ഹൃദയ സരസിലെ പ്രണയപുഷ്‌പമായി, കാറ്റിൽ കസ്‌തൂരിയുടെ സുഗന്ധം പരത്തുന്ന, ഹൃദയം കൊണ്ടെഴുതിയ എത്രയോ കവിതകൾ; ശതാഭിഷേക നിറവിൽ ശ്രീകുമാരൻ തമ്പി


ഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ്, സംഗീത സംവിധായ കൻ, ടെലിവിഷൻ സീരിയല്‍ നിർമാതാവ്… വിശേഷണങ്ങൾക്കും അപ്പുറമാണ് മലയാളികൾക്ക് ശ്രീകുമാരൻ തമ്പി. മലയാള സിനിമയുടെ ചരിത്രത്തിലെ സമാനത കളില്ലാത്ത കലാകാരൻ ശ്രീകുമാരൻ തമ്പിയുടെ ജന്മദിനമാണിന്ന്. മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത ഗാന വസന്തം സമ്മാനിച്ച കവി ഇന്നിതാ ശതാഭിഷിക്ത നാകുകയാണ്. സിനിമയുടെ സമസ്‌ത മേഖലയിലും കയ്യൊപ്പ് ചാലിച്ച പ്രതിഭയെ ആശംസകൾകൊണ്ട് മൂടുകയാണ് മലയാളികൾ.

മലയാള ഭാഷയുടെ തനിമയും സൗന്ദര്യവും ഒരിറ്റുപോലും ചോർന്നുപോകാതെ, ഗൃഹാതുരതയുടെയും ഗ്രാമീണതയുടെയും വശ്യതയിൽ ചാലിച്ച എത്രയെത്ര പാട്ടുകൾ. സ്‌നേഹവും പ്രണയവും കാമവും ഭക്തിയും യുക്തിയും വിരഹവും വാത്സല്യവുമെല്ലാം ശ്രീകുമാരൻ തമ്പി തന്‍റെ വരികളിലേക്ക് ആവാഹിച്ചു. ഏറെ സ്‌നേഹത്തോടെ മലയാളികൾ ആ വരികൾ ഏറ്റുപാടി. ജി ദേവരാജൻ, ദക്ഷിണാമൂർത്തി, എം കെ അർജുനൻ കൂട്ടുകെട്ടിൽ തമ്പിയുടെ കാവ്യഭംഗി നിറഞ്ഞ വരികൾ ഹിറ്റായി മാറി.

ഹൃദയ സരസിലെ പ്രണയപുഷ്‌പമായി, കാറ്റിൽ കസ്‌തൂരിയുടെ സുഗന്ധം പരത്തുന്ന, ഹൃദയം കൊണ്ടെഴുതിയ എത്രയോ കവിതകൾ തമ്പി മലയാളികൾക്ക് സമ്മാനിച്ചു. സലിൽ ചൗധരിയുടെയും ബാബുരാജിന്‍റെയും ആർകെ ശേഖറുടെയും ഇളയ രാജയുടെയും ഈണത്തിലും തമ്പിയുടെ വരികൾ മലയാളികളിലേക്ക് ഒഴുകിയെത്തി. പതിനൊന്നാം വയസിൽ തുടങ്ങിയ കവിതയെഴുത്ത് പുന്നൂർ പത്മനാഭൻ തമ്പി എന്ന ശ്രീകുമാരൻ തമ്പിയ്‌ക്ക് ഇന്നും കൈമോശം വന്നിട്ടില്ല.

ഏതാണ്ട് മൂവായിരത്തിലധികം ചലച്ചിത്ര ഗാനങ്ങളാണ് ശ്രീകുമാരൻ തമ്പിയുടെ തൂലികത്തുമ്പിൽ പിറന്നു വീണത്. ചലച്ചിത്രങ്ങൾക്ക് മാത്രമല്ല ടെലിവിഷൻ പരമ്പരകൾക്കും സംഗീത ആൽബങ്ങൾക്കും ശ്രീകുമാരൻ തമ്പി ഗാനങ്ങൾ എഴുതിയിട്ടുണ്ട്. മുപ്പത് സിനിമകൾ സംവിധാനം ചെയ്‌ത അദ്ദേഹം എഴുപത്തെട്ട് സിനിമകൾക്കായി തിരക്കഥയും എഴുതിയിട്ടുണ്ട്. ഒപ്പം ഇരുപത്തിരണ്ട് സിനിമകളും ആറ് ടെലിവിഷൻ പരമ്പരകളും നിർമ്മിച്ചു. നാല് കവിതാസമാഹരങ്ങളാണ് ശ്രീകുമാരൻ തമ്പിയുടെ പേരിലായി പ്രസിദ്ധീകരിച്ചിട്ടുള്ളത്. രണ്ടു നോവലുകളും അദ്ദേഹം രചിച്ചിട്ടുണ്ട്.

ശ്രീകുമാരൻ തമ്പിയുടെ ചില ഗാനങ്ങളിതാ:

ഹൃദയം കൊണ്ടെഴുതുന്ന കവിത… (അക്ഷരത്തെറ്റ്), മലയാളിപ്പെണ്ണേ നിന്‍റെ മനസ്… (ബന്ധുക്കൾ ശത്രുക്കൾ), ഈശ്വരനൊരിക്കൽ വിരുന്നിനു പോയി… (ലങ്കാദഹനം), ആ നിമിഷത്തിന്‍റെ നിർവൃതിയിൽ… (ചന്ദ്രകാന്തം), കസ്‌തൂരി മണക്കുന്നല്ലോ കാറ്റേ… (പിക്‌നിക്), ഹൃദയവാഹിനീ ഒഴുകുന്നു നീ… (ചന്ദ്രകാന്തം) അയല പൊരിച്ചതുണ്ടു കരിമീൻ… (വേനലിൽ ഒരു മഴ), പാടാത്തവീണയും പാടും… (റസ്റ്റ് ഹൗസ്), ചിരിക്കുമ്പോൾ കൂടെ… (കടല്‍), ഒന്നാം രാഗം പാടി… (തൂവാനത്തുമ്പികൾ), ഉണരുമീ ഗാനം… (മൂന്നാം പക്കം), ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം… (ഭാര്യമാർ സൂക്ഷിക്കുക), അകലെ അകലെ നീലാകാശം… (മിടുമിടുക്കി), ചന്ദ്രബിംബം നെഞ്ചിലേറ്റും… (പുള്ളിമാന്‍), ഹൃദയസര സിലെ പ്രണയപുഷ്‌പമേ… (പാടുന്ന പുഴ).

വൈക്കത്തഷ്‌ടമി നാളിൽ… (ഭാര്യമാർ സൂക്ഷിക്കുക) തൈപ്പൂയ കാവടിയാട്ടം… (കണ്ണൂർ ഡീലക്‌സ്) ഉത്തരാസ്വയംവരം കഥകളി… (ഡേഞ്ചർ ബിസ്‌കറ്റ്), സന്ധ്യയ്‌ക്കെന്തിന് സിന്ദൂരം… (മായ) പൊൻവെയിൽ മണിക്കച്ച…‌ (നൃത്തശാല), ആറാട്ടിനാനകൾ എഴുന്നള്ളി… (ശാസ്‌ത്രം ജയിച്ചു മനുഷ്യൻ തോറ്റു), രാക്കുയിലിൻ രാജസദസിൽ… (കാലചക്രം), ഹൃദയേശ്വരി നിന്‍ നെടുവീർപ്പില്‍… (പഞ്ചാമൃതം), മംഗളം നേരുന്നു… (ഹൃദയം ഒരു ക്ഷേത്രം), സുഖമൊരു ബിന്ദു… (ഇതു മനുഷ്യനോ) നന്ത്യാർവട്ട പൂ ചിരിച്ചു… (പൂന്തേനരുവി), വാൽക്കണ്ണെഴുതി വനപുഷ്‌പം ചൂടി… (പിക്‌നിക്) ചെട്ടികുളങ്ങര ഭരണി നാളിൽ… (സിന്ധു) തിരുവോണപ്പുലരിതന്‍… (തിരുവോണം), പൂവിളി പൂവിളി പൊന്നോ ണമായി… (വിഷുക്കണി) മലർക്കൊടി പോലേ… (വിഷുക്കണി), കൂത്തമ്പലത്തിൽ വെച്ചോ… (അപ്പു), ഇന്നുമെന്‍റെ കണ്ണുനീരിൽ… (യുവജനോൽസവം). ഇനിയുമുണ്ട് എണ്ണമറ്റ ‘തമ്പി ഗീതങ്ങൾ’, മലയാളികൾ അന്നുമിന്നും ഒരുപോലെ ഹൃദയത്തിലേറ്റിയ മനോഹര ഗാനങ്ങൾ.


Read Previous

മാര്‍ട്ടിന്‍ കേരളത്തില്‍ വിറ്റത് 4752 കോടിയുടെ ലോട്ടറി, സിക്കിം സര്‍ക്കാരിനു കിട്ടിയത് 142.93 കോടി!; വന്‍ കുംഭകോണത്തിന്റെ കഥ

Read Next

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് 17ന് സമാപനം, എം.കെ സ്‌റ്റാലിൻ, അഖിലേഷ് യാദവ്, തേജസ്വി യാദവ് അടക്കം ഇന്ത്യാ സംഖ്യം നേതാക്കള്‍ പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular