
ഒരു സിനിമാകഥയെ വെല്ലുന്നതാണ് നടനും സംവിധായകനുമായ രാഘവ ലോറന്സിന്റെ ജീവിതം. കല്ലുകളും മുള്ളുകളും നിറഞ്ഞ വഴികള്‍ താണ്ടിയാണ് ഇന്നു കാണുന്ന പേരിലേക്കും പ്രശസ്തിയിലേക്കും ലോറന്‍സെത്തിയത്. സ്റ്റണ്ട് മാസ്റ്റര്‍ സൂപ്പര്‍ സുബ്രഹ്‌മണ്യന്റെ കാര്‍ ക്ലീനറായി ജോലി ചെയ്തിരുന്ന ലോറന്‍സ് ഡാന്‍സിനോടുള്ള അടങ്ങാത്ത ആഗ്രഹം മൂലം സിനിമയില്‍ എത്തിയ ആളാണ്.
തുടക്കക്കാലത്ത് പ്രഭുദേവ, ചിരഞ്ജീവി എന്നിവരുടെ ചിത്രങ്ങളില്‍ ബാഗ്രൗണ്ട് ഡാന്‍സറായി പ്രവര്‍ത്തിച്ചു. ലോറന്‍സിന്റെ നൃത്തം കണ്ട് ഇഷ്ടപ്പെട്ട രജിനികാന്ത് അദ്ദേഹത്തെ ഡാന്‍സേഴ്‌സ് യൂണിയനില്‍ അംഗത്വമെടുക്കാന്‍ സഹായിക്കുകയായിരുന്നു. തുടര്‍ന്ന് ഏതാനും സിനിമകളില്‍ നൃത്ത സംവിധായകന്റെ സഹായിയായി പ്രവര്‍ത്തിച്ചു. നൃത്തത്തിലുള്ള പാടവം തന്നെയാണ് അഭിനയരംഗത്തും ലോറന്‍സിന് തുണയായത്. 1999 ല്‍ മുപ്പലേനി ശിവ സംവിധാനം ചെയ്ത സ്പീഡ് ഡാന്‍സര്‍ എന്ന ചിത്രത്തില്‍ നായകനായി അഭിനയിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചത് അങ്ങനെയായിരുന്നു.
സിനിമയില്‍ ഇന്ന് രാഘവാ ലോറന്‍സ് ഒരു ബ്രാന്‍ഡാണ്. എന്നാല്‍ തന്റെ ഇതുവരെയുള്ള സിനിമാ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ നിറത്തിന്റെ പേരില്‍ വിവേചനം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് താരം. കാര്‍ത്തിക് സുബ്ബുരാജ് സംവിധാനം ചെയ്ത ജിഗര്‍താണ്ട ഡബിള്‍ എക്‌സ് എന്ന സിനിമയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിറത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ടതിനെ കുറിച്ച് പറഞ്ഞത്. കളര്‍ പൊളിറ്റിക്‌സ് ഇപ്പോഴും തമിഴ് സിനിമയില്‍ ഉണ്ടോ എന്ന ചോദ്യത്തിന് ‘ഇപ്പോഴതില്ല. ഞാന്‍ ഗ്രൂപ്പ് ഡാന്‍സറായി ഇരുന്ന സമയത്ത് ഉണ്ടായിരുന്നുവെന്ന് രാഘവാ ലോറന്‍സ് പറഞ്ഞു.
നിറത്തിന്റെ പേരിലുള്ള വേര്‍തിരിവ് തമിഴ് സിനിമയില്‍ ഇപ്പോഴില്ല. എന്നാല്‍ നേരത്തേയുണ്ടായിരുന്നു. താന്‍ ഗ്രൂപ്പ് ഡാന്‍സര്‍ ആയിരുന്ന കാലത്തെല്ലാം. പ്രഭുദേവ മാസ്റ്റര്‍ വന്നതോടെയാണ് അതൊക്കെ മാറുന്നത്. അതിന് മുമ്പ് എന്നെ കറുത്ത പട്ടി എന്നെല്ലാം വിളിച്ചിട്ടുണ്ട്. പിന്നിലേക്ക് പോയി നില്‍ക്കൂവെന്ന് പറഞ്ഞിട്ടുണ്ട്. രണ്ടാമത്തെ വരിയില്‍ നിന്നാല്‍ പോലും പിന്നിലേക്ക് മാറി നില്‍ക്കാന്‍ പറയുമായിരുന്നുവെന്നും ലോറന്‍സ് പറഞ്ഞു.
രാഘവ ലോറന്‍സ്, എസ്.ജെ.സൂര്യ, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്ക് പുറമേ നിമിഷ സജയനും ജിഗര്‍താണ്ട ഡബിള്‍ എക്സില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. 1975-ആണ് കഥാപശ്ചാത്തലം. നവംബര്‍ 10ന് തിയറ്ററുകളിലെത്തുന്ന ഈ ചിത്രം ‘ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സ്’ന്റെയും ‘സ്റ്റോണ്‍ ബെഞ്ച് ഫിലിംസ്’ന്റെയും ബാനറില്‍ കാര്‍ത്തികേയന്‍ സന്താനവും കതിരേശനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെയറര്‍ ഫിലിംസ് കേരളത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.