപ്പെടുത്തിയിരിക്കുന്നതെന്നും മറുപടിയിൽ മന്ത്രി മുരളീധരൻ വിശദീകരിച്ചു.
അതേസമയം 1154 പേരാണ് സൗദി അറേബ്യയിൽ മാത്രം കോവിഡ് ബാധിച്ചു മരിച്ച ഇന്ത്യക്കാര്‍ തൊട്ട് പിന്നില്‍ യു.എ.ഇയാണ്. 894 ഇന്ത്യക്കാരാണ് യു.എ.ഇയിൽ മരിച്ചത്. കുവൈത്തിൽ 546 മരണം റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഒമാനിൽ 384ഉം ബഹ്റൈനിൽ 196ഉം ഖത്തറിൽ 106ഉം ഇന്ത്യക്കാർ കോവിഡ് ബാധിച്ചു മരിച്ചുവെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
290 പേർ മാത്രമാണ് മറ്റു വിദേശ രാജ്യങ്ങളിൽ കോവിഡ് ബാധിച്ചു മരിച്ചത്. 31 പേർ മരിച്ച നൈജീരിയയാണ് ഈ പട്ടികയിൽ മുന്നിൽ നില്കുന്നതെന്നും വിദേശകാര്യ സഹമന്ത്രി പറഞ്ഞു.