
ഒരായിരം വർത്തമാനത്തിന്‍റെ-
എഴുതാപ്പുറങ്ങളിലൊളിപ്പിച്ച തരിശുഭൂമികളുണ്ട്,
വേദകാലവും, ബോധകാലവും-
പ്രാണരക്ഷാർത്ഥം
ദിശ മറന്ന്‍ അലഞ്ഞൊട്ടിയ
ഒരു തുണ്ട് ഭൂമിയിൽ,
ഉർവ്വരതയുടെ ഭ്രമചിത്തങ്ങൾ,,,,
സമയം നിർണ്ണയിയ്ക്കാൻ
ബാധ്യതയുള്ള,
ഒരു പിടിമണ്ണിന്‍റെ
ചൂടും ചൂരുമുള്ള ഒരു മഴയിലേയ്ക്ക്
പ്രവഹിയ്ക്കുന്ന
മഹാജലനിധി,
വർത്തമാനത്തിന്‍റെ ദൂരമളന്ന
സഞ്ചാരിയാകുന്നു.
ഇറങ്ങി നിൽക്കെ ഉടൽ വലിച്ചു കൊണ്ട്
പോകുന്ന അനായാസങ്ങൾ,,,,,
വനതപസ്സുകൾ ചൂതാടിയ-
ശിഥിലചിന്തകളുടെ ഉടൽവാർത്ത്,
ആനന്ദമാകുന്ന ഭൂമികല്പനകളുടെ
ഉച്ഛ്വാസവായുവിൽ അടക്കംചെയ്യപ്പെട്ട
ഋഷികളുടെ പരമാണു,
കർഷകന്‍റെ വിയർപ്പിനാൽ
ഉദയം ചെയ്യപ്പെടണം.
നെൽക്കതിരുകൾ ചുടുചോരയിൽ
വേവിച്ച് ആത്മശാന്തിയ്ക്ക്
പാനം ചെയ്യണം,,,,
ഭീതിയുടെ അവരോഹണക്രമങ്ങളിൽ
തുടർച്ചകളുടെ സുവിശേഷങ്ങൾ
പറഞ്ഞ്,
ആശ്വാസ കവചങ്ങളണിഞ്ഞ
നാളെകളിലേയ്ക്ക്
ഇളംകാലുകൾ പിച്ച വയ്ക്കുന്നുണ്ട്,
വിണ്ടുകീറിയടർന്നു പൊട്ടിയൊലിച്ചു-
പോയ വിടവുകൾ, ചൂണ്ടുപലകയിലെ
അടയാളം പോലെ നമ്മിലേയ്ക്ക്
തിരിഞ്ഞു നിൽക്കുന്നുണ്ട്,
ഇനിയും എഴുതപ്പെടാത്ത ഒരു വർത്തമാനം പോലെ…….
