യു.എ.ഇയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയാകാന്‍ നൂറ അല്‍ മത്‌റൂഷി; അടുത്ത വര്‍ഷം യാത്ര തിരിക്കും


അബുദാബി: യു.എ.ഇയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയാകാനൊരുങ്ങി നൂറ അല്‍ മത്റൂഷി. നൂറയും സംഘവും അടുത്ത വര്‍ഷം ബഹിരാകാശത്തേക്ക് യാത്ര തിരിക്കും. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് യു.എ.ഇയുടെ ഏറ്റവും പുതിയ ദൗത്യത്തെക്കുറിച്ച് പ്രഖ്യാപിച്ചത്.

ദുബായിലെ മുഹമ്മദ് ബിന്‍ റഷീദ് സ്പേസ് സെന്ററില്‍ നടന്ന യോഗത്തിന് ശേഷമാണ് അദ്ദേഹം സമൂഹ മാധ്യമമായ എക്സ് വഴി പ്രഖ്യാപനം നടത്തിയത്. നൂറയ്ക്കൊപ്പം ബഹിരാകാശ യാത്രയ്ക്കായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് അല്‍ മുല്ലയും യാത്ര തിരിക്കും. അറബ് ലോകത്തെ ഏറ്റവും നൂതന ഉപഗ്രഹമായ ‘എംബിസെഡ് സാറ്റ്’ അടുത്ത വര്‍ഷം വിക്ഷേപിക്കുമെന്നും ദുബായ് കിരീടാവകാശി അറിയിച്ചു.

ദുബായ് പോലീസ് മുന്‍ ഹെലികോപ്ടര്‍ പൈലറ്റായ മുഹമ്മദ് അല്‍ മുല്ലയെയും എന്‍ജിനിയര്‍ നൂറ അല്‍ മത്റൂഷിനെയും 2021-ല്‍ ബഹിരാകാശ ദൗത്യത്തിന് തിരഞ്ഞെടുത്തിരുന്നു. തുടര്‍ന്ന് നാസ പരിശീലന കേന്ദ്രത്തിലേക്ക് അയച്ചു. ഇവിടെ അവസാനഘട്ട പരിശീലനത്തിലാണ് ഇരുവരും. അടുത്തിടെയാണ് ആറു മാസത്തെ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി സുല്‍ത്താന്‍ അല്‍ നെയാദി തിരികെ യു.എ.യിലെത്തിയത്. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനവും.

ബഹിരാകാശ പര്യവേക്ഷണത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ യുഎഇക്ക് സുപ്രധാന പങ്കുണ്ട്. മാനവരാശിക്ക് ശാശ്വത നേട്ടങ്ങള്‍ കൈവരുന്ന പദ്ധതികളിലൂടെ ആഗോള ബഹിരാകാശ വ്യവസായത്തില്‍ യുഎഇയുടെ സ്ഥാനം ഉയരുമെന്നും ദുബായ് കിരീടാവകാശി പറഞ്ഞു.


Read Previous

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളി ഡ്രൈവര്‍ക്ക് കോടികള്‍

Read Next

പ്രതികാരം ചെയ്യേണ്ട സംവിധാനമല്ല ഇ.ഡി; അറസ്റ്റിന്റെ കാരണം അപ്പോള്‍ തന്നെ കാണിക്കണം’: സുപ്രീം കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »