തർതീൽ-ഹോളി ഖുർആൻ മത്സര പരിപാടികളുടെ സൗദി തല രജിസ്‌ട്രേഷൻ ആരംഭിച്ചു.


ദമ്മാം: ഖുർആൻ പഠനവും പാരായണവും പ്രോത്സാഹിപ്പിക്കുന്നതിന്‌ പ്രവാസി വിദ്യാർഥികളെയും യുവജനങ്ങളെയും ലക്ഷ്യം വെച്ച്‌ രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ തലത്തിൽ സംഘടിപ്പിക്കുന്ന തർതീൽ-ഹോളി ഖുർആൻ മത്സര പരിപാടികളുടെ സൗദി തല രജിസ്‌ട്രേഷൻ ആരംഭിച്ചു.

ഖുർആൻ വാർഷിക മാസമായ വിശുദ്ധ റമളാനിൽ നടത്തിവരുന്ന തർതീലിന്റെ ആറാമത് പതിപ്പാണ്‌ ഈ വർഷം നടക്കുന്നത്‌. പാരായണം മുതൽ ഗവേഷണം വരെ പ്രത്യേക പാരമ്പര്യവും നിയമങ്ങളുമുള്ള ഖുർആൻ വിജ്ഞാനീയങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുകയും ഈ മേഖലയിലേക്ക്‌ പുതുതലമുറയെ വളർത്തിക്കൊണ്ടുവരിക യുമാണ്‌ തർതീൽ ലക്ഷ്യമാക്കുന്നത്‌.

ഒപ്പം അത്‌ മുന്നോട്ട്‌ വെക്കുന്ന മാനവിക മൂല്യങ്ങൾ സമൂഹത്തിന് പകർന്ന് നൽകി ഇസ്‌ലാമിന്റെ ജൈവികതയെ പ്രകാശിപ്പിക്കുക എന്നതും കാണുന്നു. 2023 ഫെബ്രുവരി 10 മുതൽ പ്രാദേശിക യൂനിറ്റിൽ നടക്കുന്ന സ്ക്രീനിങ്‌ പരിപാടിയോടെ തുടക്കം കുറിക്കുന്ന ‘തർതീൽ’ സെക്ടർ, സോൺ മൽസരങ്ങൾക്ക്‌ ശേഷം ഏപ്രിൽ 7ന്‌ നാഷനൽ മൽസരത്തോടെ സമാപിക്കും. ഓരോ തലത്തിലും വിജയിക്കുന്ന പ്രതിഭകളാണ്‌ തൊട്ടുമേൽഘടകത്തിൽ‌ മാറ്റുരക്കുക.

കിഡ്സ് ,ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി തിലാവത് (പാരായണം), ഹിഫ്ള് (മനഃപാഠം),  കഥപറയൽ,  ഖുർആൻ സെമിനാർ, ഖുർആൻ ക്വിസ്, രിഹാബുൽ ഖുർആൻ, മുബാഹസ എന്നിവയാണ് പ്രധാന മൽസര ഇനങ്ങൾ. കൂടാതെ നാഷനൽ മൽസരങ്ങളുടെ ഭാഗമായി ഖുർആൻ എക്സ്പോയും ഒരുക്കുന്നുണ്ട്‌. കേവല മൽസര വേദി എന്നതിനപ്പുറം ഖുർആൻ അറിവുകൾ, ചരിത്രം, രചനകൾ, ചിത്രങ്ങൾ, സ്പോട് കാലിഗ്രഫി തുടങ്ങി പഠനാർഹവും ആസ്വാദ്യകരവുമായ വേദിയാകും തർതീൽ.

വാർഷിക മൽസരങ്ങളോടനുബന്ധിച്ച്‌ ഓരോ വർഷവും അഭ്യന്തരമായി നടക്കുന്ന തൽമീഅ്, തഹ്സീൻ തുടങ്ങിയ പരിശീലന പദ്ധതിയിലൂടെയാണ്‌ ഈ രംഗത്തെ പ്രതിഭ കളെ ഒരുക്കിയെടുക്കുന്നതെന്നും തർതീൽ മത്സരങ്ങളുടെ ഭാഗമാകാൻ താല്പര്യപ്പെടു ന്നവർ www.thartheel.rscsaudieast.com എന്ന വെബ്സൈറ്റിൽ  രജിസ്റ്റർ ചെയ്യണമെന്നു സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രിസാല സ്റ്റഡി സർക്കിൾ സൗദി ഈസ്റ്റ്‌ ചെയർമാൻ ഇബ്രാഹിം അംജദി, ജനറൽ സെക്രട്ടറി റഊഫ്‌ പാലേരി, മീഡീയ സെക്രട്ടറി അനസ്‌ വിളയൂർ, സംഘടനാ സെക്രട്ടറി ഫൈസൽ വേങ്ങാട്‌, കലാലയം സെക്രട്ടറി മുഹമ്മദ്‌ സ്വാദിഖ്‌ സഖാഫി എന്നിവർ പങ്കെടുത്തു.


Read Previous

കേളി റുവൈദയിൽ യൂണിറ്റ് രൂപീകരിച്ചു

Read Next

ദാസൻ കൃഷ്ണനും, അലവിക്കും കേളി യാത്രയയപ്പ് നൽകി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »