സുരക്ഷാ വീഴ്ചയില്‍ പ്രധാനമന്ത്രിക്ക് കടുത്ത അമര്‍ഷം; ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം; അമിത് ഷാ വിശദീകരണം നല്‍കണമെന്ന ആവശ്യം തള്ളി സ്പീക്കര്‍


ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ഇന്നലെയുണ്ടായ സുരക്ഷാ വീഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ മുതിര്‍ന്ന മന്ത്രിമാര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. സുരക്ഷാവീഴ്ചയില്‍ പ്രധാനമന്ത്രി കടുത്ത അമര്‍ഷം രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

കേന്ദ്രമന്ത്രിമാരായ അമിത് ഷാ, അനുരാഗ് ഠാക്കൂര്‍, പിയൂഷ് ഗോയല്‍, പ്രഹ്ലാദ് ജോഷി തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയും സംബന്ധിച്ചു. സംഭവത്തില്‍ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം സിആര്‍പിഎഫ് ഡിജിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ലോക്‌സഭയിലെ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാക്കളുടെ സഖ്യമായ ഇന്ത്യാ മുന്നണി നേതാക്കള്‍ യോഗം ചേര്‍ന്നു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫീസിലാണ് യോഗം ചേര്‍ന്നത്. ഇതിനു ശേഷം പാര്‍ലമെന്റ് സമ്മേളിച്ചപ്പോള്‍, വിഷയത്തില്‍ കേന്ദ്രമന്ത്രി അമിത് ഷാ വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.  

എന്നാല്‍ ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല പ്രതിപക്ഷ ആവശ്യം തള്ളി. ഇന്നലെ സഭയില്‍ സംഭവിച്ച കാര്യങ്ങളില്‍ എല്ലാവര്‍ക്കും ആശങ്കയുണ്ട്. ലോക്‌സഭയുടെ സുരക്ഷാ ചുമതല ലോക്‌സഭ സെക്രട്ടേറിയറ്റിനാണ്. അതില്‍ സര്‍ക്കാരിനെ ഇടപെടുത്തേണ്ടതില്ല. സുരക്ഷാ വീഴ്ചയില്‍ അന്വേഷണം നടക്കുകയാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. സഭയില്‍ പ്രതിഷേധിച്ച കേരള എംപിമാരായ ഹൈബി ഈഡന്‍, ടിഎന്‍ പ്രതാപന്‍, ഡീന്‍ കുര്യാക്കോസ് എന്നിവരെ സ്പീക്കര്‍ താക്കീത് ചെയ്തു.

ഇതിനിടെ ലോക്‌സഭയില്‍ പ്രസ്താവന നടത്തിയ കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ഭാവിയില്‍ ഇത്തരം സംഭവവികാസങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന് പറഞ്ഞു. ഇന്നലെയുണ്ടായ സംഭവത്തെ എല്ലാവരും അപലപിച്ചു. പാര്‍ലമെന്റില്‍ പ്രവേശിക്കാന്‍ ആര്‍ക്കൊക്കെ പാസുകള്‍ നല്‍കണം എന്നതില്‍ എംപിമാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സാധ്യമായ എല്ലാ മുന്‍കരുതലുകളും ഭാവിയില്‍ സ്വീകരിക്കുന്നതാണ്. രാജ്‌നാഥ് സിങ് പറഞ്ഞു. 

അതേസമയം സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് പ്രതിപക്ഷ എംപിമാര്‍ ബഹളം വെച്ചു. പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം ശക്തമായതോടെ സഭാ നടപടികള്‍ ഉച്ചയ്ക്ക് രണ്ടുമണി വരെ നിര്‍ത്തിവെച്ചതായി സ്പീക്കര്‍ അറിയിച്ചു. രാജ്യസഭയും പ്രതിപക്ഷ പ്രതിഷേധ ത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചു. സുരക്ഷാ വീഴ്ചയില്‍ എട്ടു ലോക്‌സഭ ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. 


Read Previous

റിയാദിൽ രുചിവൈവിധ്യങ്ങളുടെ കലവറയുമായി “ചെറീസ് റെസ്റ്റോറന്റ്’ വ്യാഴാഴ്ച പ്രവർത്തനം ആരംഭിക്കുന്നു.

Read Next

വയനാട് യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ കണ്ടെത്താൻ സ്‌പെഷ്യൽ ടീം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »