മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ ഫാലി എസ്. നരിമാന്‍ അന്തരിച്ചു


ന്യൂഡല്‍ഹി: മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ ഫാലി എസ്. നരിമാന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ ഡൽഹിയിലായിരുന്നു അന്ത്യം.

1971 മുതല്‍ സുപ്രീംകോടതി അഭിഭാഷകനാണ്. 1972- 75 കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്നു. 1991-ല്‍ രാജ്യം പദ്മഭൂഷണും 2007-ല്‍ പദ്മ വിഭൂഷണും നല്‍കി ആദരിച്ചു. 1999- 2005 വരെ രാജ്യസഭാംഗമായിരുന്നു. ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ബർമയിലെ റങ്കൂണിൽ 1929-ല്‍ ആയിരുന്നു ജനനം. 1950-ല്‍ ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. 1961-ല്‍ സീനിയര്‍ അഭിഭാഷകനായി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു നരിമാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സ്ഥാനം രാജിവെച്ചത്.

വായ്പപ്പരിധി വെട്ടിക്കുറച്ചതടക്കം കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്നുകാട്ടി കേന്ദ്രസര്‍ക്കാരിനെതിരെ നിയമപോരാട്ടത്തിന് സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം നല്‍കിയത് ഫാലി എസ്. നരിമാന്‍ ആയിരുന്നു. കിഫ്ബിയും മസാലബോണ്ടുകളും ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി വന്നപ്പോള്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അദ്ദേഹത്തില്‍നിന്ന് നിയമോപദേശം തേടിയിരുന്നു. കേരള നിയമസഭ പാസാക്കിയ ലോകായുക്ത, സര്‍വകലാശാല നിയമഭേദഗതി ബില്ലുകള്‍ തുടര്‍നടപടികള്‍ സ്വീകരിക്കാതെ രാജ്ഭവനില്‍ അനന്തമായി പിടിച്ചുവെച്ചപ്പോള്‍ നരിമാന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

മുന്‍ സുപ്രീംകോടതി ജഡ്ജി റോഹിങ്ടണ്‍ ഫാലി നരിമാന്‍ മകനാണ്.


Read Previous

ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലാവധി 22 വര്‍ഷമാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി; അരലക്ഷത്തോളം പേര്‍ക്ക് ഇതിന്‍റെ ഗുണംലഭിയ്ക്കും

Read Next

പ്ലസ് ടു ഇംഗ്ലീഷ് മോഡല്‍പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നതായി പരാതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »