ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അക്രമസംഭവങ്ങൾ നടന്ന ബൂത്തുകളിൽ റീപോളിംഗ് പ്രഖ്യാപിച്ച് ഇലക്ഷൻ കമ്മീഷൻ. 604 ബൂത്തുകളിലാണ് റീപോളിംഗ് പ്രഖ്യാപിച്ചത്. ജൂലൈ 10 തിങ്കളാഴ്ച രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെ പുതിയ വോട്ടെടുപ്പ് നടക്കുമെന്ന് എസ്ഇസി അറിയിച്ചു.

സംസ്ഥാനത്ത് വോട്ടെടുപ്പിനിടെയുണ്ടായ അക്രമത്തിൽ 19 പേരാണ് കൊല്ലപ്പെട്ടത്. ബാലറ്റ് പെട്ടികളും ബാലറ്റ് പേപ്പറുകളും നശിപ്പിച്ച നിരവധി സംഭവങ്ങളും പകൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ (എസ്ഇസി) മരണങ്ങളെയും അക്രമങ്ങളെയും കുറിച്ച് ജില്ലാ മജിസ്ട്രേറ്റുമാരിൽ നിന്ന് (ഡിഎം) വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു .
സംസ്ഥാനത്തെ ത്രിതല പഞ്ചായത്ത് സംവിധാനത്തിലെ 73,887 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്, 2.06 ലക്ഷം സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. താത്കാലി കമായി 66.28 ശതമാനം പോളിങ് രേഖപ്പെടുത്തി.