ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലാവധി 22 വര്‍ഷമാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി; അരലക്ഷത്തോളം പേര്‍ക്ക് ഇതിന്‍റെ ഗുണംലഭിയ്ക്കും


ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലാവധി 22 വര്‍ഷമാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. 15 വര്‍ഷം പഴക്കമുള്ള ഓട്ടോറിക്ഷകള്‍ ഹരിത ഇന്ധനത്തിലേക്കാക്കണമെന്ന ഉത്തരവ് പരിഷ്‌കരിച്ചാണ് ഉത്തരവിറങ്ങിയത്. അരലക്ഷത്തോളം ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് ഇതിന്റെ ഗുണംലഭിയ്ക്കും.

കാലാവധി നീട്ടുമെന്ന് ഒക്ടോബറില്‍ തീരുമാനമുണ്ടായിരുന്നെങ്കിലും ഇതുവരെ ഉത്തരവിറങ്ങിയിരുന്നില്ല. ഇതുമൂലം കാലാവധികഴിഞ്ഞ ഓട്ടോറിക്ഷകള്‍ നിരത്തിലിറക്കാനാകാതെ ഡ്രൈവര്‍മാര്‍ ആശയക്കുഴപ്പത്തിലായിരുന്നു.

ഹരിത ഇന്ധനത്തിലേക്ക് മാറ്റുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ സംസ്ഥാനത്ത് കുറവാണെന്ന് വിലയിരുത്തി കാലാവധി നീട്ടുമെന്ന് ഗതാഗതമന്ത്രിയായിരുന്ന ആന്റണി രാജു പറഞ്ഞിരുന്നു. ഉത്തരവിന്റെ കരട് ഡിസംബര്‍ 16-നാണ് പുറത്തിറങ്ങിയിരുന്നത്.

തുടര്‍ന്നുള്ള ഒരുമാസം ഇതില്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും രേഖപ്പെടുത്താനുള്ള സമയമായിരുന്നു. ജനുവരി 16-നുശേഷം ഉത്തരവിറങ്ങേണ്ടതായിരുന്നു. എന്നാല്‍, ഇതുണ്ടായില്ല. ഇതുമൂലം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാനാകാതെ ആര്‍.ടി.ഓഫീസുകളില്‍ കയറിയിറങ്ങുന്ന സ്ഥിതിയുമായിരുന്നു. കാലാവധി തീരാറായ ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് ഇനി ഏഴുവര്‍ഷംകൂടി ലഭിക്കും.

കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സി.എന്‍.ജി.), ലിക്യുഫൈഡ് പെട്രോളിയം ഗ്യാസ് (എല്‍.പി.ജി.), ലിക്യുഫൈഡ് നാച്ചുറല്‍ ഗ്യാസ് (എല്‍.എന്‍.ജി.), വൈദ്യുതി എന്നീ ഇന്ധനങ്ങളിലേക്ക് മാറ്റാനായിരുന്നു നിര്‍ദേശമുണ്ടായിരുന്നത്.


Read Previous

സർവീസ് തോക്കിൽനിന്നു വെടിയുതിർത്ത് പൊലീസുകാരൻ, സ്റ്റേഷനിൽത്തന്നെ ജീവനൊടുക്കി

Read Next

മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ ഫാലി എസ്. നരിമാന്‍ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular