
കൊച്ചി: തൃപ്പൂണിത്തുറ സ്ഫോടനത്തില്‍ നഷ്ടപരിഹാരം തേടി ഇരകള്‍ ഹൈക്കോടതിയിലേയ്ക്ക്. നഷ്ടപരിഹാരം കണക്കാക്കാന്‍ പ്രത്യേക കമ്മീഷനെ നിയമിയ്ക്കണമെന്നാണ് ആവശ്യം. വെടിക്കെട്ട് അപകടത്തിന് ഉത്തരവാദികളായവര്‍ മതിയായ നഷ്ടപരിഹാരം തരണമെന്നും ഇല്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ആക്ഷന്‍ കൗണ്‍സില്‍ അംഗം ആര്. ദാസ് പറഞ്ഞു.
ഒരു കമ്മിഷനെ നിയമിക്കണമെന്നതാണ് ഞങ്ങളുടെ ആവശ്യം. അവര്‍ ഇവിടെ തെളിവെടുപ്പും മറ്റും നടത്തി നഷ്ടപരിഹാരം കണക്കാക്കണം. വെടിക്കെട്ടിന് ആരാണ് ഉത്തരവാദി എന്നത് സംബന്ധിച്ച് ഇപ്പോഴും ഒരു വ്യക്തതയും ഇല്ല. ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് പറഞ്ഞ് പോലീസ് കൈയൊഴിഞ്ഞു. നിയമപരമായിട്ടല്ല വെടിക്കെട്ട് പുര പ്രവര്‍ത്തിച്ചതെന്ന് സര്‍ക്കാര്‍ പറയുന്നു. അപകടം നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോഴും നഷ്ടപരിഹാരം സംബന്ധിച്ച് യാതൊരു വ്യക്തതയും ഇല്ല. സന്നദ്ധ സംഘടനകള്‍ ചേര്‍ന്ന് വീടുകള്‍ വൃത്തിയാക്കി തന്നു. പഴയ രീതിയില്‍ താമസിക്കാന്‍ ഇപ്പോള്‍ കഴിയാത്ത സ്ഥിതിയാണ് ഉള്ളത്. എത്രയും വേ?ഗം നഷ്ടപരിഹാരം ലഭിക്കുകയും പഴയ രീതിയില്‍ ജീവിക്കാനും കഴിയണം’ – ആര് ദാസ് പറഞ്ഞു.
അതേസമയം പടക്കശാലയിലുണ്ടായ സ്ഫോടനത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ജില്ലാ ഭരണകൂടം ഉത്തരവിട്ടു. സബ് കളക്ടര്‍ കെ.മീര അന്വേഷണം നടത്തും. സ്ഫോടനത്തില്‍ പോലീസ് അന്വേഷണവും ഊര്‍ജിതമാണ്. സംഭവത്തില്‍ അറസ്റ്റിലായ നാലുപേരെയും റിമാന്‍ഡ് ചെയ്തു. സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഗുരുതരമായി പരിക്കേറ്റ കൊല്ലം പാരിപ്പിള്ളി സ്വദേശി അനില്‍ (49), ആദര്‍ശ് (29), ആനന്ദന് (69) എന്നിവര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ഐ.സി.യുവില്‍ ചികിത്സയിലാണ്. ഒരാളെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.