മുംബൈ: മഹാരാഷ്ട്രയില്‍ നാഗ്പുര്‍-മുംബൈ സമൃദ്ധി അതിവേഗ പാതയുടെ നിര്‍മാണത്തിനിടെ ക്രെയിന്‍ തകര്‍ന്ന് മരിച്ചവരുടെ എണ്ണം ഇരുപതായി. ഇതില്‍ രണ്ട് പേര്‍ എന്‍ജിനിയര്‍മാരും 18 പേര്‍ നിര്‍മാണ തൊഴിലാളികളുമാണ്. പരിക്കേറ്റ ആറ് പേരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

മരിച്ചവരില്‍ 15 പേരെ തിരിച്ചറിഞ്ഞു. രണ്ടുപേര്‍ തമിഴ്‌നാട്ടുകാരും മറ്റുള്ളവര്‍ ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ്. മുംബൈയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ ഷഹപുര്‍ താലൂക്കിലെ സര്‍ലാംബെ ഗ്രാമത്തിന് സമീപം ഇന്നലെയായിരുന്നു അപകടം. 700 ടണ്‍ ഭാരമുള്ള ക്രെയിന്‍ 35 മീറ്റര്‍ താഴേക്ക് പതിച്ചാണ് ദുരന്തമുണ്ടായത്.
പോലീസ്, അഗ്‌നിരക്ഷാസേന, എന്‍.ഡി.ആര്‍.എഫ്. സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ കല്‍വയിലെ ആശുപത്രിയില്‍ പ്രവേശി പ്പിച്ചു. തൊഴിലാളികളെ നിയോഗിച്ച നവയുഗ് എന്‍ജിനിയറിങ് കമ്പനിക്കും വി.എസ്. എല്‍ പ്രൈവറ്റിനുമെതിരേ കേസെടുത്തു.
മരിച്ചവരുടെ ആശ്രിതര്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടുലക്ഷം രൂപയും സഹായധനം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. മുംബൈയെയും നാഗ്പുരിനെയും ബന്ധിപ്പിക്കുന്ന 701 കിലോമീറ്റര്‍ അതിവേഗ പാതയുടെ 100 കിലോമീറ്ററിലാണ് നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നത്.