പ്രതിപക്ഷ എംപിമാരുടെ കൂട്ട സസ്‌പെന്‍ഷന്‍: ജന്തര്‍ മന്ദറില്‍ ഇന്ന് ഇന്ത്യ മുന്നണിയുടെ പ്രതിഷേധം


ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പ്രതിപക്ഷ എംപിമാരുടെ കൂട്ട സസ്‌പെന്‍ഷനെതിരെ ഇന്ത്യ മുന്നണി പ്രതിഷേധം ഇന്ന് ജന്തര്‍ മന്ദറില്‍. പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ജനങ്ങളുമായി നേരിട്ട് സംവദിക്കാനാണ് തീരുമാനം. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ സുരക്ഷാ വീഴ്ച ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല.

വിഷയത്തില്‍ ഇന്ത്യ മുന്നണിയുടെ രാജ്യവ്യാപക പ്രതിഷേധത്തിനാണ് ഇന്ന് തുടക്കം കുറിക്കുന്നത്. ഡല്‍ഹി ജന്തര്‍ മന്ദറില്‍ നടക്കുന്ന ധര്‍ണയില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലുമുള്ള ഇന്ത്യ മുന്നണി നേതാക്കള്‍ പങ്കെടുക്കും. ഇതുകൂടാതെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും ബിജെപി സര്‍ക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും.

രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് പ്രതിഷേധങ്ങളെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയാണ്. സുപ്രധാന ബില്ലുകള്‍ പാസാക്കാന്‍ വേണ്ടി എതിര്‍ ശബ്ദങ്ങളെ കേന്ദ്രസര്‍ക്കാര്‍ അടിച്ചമര്‍ത്താനാണ് ഇന്ത്യ മുന്നണി അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തതെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.

പാര്‍ലമെന്റിലെ പ്രതിഷേധത്തില്‍ ഒടുവില്‍ മൂന്ന് പ്രതിപക്ഷ എംപിമാരെ കൂടി സസ്പെന്‍ഡ് ചെയ്തതോടെ സസ്പെന്‍ഡ് ചെയ്യപ്പെട്ട അംഗങ്ങളുടെ എണ്ണം 146 ആയി. ഡി.കെ. സുരേഷ്, ദീപക് ബെയ്ജ്, നകുല്‍നാഥ് എന്നീ എംപിമാരെയാണ് സസ്പെന്‍ഡ് ചെയ്തത്.


Read Previous

സംസ്ഥാനത്ത് ഇന്നലെ 265 പേര്‍ക്ക് കോവിഡ്; ചികിത്സയിലുള്ളവരുടെ എണ്ണം 2606 ആയി; ഒരു മരണം

Read Next

താങ്കളുടെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയത്തെ കണ്ണൂരിന്റെ മണ്ണിൽ തന്നെ കുഴിച്ചുമൂടാൻ അന്നും ഞങ്ങൾക്ക് വലിയ പ്രയാസമില്ലായിരുന്നു’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »