തൂക്കുസഭയിലേയ്ക്ക് പാക്കിസ്ഥാൻ; പിടിഐ സ്വതന്ത്രർ ഏറ്റവും വലിയ ഒറ്റകക്ഷി


ഇസ്‌ലാമാബാദ്: പൊതുതിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പാക്കിസ്ഥാൻ തൂക്കുസഭയിലേയ്ക്ക് നീങ്ങുന്നു. 97 സീറ്റുകളുമായി പിടിഐ സ്വതന്ത്രരാണ് ഏറ്റവും വലിയ ഒറ്റകക്ഷി നവാസ് ഷെരീഫിന്‍റെ പിഎംഎൽഎൻ 72 സീറ്റുകൾ നേടി. ബിലാവൽ ഭൂട്ടോയുടെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) 52 സീറ്റും കരസ്ഥമാക്കി.

നിലവിൽ പാക്കിസ്ഥാനിലെ സാഹചര്യങ്ങൾ ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്. നിലവിൽ 252 സീറ്റുകളിലെ ഫലമാണ് പുറത്തുവന്നത്.

ഇതിനിടെ പല മണ്ഡലങ്ങളിലും അട്ടിമറി നടന്നതായി ഇമ്രാൻ ഖാൻ  ആരോപിച്ചു. സർക്കാർ രൂപീകരിക്കുന്നതിനായി ആരൂമായും സഖ്യത്തിനു തയാറെന്ന് അവകാശപ്പെട്ട് നവാസ് ഷെരീഫ് രംഗത്തെത്തി. എന്നാൽ, നവാസ് പ്രധാനമന്ത്രിയായുള്ള സഖ്യത്തിനു തയാറല്ലെന്നാണ് പിപിപിയുടെ നിലപാട്. ‌ആരുമായും സഖ്യമുണ്ടാക്കില്ലെന്നും തനിച്ചു ഭരിക്കാനാവുമെന്നും ഇമ്രാൻ ഖാന്റെ കക്ഷിയായ പാക്കിസ്ഥാൻ തെഹ‌്‌രികെ ഇൻസാഫ് (പിടിഐ) പ്രഖ്യാപിച്ചു.

ദേശീയ അസംബ്ലിയിലെ 336 സീറ്റുകളിൽ 266 എണ്ണത്തിലേക്കായിരുന്നു വോട്ടെടുപ്പ്. സർക്കാരുണ്ടാക്കാൻ 133 സീറ്റ് വേണം. തിരഞ്ഞെടുപ്പു ചിഹ്നം നിഷേധിക്കപ്പെട്ടതിനാൽ ഇമ്രാന്റെ പാർട്ടിയുടെ സ്ഥാനാർഥികൾ സ്വതന്ത്രരായാണു മത്സരിച്ചത്. കൂടുതൽ സീറ്റ് ഇമ്രാൻ പക്ഷത്തിനാണെങ്കിലും സാങ്കേതികമായി ഏറ്റവും വലിയ ഒറ്റക്കക്ഷി നവാസ് ഷെരീഫിന്റെ പാർട്ടിയായ പിഎംഎൽഎൻ ആണ്.  പഞ്ചാബ്, ഖൈബർ പഖ്തൂൻഖ്വ എന്നീ പ്രവിശ്യാ അസംബ്ലികളിലും പിടിഐ നേട്ടമുണ്ടാക്കി. മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഫലപ്രഖ്യാപനം മണിക്കൂറുകൾ വൈകിയതോടെ ഫലം അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായും ആക്ഷേപമുയർന്നു. പലയിടത്തും പൊലീസും പിടിഐ അനുയായികളും ഏറ്റുമുട്ടി. ഖൈബർ പഖ്തൂൻഖ്വ മേഖലയിൽ പൊലീസ് വെടിവയ്പിൽ 3 പേർ കൊല്ലപ്പെട്ടു.

ലഹോറിൽ 55,000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ നവാസ് ഷെരീഫ് വിജയിച്ചെന്ന് പാക്കിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ‌ പ്രഖ്യാപിച്ചിരുന്നു. നാഷനൽ അസംബ്ലി 123ൽ ഷെഹ്ബാസ് ഷെരീഫ് 63,953 വോട്ടുകൾ നേടി വിജയിച്ചപ്പോൾ ഇമ്രാൻ ഖാൻ പിന്തുണച്ച സ്വതന്ത്ര സ്ഥാനാർഥി അഫ്സൽ അസീം 48,486 വോട്ടുകൾ നേടി. അതേസമയം, ഇമ്രാൻ ഖാന്റെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച സമിയുല്ല ഖാൻ ഖൈബർ പഖ്തൂൻഖ്വയിൽനിന്ന് 18,000ത്തിലധികം വോട്ടുകൾ നേടി വിജയിച്ചു. പിടിഐയുടെ തന്നെ പിന്തുണയുള്ള സ്വതന്ത്രസ്ഥാനാർഥി ഫസൽ ഹക്കീം ഖാന്‍ 25,330 വോട്ടുനേടി വിജയിച്ചു. സ്വാത്ത് പി.കെ. നാലു മണ്ഡലത്തിൽ പിടിഐ പിന്തുണയുള്ള അലിഷായും വിജയിച്ചു. ഇമ്രാന്റെ അപ്രതീക്ഷിത മുന്നേറ്റത്തിൽ ആവേശത്തിലായ പാർട്ടി പ്രവർത്തകർ രാജ്യത്ത് പലയിടത്തും ആഘോഷത്തിലാണ്.

ദേശീയ അസംബ്ലിയിലെ 336 സീറ്റുകളിൽ 266 എണ്ണത്തിലേക്കായിരുന്നു വോട്ടെടുപ്പ്. വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ള 60 സീറ്റും ന്യൂനപക്ഷങ്ങൾക്കുള്ള 10 സീറ്റും ജയിക്കുന്ന പാർട്ടികൾക്കു വോട്ടുവിഹിതത്തിന്റെ അടിസ്ഥാനത്തിൽ ആനുപാതികമായി പിന്നീട് വീതിച്ചു നൽകും. ദേശീയ അസംബ്ലിയിലേക്ക് 5,121 സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്. 4 പ്രവിശ്യാ അസംബ്ലികളിലേക്കുള്ള 749 സീറ്റിൽ 593ലേക്കും വോട്ടെടുപ്പ് നടന്നു. റജിസ്റ്റർ ചെയ്ത വോട്ടർമാരുടെ എണ്ണം 12.85 കോടി. സുരക്ഷയ്ക്കായി ആറര ലക്ഷം സൈനികരെയാണു നിയോഗിച്ചിട്ടുള്ളത്. 


Read Previous

ഉറക്കം മൂന്നുമൂന്നര മണിക്കൂര്‍;രാവിലെ യോഗ നിര്‍ബന്ധം; നരേന്ദ്രമോദിയുടെ ദിനചര്യകള്‍ കൗതുകത്തോടെ കേട്ട്, എട്ട് എം.പി.മാര്‍

Read Next

കാട്ടാന വീട്ടില്‍ കയറി യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »