‘എന്‍റെ പ്രിയപ്പെട്ട കുടുംബാംഗമേ’; വോട്ടര്‍മാര്‍ക്ക് പ്രധാനമന്ത്രിയുടെ തുറന്ന കത്ത്; പത്ത് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍


ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് വോട്ടര്‍മാര്‍ക്ക് തുറന്ന കത്തുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്ത് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ കത്തില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. ജി.എസ്.ടി. നടപ്പാക്കിയത്, കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കിയത്, മുത്തലാഖ് നിരോധനം, നാരി ശക്തി വന്ദന്‍ (വനിതാ സംവരണം), പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം, ഇടതുപക്ഷ തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ എടുത്ത നടപടികള്‍തുടങ്ങിയവയെല്ലാം നേട്ടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.’എന്റെ പ്രിയപ്പെട്ട കുടുംബാംഗമേ,’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കത്ത് തുടങ്ങുന്നത്.

140 കോടി ഇന്ത്യക്കാരുടെ വിശ്വാസവും പിന്തുണയും തന്നെ പ്രചോദിപ്പിക്കുന്നുവെന്നും ഉത്സാഹം പകരുന്നുവെന്നും മോദി പറഞ്ഞു. നമ്മുടെ രാജ്യം പാരമ്പര്യത്തേയും ആധുനികതയേയും ഒരുപോലേ ചേര്‍ത്തുപിടിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കത്തില്‍ പറയുന്നു.ജനങ്ങളുടെ പങ്കാളിത്തത്തിലാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്ന് പറഞ്ഞ മോദി രാജ്യത്തിന്റെ ക്ഷേമത്തിനായി ധീരമായ തീരുമാനങ്ങളെടുക്കാനുള്ള കരുത്ത് ജനങ്ങള്‍ നല്‍കുന്ന അതിരില്ലാത്ത പിന്തുണയാണെന്നും ആവര്‍ത്തിച്ചു പറഞ്ഞു. തുടര്‍ന്ന് ‘വികസിത് ഭാരത്’ നിര്‍മാണത്തിനായുള്ള ആശയങ്ങളും നിര്‍ദേശങ്ങളും അദ്ദേഹം ജനങ്ങളില്‍ നിന്ന് ക്ഷണിച്ചു.

രാജ്യത്തെ ഉയരങ്ങളിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ടാണ് നരേന്ദ്രമോദി കത്ത് അവസാനിപ്പിക്കുന്നത്. വാട്ട്സ്ആപ്പ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയാണ് കത്ത് പ്രചരിപ്പിക്കുന്നത്. ഓരോരുത്തരുടേയും വ്യക്തിഗത വാട്ട്സ്ആപ്പ് അക്കൗണ്ടിലേക്കാണ് പി.ഡി.എഫ്. രൂപത്തിലുള്ള കത്ത് അയക്കുന്നത്. വികസിത് ഭാരത് സമ്പര്‍ക്ക് എന്ന പേരിലുള്ള വാട്ട്സ്ആപ്പ് ബിസിനസ് അക്കൗണ്ടില്‍ നിന്നാണ് കത്ത് വരുന്നത്. പി.ഡി.എഫ്. ഫയലില്‍ ഹിന്ദിയിലും ഇംഗ്ലീഷിലുമായി രണ്ട് കത്തുകളാണ് ഉള്ളത്.


Read Previous

ആരായിരിയ്ക്കും ബൈക്കുകാരന്‍?യുവതിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സംശയം

Read Next

മാര്‍ട്ടിന്‍ കേരളത്തില്‍ വിറ്റത് 4752 കോടിയുടെ ലോട്ടറി, സിക്കിം സര്‍ക്കാരിനു കിട്ടിയത് 142.93 കോടി!; വന്‍ കുംഭകോണത്തിന്റെ കഥ

Leave a Reply

Your email address will not be published. Required fields are marked *

Most Popular