യുഎൻ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ചർച്ചയിൽ കാശ്മീർ വിഷയം വലിച്ചിഴയ്ക്കുന്നതിന് പകരം തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇന്ത്യയുടെ യുഎൻ മിഷൻ കൗൺസിലർ ആർ മധു സുദൻ പാകിസ്ഥാനോട് ആവശ്യപ്പെട്ടു.

“യുഎൻ സുരക്ഷാ കൗൺസിലിന്റെ സമയം നന്നായി വിനിയോഗിക്കുക, എന്റെ രാജ്യത്തിനെതിരെ നിസ്സാരമായ ആരോപണങ്ങളിൽ ഏർപ്പെടുന്നതിനുപകരം അവരുടെ ആഭ്യന്തര കാര്യങ്ങൾ പരിഹരിക്കുന്നതിലും സ്വന്തം അതിർത്തിക്കുള്ളിൽ ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ബന്ധപ്പെട്ട പ്രതിനിധി സംഘത്തോട് ഞാൻ നിർദ്ദേശിക്കുന്നു,” – ആർ മധു സുദൻ പറഞ്ഞു.
പട്ടിണിയും സംഘർഷവും മൂലമുള്ള ‘ആഗോള ഭക്ഷ്യ അരക്ഷിതാവസ്ഥ’യിന്മേലുള്ള യുഎൻ സുരക്ഷാ കൗൺസിലിന്റെ ഓപ്പൺ ഡിബേറ്റിനിടെയാണ് സംഭവം. ചർച്ചയിൽ പാകിസ്ഥാൻ പ്രതിനിധി ഉന്നയിച്ച കശ്മീർ വിഷയത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭക്ഷ്യസുരക്ഷ എന്ന സുപ്രധാന വിഷയത്തിൽ നിന്ന് ഈ കൗൺസിലിന്റെ ശ്രദ്ധ തിരിക്കുന്നതിന് പാകിസ്ഥാൻ പ്രതിനിധി സംഘം ഈ ഫോറം വീണ്ടും ദുരുപയോഗം ചെയ്യുന്നതായും അദ്ദേഹം ആരോപിച്ചു.
അതിർത്തി കടന്നുള്ള ഭീകരവാദത്തിനും കശ്മീർ പ്രശ്‌നത്തിനും ഇസ്‌ലാമാബാദിന്റെ തുടർ പിന്തുണ ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വർഷങ്ങളായി അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ട്.