കേരളത്തിലെ വർഗ ശക്തികളും, വർഗീയ ഫാസിസ്റ്റുകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ശക്തപെട്ടു: വി ടി ബല്‍റാം


അൽഹസ: കേരളത്തിലെ വർഗ ശക്തികളും, വർഗീയ ഫാസിസ്റ്റുകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് 1980 തൊട്ടിങ്ങോട്ട് കണ്ടു വരുന്നതാണെങ്കിലും വർത്തമാന കാലത്ത് അവർ തമ്മിലുള്ള അന്തർധാര വളരെ ശക്തിപ്പെട്ടുവെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം പറഞ്ഞു. ഒ.ഐ.സി.സി അൽഹസ ഏരിയ കമ്മിറ്റി ഹുഫൂഫിൽ സംഘടിപ്പിച്ച ആരവം’23 ലെ സാംസ്‌കാരിക സമ്മേളനത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിൽ ചേട്ടൻ ബാവയും കേരളത്തിൽ അനിയൻ ബാവയും പരസ്പര സഹകരണ സഹായ സംഘങ്ങളായി മുന്നോട്ട് നയിക്കുന്ന ജനദ്രോഹ സർക്കാറുകൾക്കെതിരെ ജനപക്ഷത്ത് നിന്ന് കൊണ്ടുള്ള പ്രക്ഷോഭ സമര പാതയിലാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വവും, യു.ഡി.എഫും, പ്രവർത്തകരുമെന്ന് വി.ടി ബൽറാം പറഞ്ഞു.

ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളായ തൊഴിലില്ലായ്മ, വിദ്യാഭ്യാസ മേഖലയിലെ അതിരൂക്ഷമായ പ്രശ്‌നങ്ങൾ, സാധാരണക്കാരുടെ ജീവിതത്തെ ദുരിതക്കയത്തിലേക്ക് തള്ളിവിടുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, ക്ഷേമ പെൻഷനുകൾ മാസങ്ങളോളമായി മുടങ്ങി കിടക്കുന്നത്, ജനങ്ങളുടെ ജീവനും, സ്വത്തിനും ഒരു സുരക്ഷിതത്വവുമില്ലാതെ തകർന്നിരിക്കുന്ന കേരളത്തിലെയും, രാജ്യത്തെയും ക്രമസമാധാനാന്തരീക്ഷം, ഇന്ത്യൻ പാർലമെന്റിന് പോലും സുരക്ഷയില്ലാത്ത അവസ്ഥ തുടങ്ങിയ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാൻ അതാത് കാലഘട്ടങ്ങളിൽ കേന്ദ്രത്തിൽ വർഗീയ ഫാസിസ്റ്റുകളായ സംഘ്പരിവാർ സർക്കാറും, കേരളത്തിൽ വർഗ ഫാസിസ്റ്റുകളായ സി.പി.എം നേതൃത്വത്തിലുള്ള ഇടത് സർക്കാറും കാണിക്കുന്ന ഗിമ്മിക്കുകളാണ് വർത്തമാന കാലത്ത് നാം കണ്ടു കൊണ്ടിരിക്കുന്നതെന്ന് വി.ടി ബൽറാംചൂണ്ടിക്കാണിച്ചു. 

വി.ടി ബൽറാമിനെയും, എ.കെ ഷാനിബിനെയും ഹർഷാരവങ്ങളോടെയാണ് വരവേറ്റത്. പ്രസിഡന്റ് ഫൈസൽ വാച്ചാക്കലിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ഒ.ഐ.സി.സി ദമാം റീജ്യണൽ കമ്മറ്റി പ്രസിഡന്റ് ഇ.കെ സലീം ഉദ്ഘാടനം ചെയ്തു. പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്കെന്നും താങ്ങായി ഒ.ഐ.സി.സി മുൻനിരയിൽ തന്നെയുണ്ടാകുമെന്നും, അൽഹസ ഒ.ഐ.സി.സിയുടെ ജീവകാരുണ്യം മുഖ്യ അജണ്ടയാക്കിയുള്ള പ്രവർത്തനങ്ങൾ കാലഘട്ടത്തിന്റെ അനിവാര്യതയും, അഭിനന്ദനാർഹവുമാണെന്നും സലീം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. 

ഇന്ത്യൻ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബ് മുഖ്യ പ്രഭാഷണം നടത്തി. നവകേരള സദസ്സെന്ന ഓമനപ്പേരിട്ട് കാസർകോട് നിന്നും തിരുവനന്തപുരം വരെ നടത്തിയ നരനായാട്ട് യാത്ര കൊണ്ട് ഒരു ചില്ലിക്കാശിന്റെ ഫലമുണ്ടായില്ലെന്നു മാത്രമല്ല സംസ്ഥാന ഖജനാവിൽ നിന്നും കോടികൾ ധൂർത്തടിച്ച് നടത്തിയ ഗുണ്ടാ യാത്ര മാത്രമായിരുന്നു അതെന്നും എ.കെ ഷാനിബ് പറഞ്ഞു. 

ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെ അഡ്രസ്സ് ചെയ്യാതെ പണക്കാരെയും, അഭിനവ പൗര പ്രമുഖരെയും വിരുന്നൂട്ടാൻ ഇങ്ങനെ ഒരു സദസ്സിന്റ ആവശ്യമുണ്ടായിന്നോ എന്നത് പ്രബുദ്ധരായ കേരള ജനത വിലയിരുത്തുമെന്നും ഷാനിബ് പറഞ്ഞു. 
അനീതികൾക്കെതിരെ ജനാധിപത്യ മാർഗങ്ങളിൽ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ മർദിച്ചും, കൊലവിളി നടത്തിയും തിരുവനന്തപുരത്ത് സമാപിച്ച ആഡംബര ധൂർത്ത് യാത്ര തികച്ചും വൻ പരാജയമായിരുന്നുവെന്നത് ഇടതുപക്ഷത്തെ സി.പി.ഐ പോലുള്ള സംഘടനകൾക്ക് പോലും പറയേണ്ടി വന്നെങ്കിൽ, ഇടതുപക്ഷ മുന്നണി ചെന്ന് പെട്ടിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധി എത്ര കണ്ട് വലുതാണെന്നും ഷാനിബ് തന്റെ പ്രസംഗത്തിൽ പറഞ്ഞു. ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ സ്വാഗതവും, ട്രഷറർ ഷിജോ മോൻ വർഗീസ് നന്ദിയും പറഞ്ഞു.


Read Previous

കലയുടെ മാമാങ്കം: ഒന്നരപതിറ്റാണ്ടിന് ശേഷം കൊല്ലം വേദിയാകുന്നു; 62 -മത് സംസ്ഥാന സ്ക്കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും, ഒരുക്കങ്ങൾ പൂർത്തിയായി

Read Next

അൽഹസ ഒ.ഐ.സി.സി ആരവം-2023 ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »