
പേരാമ്പ്ര(കോഴിക്കോട്): വാളൂരില്‍ കുറുങ്കുടി മീത്തല്‍ അനുവിനെ (അംബിക-26) തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം നീങ്ങുന്നത് കൊലപാതകമെന്നനിലയില്‍. മൃതദേഹത്തില്‍നിന്ന് സ്വര്‍ണാഭരണം നഷ്ടപ്പെട്ടുവെന്ന് വീട്ടുകാര്‍ പരാതിപ്പെട്ടതോടെ മോഷണ ശ്രമത്തിനിടയില്‍നടന്ന കൊലപാതകമാണോ എന്നസംശയത്തിലാണ് അന്വേഷണം.
കമ്മല്‍ മാത്രമാണ് ശരീരത്തില്‍നിന്ന് ലഭിച്ചത്. സ്വര്‍ണമാല, രണ്ട് മോതിരം, ബ്രേസ്ലെറ്റ്, പാദസരം എന്നിവയെല്ലാം നഷ്ടപ്പെട്ടതായി വീട്ടുകാര്‍ പറയുന്നു. തിങ്കളാഴ്ച രാവിലെ വീട്ടില്‍നിന്നുപോയ അനുവിനെ കാണാതാവുകയും ചൊവ്വാഴ്ച ഉച്ചയോടെ അള്ളിയോറത്താഴ തോട്ടില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
ഇരിങ്ങണ്ണൂരില്‍നിന്ന് വാഹനത്തില്‍ എത്തുന്ന ഭര്‍ത്താവിനൊപ്പം ആശുപത്രിയില്‍ പോകാനായി മുളിയങ്ങലിലേയ്ക്ക് കാല്‍നടയായാണ് വീട്ടില്‍നിന്ന് അനു പുറപ്പെട്ടത്. പിന്നീട് വിവരമൊന്നുമുണ്ടായില്ല. ഒരു ബൈക്കിന്‍റെ പിന്നില്‍ അനു യാത്ര ചെയ്യുന്നത് കണ്ടുവെന്ന് നാട്ടുകാരി പോലീസിന് മൊഴിനല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ബൈക്കുകാരനെ കേന്ദ്രീകരിച്ചും അന്വേഷണം നീങ്ങുന്നതായാണ് സൂചന.
മുളിയങ്ങലിലേയ്ക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ ബൈക്കില്‍ കയറിയതാണോ എന്നാണ് പോലീസിന്‍റെ സംശയം. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍നടന്ന പോസ്റ്റ്മോര്‍ട്ടത്തില്‍ വെള്ളത്തില്‍ മുങ്ങിയുള്ള മരണമാണെന്നാണ് ലഭിച്ച സൂചന. കൃത്യമായ നിഗമനത്തിലേക്കെത്താന്‍ പോലീസിനെ സഹായിക്കാനായി പോലീസ് സര്‍ജന്‍ സ്ഥലത്ത് സന്ദര്‍ശനവും നടത്തിയിരുന്നു.
തോട്ടില്‍ ഒരാള്‍ സാധാരണഗതിയില്‍ മുങ്ങിമരിക്കാനുള്ള വെള്ളവും ഉണ്ടായിരുന്നില്ല. നടന്നുപോകുന്നയാള്‍ തോട്ടിലേക്ക് വീഴാനുള്ള സാധ്യതയും കുറവാണ്. മോഷണശ്രമത്തിനിടെ വീണതാണോ എന്ന സംശയമാണ് പോലീസിനുള്ളത്. തലയില്‍ പരിക്കുമുണ്ടായിരുന്നു. റോഡിന് സമീപം തോട്ടില്‍ മൊബൈല്‍ ഫോണും പേഴ്സും വീണുകിടക്കുന്നുമുണ്ടായിരുന്നു. പേരാമ്പ്ര ഡിവൈ.എസ്.പി. കെ.എം. ബിജുവിന്‍റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ എം.എ. സന്തോഷിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.