ഉറക്കം മൂന്നുമൂന്നര മണിക്കൂര്‍;രാവിലെ യോഗ നിര്‍ബന്ധം; നരേന്ദ്രമോദിയുടെ ദിനചര്യകള്‍ കൗതുകത്തോടെ കേട്ട്, എട്ട് എം.പി.മാര്‍


ന്യൂഡല്‍ഹി: ”രാവിലെ വളരെ നേരത്തേ എഴുന്നേല്‍ക്കും. മൂന്നുമൂന്നര മണിക്കൂര്‍ മാത്രമാണ് ഉറക്കം. രാത്രി ജോലികഴിയുമ്പോഴാണ് കിടക്കുന്നത്. രാവിലെ യോഗ നിര്‍ബന്ധം. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ലളിതം. വൈകീട്ട് ഒരു ചായ നിര്‍ബന്ധം. രാത്രിഭക്ഷണം സൂര്യാസ്തമനത്തിനുമുമ്പാണ്. സൂപ്പോ മറ്റോ കഴിക്കും” -തങ്ങളെ അദ്ഭുതപ്പെടുത്തി ഉച്ചഭക്ഷണത്തിന് കൂടെക്കൂട്ടിയ എട്ട് എം.പി.മാര്‍ കൗതുകത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദിനചര്യ കേട്ടിരുന്നു. വിവിധ വിഷയങ്ങളില്‍ സംശയങ്ങള്‍ ചോദിച്ചും പ്രധാനമന്ത്രിയെ കേട്ടിരുന്നും അവര്‍ പാര്‍ലമെന്റ് സമ്മേളനം തീരുമ്പോള്‍ കിട്ടിയ അവസരം അവിസ്മരണീയമാക്കി.

ലോക്സഭയില്‍നിന്ന് ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.യുടെ ഫോണിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് വിളിവന്നത്. അടിയന്തരമായി ഇവിടെവരെ വരാമോ? പ്രേമചന്ദ്രന്‍ രണ്ടരയോടെ എത്തുമ്പോഴേക്കും ബി.ജെ.പി. എം.പി.മാരായ ഹീന ഗാവിത്, എസ്. ഫാങ്നോണ്‍ കൊന്യാക്, ജംയാങ് സെറിങ് നങ്യാല്‍, എല്‍. മുരുഗന്‍, ടി.ഡി.പി. എം.പി. രാംമോഹന്‍ നായിഡു, ബി.എസ്.പി. എം.പി. റിതേഷ് പാണ്ഡെ, ബി.ജെ.ഡി. എം.പി. സസ്മിത് പത്ര എന്നിവരുമെത്തി.

ഇവരെ അദ്ഭുതപ്പെടുത്തിക്കൊണ്ടെത്തിയ പ്രധാനമന്ത്രി, നിങ്ങളെ ഞാന്‍ ‘ശിക്ഷിക്കാന്‍ പോവുക’യാണെന്ന മുഖവുരയോടെ കൂടെക്കൂട്ടി. തുടര്‍ന്ന് കാന്റീനിലേക്ക് നീങ്ങി. മറ്റ് എം.പി.മാര്‍ പലയിടത്തായി ഭക്ഷണം കഴിക്കുമ്പോള്‍ ഒരു മേശയില്‍ എട്ടുപേരെയും ഭക്ഷണം കഴിക്കാന്‍ പ്രധാനമന്ത്രി ഒപ്പമിരുത്തി. കിച്ച്ടിയും പരിപ്പും പപ്പടവുമടങ്ങുന്ന വിഭവങ്ങളായിരുന്നു ഉച്ചഭക്ഷണം. 45 മിനിറ്റുനേരം ഇവര്‍ പ്രധാനമന്ത്രിക്കൊപ്പം ചെലവഴിച്ചു. ”ആദ്യം അദ്ഭുതമായിരുന്നു.

പ്രധാനമന്ത്രിയായതിനാല്‍ എല്ലാവരും അല്പം ഒതുങ്ങിയാണ് സംസാരിച്ചത്. അദ്ദേഹം ചിരിയും തമാശയുമായി അന്തരീക്ഷം ലഘൂകരിച്ച് അകല്‍ച്ചയെല്ലാം മാറ്റി ഞങ്ങളിലൊരാളെപ്പോലെയാണ് സംസാരിച്ചത്” -എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു.

അബുദാബിയില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തെക്കുറിച്ച് പ്രധാനമന്ത്രി പ്രേമചന്ദ്രനോട് സംസാരിച്ചു. മലയാളികള്‍ നിങ്ങളോടൊക്കെ പറഞ്ഞുകാണുമല്ലോയെന്നും സൗദി അറേബ്യയിലും യു.എ.ഇ.യിലുമൊക്കെ ഇന്ത്യക്ക് വലിയ ബഹുമാനമാണ് കിട്ടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍നിന്നും വിവിധ പാര്‍ട്ടികളില്‍നിന്നുമുള്ള എം.പി.മാര്‍ക്കൊപ്പം വിഭവസമൃദ്ധമായ ഉച്ചഭക്ഷണം ആസ്വദിച്ചതായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.


Read Previous

യുവതി ബസിന് മുന്നിൽ ചാടി മരിച്ചു, ഭർത്താവിന്‍റെ മൃതദേഹം ക്വാറിയിൽ

Read Next

തൂക്കുസഭയിലേയ്ക്ക് പാക്കിസ്ഥാൻ; പിടിഐ സ്വതന്ത്രർ ഏറ്റവും വലിയ ഒറ്റകക്ഷി

Leave a Reply

Your email address will not be published. Required fields are marked *

Most Popular