മുംബൈ( മഹാരാഷ്ട്ര ) : കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര സമാപന ചടങ്ങിൽ ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കൾ പങ്കെടുക്കുമെന്ന് റിപ്പോർട്ട്. ഞായറാഴ്ച (17.03.24) മുംബൈയിൽ നടക്കുന്ന സമാപന സമ്മേളനത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, രാഷ്ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവ് എന്നിവർ പങ്കെടുക്കുമെന്നും, ആം ആദ്മി പാർട്ടിയുടെയും പ്രതിപക്ഷ സഖ്യത്തിലെ മറ്റ് സഖ്യകക്ഷികളുടെയും പ്രതിനിധികൾ പങ്കെടുക്കുമെന്നും മുംബൈയിലെ പ്രധാന കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

ഭാരത് ജോഡോ ന്യായ് യാത്ര ശനിയാഴ്ച ഉച്ചയ്ക്ക് മുംബൈയിൽ എത്തും. നില വിൽ യാത്ര സംസ്ഥാനത്തെ പാൽഘർ ജില്ലയിലൂടെയാണ് കടന്നുപോകുന്നത്. ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന റാലി സെൻട്രൽ മുംബൈയിലെ ദാദർ ഏരിയയിലെ ശിവാജി പാർക്കിലാണ് നടക്കുക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ശിവസേന (ഉദ്ധവ് വിഭാഗം) തലവനും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ, എൻസിപി തലവൻ ശരദ് പവാർ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ശനിയാഴ്ച നടക്കുന്ന തിനാൽ, ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന റാലിയുടെ ചെലവ് ഞങ്ങളുടെ തെരഞ്ഞെടുപ്പ് ചെലവിൽ കാണിക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.